2012-09-25 15:41:32

വിജാതീയരുടെ അങ്കണം അസീസിയില്‍


25 സെപ്തംബര്‍ 2012, റോം
ഈശ്വര വിശ്വാസമില്ലാത്തവരോട് ക്രിയാത്മക സംവാദം നടത്തുന്നതിനായി സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ “വിജാതീയരുടെ അങ്കണം” എന്ന സംവാദ വേദിയുടെ അടുത്ത സമ്മേളനം അസ്സീസി പട്ടണത്തില്‍ നടക്കും. ‘അപരിചിതനായ ദൈവം’ എന്ന പ്രമേയം കേന്ദ്രമാക്കി നടക്കുന്ന സമ്മേളനം ഒക്ടോബര്‍ 5,6 തിയതികളിലാണ് സമാധാന ദൂതനായ വി.ഫ്രാന്‍സീസ് അസ്സീസിയുടെ നാട്ടില്‍ അരങ്ങേറുന്നത്.
സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസിയെ കൂടാതെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതനേതാക്കള്‍, കലാകാരന്‍മാര്‍, പണ്ഡിതര്‍, ചിന്തകര്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ എന്നിവരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.
വിജാതീയരുടെ അങ്കണത്തിന്‍റെ കഴിഞ്ഞ സമ്മേളനം സെപ്തംബര്‍ 13, 14 തിയതികളില്‍ ലൂഥറന്‍ ചിന്താധാരയുടെ ശക്തമായ സ്വാധീനമുള്ള സ്വീഡനിലെ സ്റ്റോക്ഹോമിലാണ് നടന്നത്.
All the contents on this site are copyrighted ©.