2012-09-19 19:48:35

ലെബനോണ്‍ - സ്നേഹ സാക്ഷൃമായ
ചെറിയ അജഗണം


19 സെപ്റ്റംമ്പര്‍ 2012, റോം
മദ്ധ്യപൂര്‍വ്വദേശത്തെ കത്തോലിക്കരുടെ ഊര്‍ജ്ജസ്വലത വെളിപ്പെടുത്തിയ സന്ദര്‍ഭമായിരുന്നു പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനമെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍,
കര്‍ദ്ദിനാള്‍ ലിയൊനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശത്തില്‍ കൂടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍ സാന്ദ്രി സെപ്റ്റംമ്പര്‍ 18-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഇപ്രകാരമാണ് പ്രസ്താവിച്ചത്.

ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളുടെയും ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെയും സമൂഹത്തില്‍ വിശ്വാസ ദാര്‍ഢ്യമുള്ളതും ദൈവസ്നേഹത്തിന്‍റെ സാക്ഷികളുമായ ‘ചെറിയ അജഗണ’മാണ് ലെബനോണിലെ കത്തോലിക്കാ സഭയെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി സാക്ഷൃപ്പെടുത്തി. സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനമായ ശനിയാഴ്ച, പാപ്പായെ കാണുവാനും ശ്രവിക്കുവാനുമായി ബെര്‍ക്കെയില്‍ സമ്മേളിച്ച ആയിരക്കണക്കിന് യുവജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും അമ്പരപ്പിക്കുന്ന വിധത്തില്‍ ക്രിയാത്മകവും സജീവുമായിരുന്നുവെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി വ്യക്തമാക്കി. മദ്ധ്യപൂര്‍വ്വ ദേശത്തെ പ്രസരിപ്പുള്ള സഭയുടെ പ്രതീകമായിരുന്നു ഗംഭീരമായി സംവിധാനം ചെയ്തതും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയയവുമായ പാപ്പായുടെ ലെബനോണിലെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി ചൂണ്ടിക്കാട്ടി.

ജീവന്‍റെയും മനുഷ്യാന്തസ്സിന്‍റെയും മൂല്യങ്ങള്‍ ആദരിക്കുന്ന ഇതര മതങ്ങളോടും ചേര്‍ന്നുനിന്നുകൊണ്ട് ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ പിന്‍തുണച്ചില്ലെങ്കില്‍ മദ്ധ്യപൂര്‍വ്വദേശത്തുനിന്നും കത്തോലിക്കര്‍ തിരോധാനം ചെയ്യപ്പെടാനും പുറന്തള്ളപ്പെടാനും ഇടയുണ്ടെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി അഭിമുഖത്തില്‍ വ്യക്തമാക്കി. പാപ്പായുടെ മദ്ധ്യപൂര്‍വ്വ ദേശത്തേയ്ക്കുള്ള സന്ദര്‍ശനം പ്രവാചക സമാനമായിരുന്നെന്നും, കാലാപങ്ങള്‍ക്കിടയിലും പതറാതെ പറന്നെത്തിയ പാപ്പായുടെ സാന്നിദ്ധ്യം ഹൃദയ സ്പര്‍ശിയായിരുന്നുവെന്നും കര്‍ദ്ദിനാള്‍ സന്ദ്രി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
All the contents on this site are copyrighted ©.