2012-09-24 16:23:46

വിവാദ സിനിമയ്ക്കെതിരേ പ്രക്ഷോഭം: പാക്കിസ്ഥാനില്‍ ദേവാലയം അഗ്നിക്കിരയാക്കി


24 സെപ്തംബര്‍ 2012, ഇസ്ലാമാബാദ്
മുഹമ്മദ് നബിയെ അവഹേളിക്കുന്ന ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമയ്ക്കെതിരേ പാക്കിസ്ഥാനില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ ഒരു ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കി. മര്‍ദാന്‍ നഗരത്തിലെ സെന്‍റ് പോള്‍സ് ലൂഥറന്‍ ദേവാലയമാണ് അഗ്നിക്കിരയായത്. ദേവലായത്തിനു സമീപമുള്ള വിദ്യാലയത്തിനും വൈദിക ഭവനത്തിനും പ്രക്ഷോഭകര്‍ തീവെച്ചു. 2010ല്‍ രണ്ടു തവണ ഈ ദേവാലയത്തിനു നേരെ ആക്രമണം നടന്നിരുവെന്ന് ബിഷപ്പ് പീറ്റര്‍ മജീദ് വെളിപ്പെടുത്തി. പ്രാദേശിക ഭരണകൂടം സഭയ്ക്കും സഭാസ്വത്തുക്കള്‍ക്കും സംരക്ഷണം ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് ലൂഥറന്‍ സഭയുടെ വക്താവ് ബിന്യാമിന്‍ ബാര്‍ക്കട്ട് പ്രസ്താവിച്ചു.

പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ആക്രമണത്തെ അപലിച്ചു. പൊതുമുതലിനും സ്വകാര്യ സ്വത്തുക്കള്‍ക്കും, പ്രത്യേകിച്ച് അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നത് ഇസ്ലാമിനു നിരക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.