2012-09-24 16:22:52

ദൈവവചനം ലോകത്തില്‍ വിതയ്ക്കുകയെന്നത് ഓരോ ക്രൈസ്തവന്‍റെയും ധര്‍മ്മം : ആര്‍ച്ചുബിഷപ്പ് ഫിസിക്കേല


24 സെപ്തംബര്‍ 2012, റോം
ദൈവവചനമാകുന്ന വിത്ത് ലോകത്തില്‍ വിതയ്ക്കാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല. ഇറ്റലിയിലെ അല്‍മായ കത്തോലിക്കാ പ്രവര്‍ത്തന സമിതിയുടെ (Catholic Action) ദേശീയ സമ്മേളനത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്തുവിനെ പിന്തുടര്‍ന്ന് ദൈവവചനം ലോകത്തില്‍ വിതയ്ക്കാന്‍ വിളിക്കപ്പെട്ടവരാണ് എല്ലാ ക്രൈസ്തവരും. താന്‍ വിതയ്ക്കുന്ന വിത്തും അത് വിതയ്ക്കപ്പെടുന്ന നിലവും നന്നായി മനസിലാക്കുന്ന നല്ല വിതക്കാരായിരിക്കണം നാമോരൊരുത്തരുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഉത്ബോധിപ്പിച്ചു. ദൈവ വചനവുമായുള്ള നിരന്തര ബന്ധവും നമ്മില്‍ നിന്ന് വചന സന്ദേശം സ്വീകരിക്കുന്ന സഹോദരരെക്കുറിച്ചുള്ള അറിവും സുവിശേഷ പ്രഘോഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.









All the contents on this site are copyrighted ©.