2012-09-22 12:44:18

ഉത്ക്കണ്ഠയല്ല, കരുതല്‍വേണം
23 സെപ്റ്റംമ്പര്‍, മലങ്കര റീത്ത്


RealAudioMP3 വി, ലൂക്കാ 12, 22-34, സ്ലീബാ നാലാം ഞായര്‍
“എന്തു ഭക്ഷിക്കും എന്തു കുടിക്കും എന്നോര്‍ത്തു നിങ്ങള്‍ ആകുലപ്പെടേണ്ട…”

പകര്‍ച്ചവ്യാധി പിടിപ്പെട്ട ദേശത്ത് നൂറുപേരുടെ ആയുസ്സ് എടുക്കാനായി മരണദൂതന്‍ ദൈവത്താല്‍ നിയമിതനായി. എന്നാല്‍ ദൂതന്‍ ദൈവസന്നിധിയില്‍ തിരിച്ചെത്തിയത് ആയിരം ആത്മാക്കളെയുമായിട്ടാണ്. അപ്പോള്‍ ദൈവം ദൂതനോടു കലഹിച്ചു.
“ഞാന്‍ നൂറുപേരുടെ ജീവനെടുക്കാനല്ലേ ആവശ്യപ്പെട്ടത്. പിന്നെന്തിന് ആയിരംപേര്‍ ?”
“സംഭവിച്ചത് അതല്ല. നൂറുപേരുടെ മരണം അറിഞ്ഞ് തൊള്ളായിരം പേര്‍ പേടിച്ചു മരിച്ചതാണ്,” മരണദൂതന്‍ ദൈവത്തെ വിവരം അറിയിച്ചു.
അതോടെ സ്വര്‍ഗ്ഗത്തിലെ കലഹം അവസാനിച്ചെന്നാണ് പേര്‍ഷ്യന്‍ കഥ പറയുന്നത്.

ആകുലതകളുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ജീവന്‍റെ സമൃദ്ധിയെ വല്ലാതെ ദുര്‍ബലമാക്കുന്ന ആകുലതകളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗത്ത് ക്രിസ്തു പറഞ്ഞുതരുന്നതിന്‍റെ യുക്തിയും ലാവണ്യവും നല്ലൊരു ധ്യാനവിചാരമാണ്. ആകുലതകള്‍കൊണ്ട് ആരും ആയുസ്സിന്‍റെ ഒരു മുഴംപോലും വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ക്രിസ്തു അനുസ്മരിപ്പിക്കുന്നു. ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നില്ലെന്നു മാത്രമല്ല, ആകുലതകൊണ്ട് അത് കുറഞ്ഞുകിട്ടുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ബസ്സ് വരാന്‍ വൈകുന്നു എന്ന് യാത്രക്കാര്‍ ഒരുമിച്ചിരുന്ന് ആകുലപ്പെട്ടതുകൊണ്ട് അതൊരിക്കലെങ്കിലും നേരത്തെ വരുന്നത് നമ്മള്‍ കണ്ടിട്ടില്ലല്ലോ.

1. ആകുലതയുടെ അര്‍ത്ഥശൂന്യത മനസ്സിലാക്കാനുള്ള ആദ്യ ചുവട് അനുദിന ജീവിതത്തില്‍ പ്രഞ്ചത്തെ നിരീക്ഷിക്കുകയാണ്. വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഈ ലോകത്ത് പാടിപ്പറക്കുന്ന വയല്‍ക്കിളികളൊന്നും ഇന്നോളം പട്ടിണി കിടന്നിട്ടില്ല, എന്നോര്‍ക്കണം.
ഈ ലോകത്ത് ഒരു ജീവജാലവും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ കാര്യങ്ങളെ സരളമായി കരുതുന്നു എന്നും വിചാരിക്കേണ്ട. മനുഷ്യന്‍റെ ആസുരത അല്ലെങ്കില്‍ ദുഷ്ടത തൊടാത്ത ഇടങ്ങളിലൊക്കെ ഇപ്പോഴും പ്രപഞ്ചവും ജീവജാലങ്ങളും സമൃദ്ധിയില്‍ ജീവിക്കുന്നു.
വേട്ടയ്ക്കുപോയ കുറേപ്പേരെ അത്ഭുതപ്പെടുത്തിയ കാര്യമാണ് – ഉള്‍വനത്തില്‍ വല്ലാതെ മുറിവേറ്റു കിടക്കുന്ന കുറുനറി. ഇരതേടാന്‍ ആവതില്ലാത്തവന്‍ എന്തു ചെയ്യും? കാട്ടിലെ പച്ചയ്ക്ക് വളമാകാനല്ലാതെ മറ്റെന്തു ചെയ്യാന്‍? എന്നിട്ടും അങ്ങനെയല്ല സംഭവിച്ചത്. മാസങ്ങള്‍ക്കുശേഷവും വേട്ടക്കാര്‍ വീണ്ടും അവിടെ എത്തുമ്പോള്‍ കുറുനരി മരിച്ചിട്ടില്ല. തെല്ലു നിരീക്ഷിച്ചപ്പോള്‍ കണ്ടു, ഒരു സിംഹം തനിക്കായി കണ്ടെത്തിയ ഇരയില്‍നിന്നും ഒരു ഇറച്ചിത്തുണ്ട് മുറിവേറ്റ കുറുനരിക്കു കൊടുത്തിട്ടാണ് കടന്നു പോകുന്നത്.

