2012-09-24 16:22:59

ദൈവത്തെ മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതാണ് നവസുവിശേഷവത്കരണം : ക൪ദ്ദിനാള്‍ ഗ്രേഷ്യസ്


24 സെപ്തംബര്‍ 2012, മുംബൈ
ദൈവത്തെ മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതാണ് നവസുവിശേഷവത്കരണമെന്ന്, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അധ്യക്ഷന്‍ ക൪ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡ് സമ്മേളനത്തിലൂടെ ധാരാളം പഠിക്കാനും സമ്മേളനത്തില്‍ മികച്ച സംഭാവനകള്‍ നല്‍കാനും, ഇന്ത്യയിലേയും ഏഷ്യയിലേയും സഭയ്ക്കു സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
2012 ഒക്ടോബ൪ 7 മുതല് 28 വരെ വരെ റോമില്‍ നടക്കാന്‍ പോകുന്ന മെത്രാന്‍മാരുടെ സിനഡിന്‍റെ 13 ാമത് സാധാരണ പൊതു സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് ക൪ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്. ‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രചരണത്തിന്’ എന്നതാണ് സിനഡിന്റെ പ്രമേയം.

മനുഷ്യചരിത്രം ഇതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പുതിയ വെല്ലുവിളികളും അവസരങ്ങളും ഏഷ്യന്‍ സമൂഹങ്ങളില്‍ ഇന്നുണ്ടെന്ന് ക൪ദ്ദിനാള് ഗ്ര്യേഷ്യസ് അഭിപ്രായപ്പെട്ടു. ഏഷ്യയിലെ യുവസമൂഹങ്ങള്‍ എങ്ങനെയാണ് പുതിയ ഉപസംസ്കാരങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും, രാഷ്ട്രീയവും, സാമ്പത്തികവും, പാരിസ്ഥിതികവുമായ വെല്ലുവിളികളെ അവ൪ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും, പാരമ്പര്യങ്ങളോടും, പഴയ തലമുറകളോടും, നൂതനമായ ആഗോള പ്രതിഭാസങ്ങളോടും, അവ൪ എങ്ങനെയാണ് ബന്ധപ്പെടുന്നതെന്നും നാം പഠിക്കേണ്ടതായിട്ടുണ്ട്.

നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള ഈ സിനഡ് പ്രവാചികമാണ്. ഏഷ്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ഇതൊരു സമ്മാനവും, സുവിശേഷം പ്രഘോഷിക്കുന്നതിലും, വിശ്വാസം ഉജ്ജ്വലിപ്പിക്കുന്നതിലും ഒരു സുപ്രധാന നിമിഷവുമാണ്. അല്മായ൪ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നവസുവിശേഷവത്കരണത്തില്‍ വളരെ പ്രധാനമായ ഒരു പങ്ക് വഹിക്കാനുണ്ടെന്നും ക൪ദ്ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. കാരണം ഏഷ്യയിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ വിശ്വാസസമൂഹത്തിന്‍റെ കേന്ദ്രം തന്നെ അവരാണ്. രണ്ടാം വത്തിക്കാ൯ കൗണ്സിലിന്റെ അരൂപി ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ അത്മായ സഹകരണമുള്ള ഒരു പ്രവ൪ത്തനശൈലി സഭയില്‍ സംജാതമാകേണ്ടതുണ്ടെന്നും ക൪ദ്ദിനാള്‍ പറഞ്ഞു.









All the contents on this site are copyrighted ©.