2012-09-18 14:08:28

മോശ മേദിയാന്‍ വിട്ട് ഈജിപ്തിലേയ്ക്ക് (8)
അഹറോന്‍ സഹായത്തിന്


RealAudioMP3
ഈജിപ്തുവിട്ട് ഓടിപ്പോയ മോശ മേദിയാനിലെ മരുപ്പച്ചിയില്‍ അഭയം തേടി. സമ്പന്നനായ ജെത്രോയുടെ മൂത്തപുത്രിയെ വിവാഹം കഴിച്ച് അയാള്‍ അവിടെ സുഖമായി പാര്‍ക്കുകയായിരുന്നു. മോശ മിക്കവാറും തന്‍റെ ജനത്തെ മറന്നതുപോലെയായിരുന്നു. എന്നാല്‍ ദൈവം മോശയെ വിളിക്കുന്നു, തന്‍റെ ജനത്തെ മോചിപ്പിക്കുവാനുള്ള ദൗത്യം ഏല്പിക്കുന്നു. പൂര്‍വ്വപിതാക്കന്മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും ചെയ്ത വാഗ്ദാനവും ദൈവം പാലിക്കുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ രോദനം ദൈവം ശ്രവിക്കുന്നു. ഫറവോയുടെ ബന്ധനത്തില്‍നിന്നും ഇസ്രായേല്‍ ജനത്തെ മോചിക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു ദൈവം മോശയെ ഭരമേല്പിച്ചത്. അത് അത്ര എളുപ്പായിരുന്നില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് അതില്‍നിന്നും പിന്മാറാന്‍ പരിശ്രമിച്ചതും.

ദൈവത്തില്‍നിന്നും ഒളിച്ചോടുക അസാദ്ധ്യമാണ്. പല ന്യായങ്ങളും മോശ ദൈവത്തോടു പറഞ്ഞു നോക്കി. അവയ്ക്കോരോന്നിനും ദൈവം തക്ക മറുപടി നല്കി. മാത്രമല്ല, ദൗത്യനിര്‍വ്വഹണത്തിനായി ദൈവം മോശയെ തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അയാള്‍ അവസാനം ദൈവത്തിന്‍റെ വിളി സ്വീകരിച്ചു. മേദിയാനിലെ സുന്ദരമായ മരുപ്പച്ചയോടും ജെത്രോയുടെ സ്നേഹമുള്ള കുടുംബത്തോടും യാത്രപറഞ്ഞ്, മോശ ഈജിപ്തില്‍ തിരിച്ചെത്തി ദൗത്യത്തിലേയ്ക്കു കടക്കുന്ന ഭാഗം ഈ പ്രക്ഷേപണത്തില്‍ പഠിക്കാം.

തന്‍റെ ജനത്തിനായി ഒരുക്കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ദൈവം മോശയെ അത്ഭുതശക്തികള്‍കൊണ്ട് കരുപ്പിടിപ്പിച്ചു. എന്നിട്ടും അയാള്‍ക്ക് ദൈവത്തിന്‍റെ വിളിയെക്കുറിച്ച് ബോദ്ധ്യമായില്ല. മോശ തടസ്സങ്ങള്‍ പറഞ്ഞു. “കര്‍ത്താവേ, ഞാന്‍ സംസാരശേഷി ഇല്ലാത്തവനാണ്. സംസാരിക്കാന്‍ എനിക്ക് തടസ്സമുണ്ട്. അതുകൊണ്ട് ദയവുണ്ടായി എനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ.”

മോശയുടെ മാനുഷികവും ബലഹീനവുമായ പ്രതികരണം കേട്ട് ദൈവം കോപിച്ചു.
“മോസസ്, മോസസ്, നിനക്ക് നല്ല സംസാരപാടവമുള്ള അഹറോന്‍ എന്നൊരു സഹോദരന്‍ ഇല്ലേ!
നിന്‍റെ സഹായത്തിന് അവനെ വിളിക്കുക. നിങ്ങളുടെ രണ്ടുപേരുടേയും നാവിനെ ഞാന്‍ ബലപ്പെടുത്തും. നിങ്ങള്‍ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും തക്കസമയത്ത് ഞാന്‍ പറഞ്ഞുതരും. ഭയപ്പെടേണ്ട! പോവുക, നിന്‍റെ ജനത്തെ നയിക്കുക! ഞാന്‍ നിന്‍റെ കൂടെയുണ്ട്!!
നിനക്കു പകരം അഹറോന്‍ എപ്പോഴും ജനത്തോടു സംസാരിക്കട്ടെ! അവനായിരിക്കും നിന്‍റെ വക്താവ്. നിന്‍റെ ഇടയവടി എപ്പോഴും കൈവശം വയ്ക്കുക. അതുകൊണ്ട് നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പോവുക, പുറപ്പെടുക, നിന്‍റെ ജനത്തെ മോചിപ്പിക്കുക!! നിന്നെ കൊല്ലാന്‍ കാത്തിരുന്ന ഫരവോ മരിച്ചു കഴിഞ്ഞു.”