പ്രവാചകന്മാര്‍ അത് നന്നായി അനുഭവിച്ചിട്ടുണ്ടാവും. തിര്യാക്കുകള്‍ക്ക് സഹജബോധത്തോടെ ജീവിക്കാന്‍ മനുഷ്യരെക്കാള്‍ കഴിയുന്നതുകൊണ്ടാണത്. അത്തരം നിമിഷങ്ങളില്‍ പ്രവാചകന് കാക്കപോലും ചിലപ്പോള്‍ അപ്പം കൊടുത്തേക്കും. കാക്കയുടെ സ്വഭാവത്തിനും ശൈലിക്കും നിരക്കാത്തൊരു അനുഭാവമാണിതെന്ന് നമുക്കറിയാം (1 രാജാക്കന്മാര്‍ 19). അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടുതീരാന്‍ കാത്തിരിക്കുകയാണല്ലോ സാധാരണമായി കാക്ക, അതു റാഞ്ചിയെടുക്കാന്‍.

വയലില്‍നിന്നും കൊയ്തു കേറുമ്പോള്‍ താഴെ വീണതും മറന്നുപോയതുമായ കറ്റകള്‍ തിരകെ ഇറങ്ങി ആരും എടുക്കരുതെന്നും, ഒലിവു പഴങ്ങള്‍ കുലുക്കിയിടുമ്പോള്‍ ശിഖരങ്ങളില്‍ അവശേഷിക്കുന്ന പഴങ്ങള്‍ പറിച്ചെടുക്കരുതെന്നും ബൈബിള്‍ പഠിപ്പിക്കുന്നു. അതുപോലെ മുന്തിരിപ്പഴം ശേഖരിക്കുമ്പോഴും നിലത്തു വീണത് പെറുക്കി എടുക്കരുതെന്നും, അത് പരദേശികള്‍ക്കും അനാഥര്‍ക്കുമായി മാറ്റിവയ്ക്കണമെന്നും ബൈബിള്‍ നിഷ്ക്കര്‍ഷിക്കുന്നത് ആരും സമൂഹത്തില്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ്.

2. ദൈവത്തിന്‍റെ സ്നേഹവും പരിപാലനയും ധ്യാനിക്കുമ്പോള്‍, ജീവന്‍റെ ഔദാര്യത്തിലേയ്ക്ക് മിഴിപാളിക്കാനുള്ള ക്ഷണമാണ് അടുത്തത്.
എത്ര സമൃദ്ധിയിലാണ് ദൈവം ഈ പ്രപഞ്ചത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ പുലരിയില്‍ വിരിയുകയും അന്തിയില്‍ കൊഴിയുകയും നാളെ തീയില്‍ എറിയപ്പെടുകയും ചെയ്യുന്ന വയല്‍പ്പൂക്കളെപ്പോലും എത്രയോ സമൃദ്ധമായി അണിയിച്ചൊരുക്കിയ കരങ്ങളാണ് ദൈവത്തിന്‍റേത്. ഉടയാഭരണങ്ങളില്‍, ആടയാഭരണങ്ങളില്‍ അഭിരമിക്കാന്‍ മനസ്സുള്ള സോളമന്‍ പോലും തന്‍റെ സര്‍വ്വമഹത്വത്തിലും
ഈ ചെറുപൂക്കളോളം അലംകൃതമായിട്ടില്ല, എന്നൊക്കെ പറയുമ്പോള്‍ അത് പത്തരമാറ്റുള്ള കവിതയായി മാറുന്നു. പുല്‍നാമ്പുകളില്‍ ചിലവയെ പൂക്കളോടെ അണിയിച്ചൊരുക്കുന്നവന്‍ സൃഷ്ടിയുടെ ക്രമസംവിധാനത്തില്‍ ദൈവതൂതരോട് ചേര്‍ന്നുനില്ക്കുന്ന മനുഷ്യരെ എത്രമാത്രം അലങ്കരിക്കുന്നില്ല. ഞാന്‍ വിചാരിക്കുന്നു, ഔദാര്യ പൂര്‍ണ്ണിമയിലേ ദൈവം ഈ പ്രപഞ്ചത്തോട് വര്‍ത്തിക്കുകയുള്ളൂ.

