2012-09-21 09:44:21

നവസുവിശേഷവത്ക്കരണം
നവയുഗത്തിന്‍റെ പെന്തക്കൂസ്താ


20 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും സുവിശേഷം ഇനിയും എത്തിക്കേണ്ടതുണ്ടെന്ന് ബനഡിക്ട്‍ 16-ാമന്‍ പാപ്പ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. ലോകത്തിലെ വിവിധ രൂപതകളുടെ അദ്ധ്യക്ഷന്മാരായി കഴിഞ്ഞൊരു വര്‍ഷത്തില്‍ നിയമിതരായ മെത്രാന്മാരുടെ റോമില്‍ ചേര്‍ന്നിരിക്കുന്ന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. വിശ്വാസം സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും അതിലുള്ള ഐക്യം നിലനിര്‍ത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം പ്രഥമവും പ്രധാനവുമായി പത്രോസിന്‍റെ പരമാധികാരത്തിലും അപ്പസ്തോലിക കൂട്ടായ്മയിലും പങ്കുചേരുന്ന മെത്രാന്മാരുടേതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിച്ച ആധുനിക സഭയുടെ ‘പെന്തക്കൂസ്താ’തന്നെയാണ് നവസുവിശേഷവത്ക്കരണമെന്ന് സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവരിലൂടെയും സുവിശേഷം സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലും എത്തിക്കാന്‍ അവരെ ശാക്തീകരിക്കേണ്ടത് മെത്രാന്മാരുടെ കടമയാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ക്രിസ്തുവുമായുള്ള വ്യക്തിഗത ബന്ധത്തിലൂടെ വിശ്വാസത്തെ ദൃഢപ്പെടുത്തേണ്ട നവയുഗത്തിന്‍റെ വെല്ലുവിളി എല്ലാ മെത്രാന്മാരും ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊള്ളേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമാണെന്നും പാപ്പാ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.