ഹൊറേബ് മലയില്‍വച്ച് ദൈവത്തിന്‍റെ അരുളപ്പാടു ലഭിച്ച മോശ ആടുമാടുകളുമായി മേദിയാനിലെ വീട്ടില്‍ തിരികെ ചെന്നു. കുടുംബനാഥനും തന്‍റെ അമ്മായിയപ്പനുമായ ജെത്രോയോടു പറഞ്ഞു.
“ഈജിപ്തിലുള്ള എന്‍റെ സഹോദരങ്ങള്‍ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയില്ല. ഇനി അവരുടെ പക്കലേയ്ക്കു മടങ്ങിപ്പോകാന്‍‍ എന്നെ അനുവദിക്കണം. അവര്‍ കഷ്ടപ്പാടിലാണ്. ഫറവോയുടെ പീഡനങ്ങള്‍ എത്രനാളായി എന്‍റെ ജനം പീഡനങ്ങള്‍ സഹിക്കുന്നത്.”
ജത്രോ പറഞ്ഞു. “നീ സമാധാനത്തോടെ പോകൂ മോസസ്. ദൈവം ആഗ്രഹിക്കുന്നത് നീ ചെയ്യുക. പിതാക്കാന്മാരായ അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം നിന്‍റെ കൂടെയുണ്ട്. ഇവിടത്തെ കാര്യങ്ങള്‍ ഓര്‍ത്തു നീ വിഷമിക്കേണ്ട.”
ഭാര്യയേയും പുത്രന്മാരേയും കഴുതപ്പുറത്ത് കയറ്റി മോശ ഈജിപ്തിലേയ്ക്കു യാത്ര തിരിച്ചു. ദൈവം ഏല്പിച്ച ഇടയവടിയും അയാള്‍ കയ്യിലെടുത്തു. മാര്‍ഗ്ഗമദ്ധ്യേ കര്‍ത്താവു മോശയോടു സംസാരിച്ചു.
“മോസസ്, നീ ഈജിപ്തിലേയ്ക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കി തന്നിരിക്കുന്ന അത്ഭുതങ്ങള്‍ ഫറവോയുടെ സന്നിധിയില്‍ നീ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ ഫറവോയെ കഠിനചിത്തനാക്കും. അയാള്‍ ജനത്തെ വിട്ടയയ്ക്കുകയില്ല. അപ്പോള്‍ ഞാന്‍ ആജ്ഞാപിക്കുന്നതായി നീ പറയണം, ഇസ്രായേല്‍ എന്‍റെ പുത്രനാണ്, എന്‍റെ ആദ്യജാതന്‍., എന്നെ ആരാധിക്കാന്‍ ഫറവോ ഈ ജനത്തെ വിട്ടയയ്ക്കണം. അവരെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ ഞാന്‍ അവന്‍റെ പുത്രനെ, അവന്‍റെ ആദ്യ ജാതനെ ഞാന്‍ വധിക്കും.”

എന്നിട്ട് കര്‍ത്താവ് മോശയുടെ ഈജിപ്തില്‍ പാര്‍ത്തിരുന്ന സഹോദരന്‍ അഹറോനെ വിളിച്ച് സന്ദേശം നല്കി. “അഹറോന്‍, നീ സീനായ് മരുപ്രദേശത്തുള്ള ഹൊറേബ് മലയില്‍ ചെന്ന് നിന്‍റെ സഹോദരന്‍ മോശയെ കാണുക.” അയാള്‍ ഉടനെ അപ്രകാരം പ്രവര്‍ത്തിച്ചു. അഹറോന്‍ സീനായ് മരുപ്രദേശത്തേയ്ക്ക് പുറപ്പെട്ടു. ഹൊറേബിലുള്ള കര്‍ത്താവിന്‍റെ മലയില്‍വച്ച് മോശയെ അയാള്‍ കണ്ടു. കര്‍ത്താവ് അവര്‍ക്കു നല്കിയ സന്ദേശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചും അവിടുന്നു നല്കിയ അടയാളങ്ങളെയും വാഗ്ദാനങ്ങളെയും കുറിച്ചും രണ്ടു സഹോദരങ്ങളും വിശദമായി സംസാരിച്ചു.

അനന്തരം മോശയും അഹറോനും ഈജിപ്തില്‍ചെന്ന് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയെല്ലാം വിളിച്ചു കൂട്ടി. കര്‍ത്താവു തങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിക്കുകയും, അവരുടെ മുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം അവരില്‍ വിശ്വസിച്ചു.
കര്‍ത്താവ് ഇസ്രായേല്‍ മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, ജനം ഒന്നുചേര്‍ന്ന് തലകുനിച്ച് അവിടുത്തെ ആരാധിച്ചു.

