2012-09-17 16:19:25

മാര്‍പാപ്പയുടെ ലെബനോണ്‍ പര്യടനം വന്‍വിജയം : ഫാ.ഫെദറിക്കോ ലൊംബാര്‍ദി


17 സെപ്തംബര്‍ 2012, വത്തിക്കാന്‍
മാര്‍പാപ്പയുടെ ലെബനോണ്‍ പര്യടനം പ്രതീക്ഷിച്ചതിലേറെ വിജയകരമായിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. സെപ്തംബര്‍ 14ാം തിയതി വെള്ളിയാഴ്ച മുതല്‍ 16ാം തിയതി ഞായറാഴ്ച വരെ മാര്‍പാപ്പയോടൊപ്പം ലെബനോണിലുണ്ടായിരുന്ന ഫാ.ലൊംബാര്‍ദി, ഞായറാഴ്ച വൈകീട്ട് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. മാര്‍പാപ്പയ്ക്ക് ലെബനോണ്‍ ജനതയോട് ഫലപ്രദമായി സംവദിക്കാന്‍ സാധിക്കുമോ, ജനങ്ങള്‍ മാര്‍പാപ്പയെ ശ്രവിക്കാന്‍ തയ്യാറാകുമോ എന്നിങ്ങനെയുള്ള ആശങ്കകളുമായാണ് താന്‍ ഈ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പാപ്പായ്ക്ക് ലബനോണില്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ് പ്രസ്തുത ആശങ്കകളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു. വ്യത്യസ്ഥ കത്തോലിക്കാ റീത്തുകളിലെ ജനങ്ങള്‍ക്കു പുറമേ വിവിധ ഇസ്ലാം വിഭാഗങ്ങളിലേയും ജനങ്ങളും സ്നേഹാദരങ്ങളോടെ മാര്‍പാപ്പയെ വരവേറ്റു. പേപ്പല്‍ പര്യടനത്തിലെ മുഖ്യ പൊതുപരിപാടികളിലെല്ലാം ലെബനീസ് പ്രസിഡന്‍റിന്‍റെ സാന്നിദ്ധ്യം രാഷ്ട്രത്തെ മുഴുവന്‍ പ്രതിനിധീകരിച്ചുവെന്നും വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും വക്താവു കൂടിയായ ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. “സമാധാനത്തിന്‍റെ തീര്‍ത്ഥാടകനായാണ് ഞാന്‍ ഈ നാട് സന്ദര്‍ശിക്കുന്നത്. നമുക്കു ചുറ്റും എന്തു സംഭവിച്ചാലും ദൈവസ്നേഹവും സമാധാനവും പ്രഘോഷിക്കുന്നതില്‍ നിന്ന് നാം പിന്തിരിയുകയില്ല എന്നാണ് ഈ സന്ദര്‍ശനം കൊണ്ടു ഞാന്‍ അര്‍ത്ഥമാക്കുന്നത്.” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സന്ദര്‍ശനം നടത്തിയ മാര്‍പാപ്പയുടെ തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.