3. ആകുലത അനാത്മികമാണെന്ന് ക്രിസ്തു അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നുണ്ട്. വിജാതീയരാണ് ഇങ്ങനെയൊക്കെ ആകുലപ്പെടുന്നത്. ആരാണീ വജാതീയര്‍? നിശ്ചയമായും അന്യമതസ്ഥരല്ല. ദൈവത്തെ പിതാവായി കാണാന്‍ പ്രകാശം കിട്ടാത്തവരാണ് വിജാതിയര്‍.
ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുത് എന്നാണ് ക്രിസതു പഠിപ്പിച്ചത്. ഈ ജീവിതത്തിന്‍റെ ബന്ധങ്ങളെയോ ക്രമങ്ങളെയോ തെറ്റിക്കാനല്ല, മറിച്ച് ശിരസ്സിനു മീതെയുള്ള പിതാവിനെ, സ്വര്‍ഗ്ഗീയ പിതാവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ്. ദൈവമാണ് തന്‍റെ പിതാവെന്ന് പന്ത്രണ്ടാം വയസ്സില്‍ അമ്മ മറിയത്തോട് പറഞ്ഞുകൊടുത്ത ബാലനാണ് ക്രിസ്തു.

ഇതാ മറ്റൊരാള്‍. ശാഠ്യക്കാരനായ തന്‍റെ പിതാവ് തിരികെ ചോദിച്ചതെല്ലാം, സ്നേഹപൂര്‍വ്വം ഊരിക്കൊടുത്തിട്ട് ഒടുവില്‍ ഉടുത്തിരുന്ന അങ്കിപോലും അഴിച്ചുവച്ച്, നഗ്നനായി, ഇനി എനിക്ക് ഒരേയൊരു പിതാവേയുള്ളൂ – എന്നു മന്ത്രിച്ച് ആകാശങ്ങളിലേയ്ക്ക് മിഴി ഉയര്‍ത്തി നില്‍ക്കുന്ന അസ്സീസിയിലെ ഫ്രാന്‍‍സ്സിസിനെ ഓര്‍ക്കുന്നില്ലേ! ദൈവം പിതാവാണെന്ന പ്രകാശം കിട്ടിയവര്‍ എന്തിനെയോര്‍ത്ത് ഭാരപ്പെടാന്‍. നമ്മളുടെ ശാഠ്യം ഇല്ലാതെതന്നെ, ആവശ്യമെന്തെന്ന് അറിയുകയും, അസാധാരണമായ കരുതലോടെ അതുറപ്പാക്കുകയും ചെയ്യുന്ന പിതാവിനെ പരിചയപ്പെടുത്തുകയായിരുന്നു ക്രിസ്തുവിന്‍റെ ക്രമം.

ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ടുവേണം ആകുലത എന്ന അപകടകാരിയായ ശത്രുവിനെ പ്രതിരോധിക്കേണ്ടത് എന്ന വാക്കാണ് ഈ ചിന്തകളിലെ മര്‍മ്മം. ഒരു തീവണ്ടിയുടെ ബോഗികള്‍ തിരയുകയല്ല വേണ്ടത് – എന്‍ജിന്‍ കണ്ടെത്തുകയാണ് സാരം. ബാക്കിയുള്ള തൊക്കെ അതിനോട് ചേര്‍ത്തുവയ്ക്കാവുന്നതേയുള്ളൂ. ഒന്നും നിഷേധിക്കപ്പെടുന്നില്ല- തൊഴിലോ, സുരക്ഷിതത്വമോ, മനഃസുഖമോ, ഗാര്‍ഹിക സ്വസ്ഥതയോ ഒന്നുംതന്നെ. ദൈവത്തിന്‍റെ ഹിതമനുസരിച്ച് അവയെല്ലാം ക്രമപ്പെടുന്ന സ്വകാര്യ ജീവിതമാണ് ദൈവരാജ്യം.