മോശയും സഹോദരന്‍ അഹറോനും രാജ സന്നിധിയിലെത്തി. അവര്‍ ഫറവോയുടെ മുമ്പില്‍ച്ചെന്നു പറഞ്ഞു. “ അല്ലയോ പ്രഭോ, ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് കല്പിക്കുന്നു. സീനായ് മരുപ്രദേശത്തേയ്ക്കു ചെന്ന് അവിടുത്തെ സ്തുതിച്ചു ബലിയര്‍പ്പിക്കാന്‍ ഇസ്രായേല്‍ ജനത്തെ വിട്ടയയ്ക്കുക.”

അപ്പോള്‍ ഫറവോ ചോദിച്ചു.
“ആരാണീ കര്‍ത്താവ്? ആരാണീ നിങ്ങളുടെ വിമോചകന്‍ ?
നിങ്ങടെ ദൈവത്തിന്‍റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയക്കണം?
ഞാന്‍ നിങ്ങളുടെ കര്‍ത്താവിനെ അറിയുകയില്ല. അതിനാല്‍ ജനത്തെ ഞാന്‍ വിട്ടയക്കില്ല.” രാജാവ് കഠിന ചിത്തനായി പ്രസ്താവിച്ചു.
അപ്പോള്‍ അഹറോന്‍ പറഞ്ഞു.
“പ്രഭോ, ഇസ്രായേല്യരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു.
മൂന്നു ദിവസത്തെ യാത്രചെയ്ത് സീനായ് മരുപ്രദേശത്തു ചെന്നു ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളുടെ ജനത്തെ അങ്ങ് അനുവദിക്കണം.
അല്ലാത്തപക്ഷം ഞങ്ങടെ ദൈവം മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഇന്നാടിനെ ശിക്ഷിക്കും.”

അപ്പോള്‍ ഫറവോ അവരോട് പറഞ്ഞു.
“മോസസ്, അഹറോന്‍..., ഈ നാട്ടില്‍ നിങ്ങളുടെ ജനം ചെയ്യുന്ന ജോലി തടസ്സപ്പെടുത്താന്‍ നോക്കുകയാണ്. ദൈവത്തിന്‍റെ പേരു പറഞ്ഞ്,
ജനങ്ങള്‍ ഇഷ്ടികക്കളങ്ങളിലെ പണി മുടക്കാനിടയുണ്ട്.
അതുകൊണ്ടു ഞാന്‍ ഇനി ഒരുകാര്യം ചെയ്യാന്‍ പോവുകയാണ്.
അവര്‍ക്ക് ഇഷ്ടികയുണ്ടാക്കാനുള്ള വൈക്കോല്‍ ഇനി മുതല്‍ നല്കരുതെന്ന് കാര്യസ്ഥന്മാരോടു കല്പിക്കും. അങ്ങനെ ഞാന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തും.”

ഫറവോ കുപിതനായി. മേല്‍നോട്ടക്കാരെ വിളിച്ച് കര്‍ശനമായ നിര്‍ദ്ദേശം നല്കി. “ഇനി ഇസ്രായേല്യര്‍ക്ക് ഇഷ്ടികക്കളങ്ങളില്‍ ആവശ്യമായ വൈക്കോല്‍ എത്തിച്ചുകൊടുക്കേണ്ടതില്ല. അവര്‍തന്നെ പോയി കണ്ടുപിടിക്കട്ടെ. എന്നാല്‍ അവര്‍ നിര്‍മ്മിക്കുന്ന ഇഷ്ടികയുടെ എണ്ണം കുറയാന്‍ പാടില്ലതാനും. അവരോട് കഠിനമായി പെരുമാറണം.”

ഫറവോയുടെ പക്കലേയ്ക്ക് ദൈവം മോശയെ അയച്ചത് പ്രത്യേക സന്ദേശവുമായിട്ടാണ്, ഒപ്പം അഭ്യര്‍ത്ഥനയും. ഇസ്രായേല്‍ തന്‍റെ ആദ്യ ജാതനും ഓമനയുമാണെന്നത് സന്ദേശമാണെങ്കില്‍, അവരെ മോചിക്കണമെന്നത് അഭ്യര്‍ത്ഥനയായിരുന്നു. എന്നാല്‍ കഠനിഹൃദയനായ ഫറവോ അതിനു സമ്മതിച്ചില്ല. തന്‍റെ ജനത്തിന്‍റെ വിമോചനത്തിനായ് ദൈവം മോശയെ പിന്നെയും നയിക്കുന്നത്, അടുത്ത ഭാഗത്ത്.









All the contents on this site are copyrighted ©.