4. ഒടുവിലായി, ആകുലതയെ മറികടക്കാന്‍ ജീവിതത്തെ ഓരോ ചെറുഘട്ടങ്ങളായി, അല്ലെങ്കില്‍ യൂണിറ്റുകളായെടുക്കുവാന്‍ മനസ്സിനെ പഠിപ്പിക്കണം. നാളേയ്ക്ക് നാളെയുടേതായ സമ്മര്‍ദ്ദങ്ങളുണ്ട്. അത് ഇന്നിന്‍റെ ഹൃദയത്തിലേയ്ക്ക് ഏറ്റെടുക്കുന്നതുവഴി ഈ നിമിഷം ജീവിക്കുവാന്‍ നമുക്ക് ബലമില്ലാതെ പോകുന്നു. ഈ നിമിഷമാണ് പ്രധാനം. തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവനെ കാണാന്‍ മരണത്തിന്‍റെ തലേന്ന് ഗുരു തടവറയിലെത്തി. ‘എനിക്കുറങ്ങാനാവില്ല, ഗുരോ,’ ഭൃത്യന്‍ തേങ്ങി. ‘ഇന്ന് ഉറങ്ങിയേ തീരൂ. നാളെ എന്ന ഒന്നില്ല. ഇപ്പോള്‍ ഈ നിമിഷം മാത്രം. വാര്‍ത്തമാനത്തിലായിരിക്കുകയാണ് പ്രധാനം. നാളെയുടെ ആകുലതകളെ നാളേയക്ക് വിട്ടുകൊടുക്കുക.’

ദൈവം ഈ പ്രപഞ്ചം കൊണ്ട് പകിട കളിക്കുന്നില്ല, അഥവാ ഇവിടെ ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല, എന്നര്‍ത്ഥം. എല്ലാം ദൈവത്തിന്‍റെ പരിപാലനയാണ്. ഈ ദൈവിക പരിപാലനയില്‍ വിശ്വസിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ക്രിസ്തു നമ്മെ ഇന്നു പഠിപ്പിക്കുന്നത്.

ജീവിതത്തില്‍ കരുതലൊന്നും വേണ്ട, എന്നല്ല യേശു പഠിപ്പിച്ചത്, മറിച്ച് ഉത്ക്കണ്ഠവേണ്ട എന്നാണ്. കരുതലും കണക്കുകൂട്ടലുമില്ലാതെ ഒരു കാര്യത്തിനും ഇറങ്ങി തിരിക്കരുതെന്ന് ക്രിസ്തു പഠിപ്പിക്കുന്നുമുണ്ട്. ലൂക്കാ 14, 28. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന്! ചിന്തിക്കേണ്ടതുണ്ട്. അതിന്‍റെ ചെലവ് ആദ്യമേതന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്, എന്നല്ലേ യേശു ചോദിച്ചത്?

കൃത്യമായ കരുതലും കാക്കലുമുണ്ടെങ്കില്‍ ഉത്ക്കണ്ഠയ്ക്കു ജീവിതത്തില്‍ സ്ഥാനമുണ്ടാകില്ല. കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവനോ അവള്‍ക്കോവേണ്ടി കരുതാന്‍ തുടങ്ങിയാല്‍ ശിശു വലുതാകുമ്പോള്‍ ആകുലതകള്‍ കുറവായിരിക്കില്ലേ? നാളെയ്ക്കുള്ള കരുതലുകള്‍ ഇല്ലാത്തതാണ് ഉത്കണ്ഠ വരുത്തിവയ്ക്കുന്നത്. 300 രൂപ ദിവസം പണിയെടുത്തു കിട്ടുന്നു. 300 രൂപയ്ക്കും മദ്യപിച്ച്, പിന്നെ 50 രൂപാ കടവും വരുത്തി വയ്ക്കുന്നവനെ ദരിദ്രനെന്നു വിളിക്കണോ? അവന്‍ ജീവിതത്തില്‍ കരുതലില്ലാത്തവനാണ്.
അമിതമായ ഉത്കണ്ഠയാണ് പല രോഗങ്ങള്‍ക്കും കാരണമെന്ന് വൈദ്യശാസ്ത്രം തെളിയിക്കുന്നു. ഉത്ക്കണ്ഠ മുറുകി രോഗികളും ദുഃഖിതരുമാകുന്നവര്‍ എത്രയോ പേരാണ്? ജീവിക്കുന്ന ദിനങ്ങളില്‍ സ്വാതന്ത്ര്യവും സന്തോഷവും ഉള്ളവരായിരിക്കാന്‍ ദൈവം ആവശ്യപ്പെടുന്നു.

വനപുഷ്പങ്ങളും ലില്ലിപ്പൂക്കളും ഒരു ദിവസത്തേയ്ക്ക് മാത്രമേ ജീവിക്കുന്നുള്ളൂ. പക്ഷേ, അവ ആ ദിനത്തില്‍ സ്വാതന്ത്യത്തിന്‍റെയും ആനന്ദത്തിന്‍റെയും അനന്തതയില്‍ ചെലവിടുന്നു, ജീവിക്കുന്നു.









All the contents on this site are copyrighted ©.