2012-09-16 17:24:26

ക്രൈസ്തവര്‍ നീതിയുടേയും സമാധാനത്തിന്‍റേയും സേവകരാകണം: മാര്‍പാപ്പ


16 സെപ്തംബര്‍ 2012, ബെയ്റൂട്ട്

ബെയ്റൂട്ട് നഗരമദ്ധ്യത്തിലുള്ള നദീതട മൈതാനിയില്‍ അര്‍പ്പിച്ച സമൂഹദിവ്യബലിമധ്യേ മാര്‍പാപ്പ നല്‍കിയ വചന സന്ദേശം :

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. (എഫേ. 1:3)
അനുഗ്രഹീതമായ ഈ സുദിനത്തില്‍ ലെബനോണില്‍ നിങ്ങളോടൊപ്പം ആയിരിക്കുവാന്‍ സാധിച്ചതില്‍ ദൈവത്തിനു സ്തുതി.
ഈ ഞായറാഴ്ചയിലെ സുവിശേഷ ഭാഗത്ത് ക്രിസ്തു ആരാണെന്ന ചോദ്യം നാം ശ്രവിക്കുന്നു. തന്‍റെ ശിഷ്യരുമൊത്ത് കേസറിയാ ഫിലപ്പി പ്രദേശങ്ങളിലൂടെ ജറുസലേമിലേക്കു സഞ്ചരിക്കുന്ന ക്രിസ്തുവിനെയാണ് സുവിശേഷകന്‍ (ലൂക്കാ 8:27-35) നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്.
വഴിമദ്ധ്യേ ക്രിസ്തു ശിഷ്യന്‍മാരോടു ചോദിച്ചു, “ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?”. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തിലാണ് ക്രിസ്തു ഈ ചോദ്യം ചോദിക്കുന്നത്. നമ്മുടെ രക്ഷാകര ചരിത്രത്തിലെ പ്രധാനമൂഹൂര്‍ത്തങ്ങളായ ക്രിസ്തുവിന്‍റെ കുരിശു മരണത്തിനും പുനരുത്ഥാനത്തിനും വേദിയാകേണ്ട ജറുസലേമിലേക്കുള്ള യാത്രാ മധ്യേയാണ് യേശു തന്‍റെ ശിഷ്യരോട് ഈ ചോദ്യം ഉന്നയിച്ചത്. യേശുവിന്‍റെ ചോദ്യത്തിന് ശിഷ്യര്‍ പല മറുപടികള്‍ നല്‍കിയെങ്കിലും അതെല്ലാം അപര്യാപ്തങ്ങളായിരുന്നു. ഒടുവില്‍ വി. പത്രോസ് അപ്പസ്തോലന്‍ പറഞ്ഞു “നീ ക്രിസ്തുവാണ്.” ശരിയെങ്കിലും അപൂര്‍ണ്ണമായ ഉത്തരമായിരുന്നു അത്. ജനങ്ങള്‍ മിഥ്യയായ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി ഈ ഉത്തരം വ്യാഖ്യാനിക്കാതിരിക്കേണ്ടതിന് ക്രിസ്തു തന്നെ അതിനൊരു വിശദീകരണം നല്‍കി.
യഥാര്‍ത്ഥത്തില്‍ താന്‍ ആരാണെന്ന് തന്‍റെ ശിഷ്യര്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ്, യേശു താന്‍ വളരേയെറെ സഹിക്കുകയും, വധിക്കപ്പെടുകയും അനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നത്. താനൊരു രാഷ്ട്രീയ വിമോചകനല്ലെന്നും ദാസന്‍റെ രൂപം സ്വീകരിച്ച മിശിഹാ, പീഢാസഹനം അനുഭവിക്കുന്ന മിശിഹായാണെന്നും യേശു വ്യക്തമാക്കി. ക്രിസ്തുവിന്‍റെ വാക്കുകകള്‍ പലരുടേയും പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായിരുന്നു. അവിടുത്തെ വാക്കുകള്‍ അവരെ അമ്പരപ്പിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തു. തന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ പീഢകള്‍ സഹിച്ച് മരിക്കണമെന്ന് ആലോചിക്കാന്‍ പോലും സാധിക്കാതിരുന്ന വി.പത്രോസ് അപ്പസ്തോലന്‍റെ പ്രതികരണം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. പത്രോസിനോട് കര്‍ക്കശമായി സംസാരിച്ച യേശു തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെപ്പോലെ ദാസന്‍റെ രൂപം സ്വീകരിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഭൗതിക അധികാരത്തിലേയ്ക്കും മഹത്വത്തിലേയ്ക്കും നയിക്കുന്ന പാതയല്ല ക്രിസ്തുവിന്‍റേത്. യേശുവിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്തുകൊണ്ടാണ് അവിടുത്തെ അനുഗമിക്കേണ്ടത്. ക്രിസ്തുവിനേയും അവിടുത്തെ സുവിശേഷത്തേയും പ്രതി സ്വന്തം ജീവന്‍ ത്യജിക്കാന്‍പോലും അവര്‍ തയ്യാറായിരിക്കണം. ഈ യാത്ര ഉത്ഥാനത്തിലേക്കും ദൈവത്തോടൊത്തുള്ള നിത്യജീവിതത്തിലേക്കും നമ്മെ നയിക്കും. എല്ലാവരുടേയും ദാസനായി മാറിയ ക്രിസ്തുവിന്‍റെ കാലടികള്‍ പിന്തുടരണമെങ്കില്‍ നാം അവിടുത്തോട് ചേര്‍ന്നു നടക്കണം. അവിടുത്ത വചനം ശ്രവിക്കുകയും അതനുസരിച്ചു ജീവിക്കുകയും വേണം.
ഒക്ടോബര്‍ 11ാം തിയതി തുടക്കം കുറിക്കുന്ന വിശ്വാസവത്സരം ആത്‍മാര്‍ത്ഥമായ ഈ മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗം നവീകരിക്കാനുള്ള അവസരമാണ്. വിശ്വാസവര്‍ഷത്ത‍ില്‍ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ധ്യാനിക്കാനും ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള വിശ്വസ്തതയില്‍ വളരാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
പ്രത്യാശയുടെ പാതയിലൂടെയാണ് ക്രിസ്തു നമ്മെ നയിക്കുന്നത്. ക്രിസ്തുവിന്‍റെ മഹത്വം വെളിപ്പെട്ടത് മാനുഷികമായി ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്: പ്രത്യേകിച്ച് മനുഷ്യാവതാരത്തിലും കുരിശുമരണത്തിലും. അങ്ങനെ, തന്നെത്തനെ പൂര്‍ണ്ണമായി നമുക്കു നല്‍കികൊണ്ട് ക്രിസ്തു തന്‍റെ അനന്ത സ്നേഹം വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ നമുക്ക് മനസിലാക്കാന്‍ സാധിക്കാത്ത അത്ഭുതകരമായ ദിവ്യരഹസ്യമാണത്.
ക്രിസ്തുവിനെപ്പോലെ എല്ലാവരുടേയും ദാസരായിക്കുകയെന്നത് ക്രൈസ്തവരുടേയും കത്തോലിക്കാ സഭയുടേയും ദൗത്യമാണ്. ആരേയും മാറ്റിനിറുത്താതെ എല്ലാവരുടേയും ദാസരായിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അക്രമവും അശാന്തിയുമുള്ളിടത്ത് നീതിയുടേയും സമാധാനത്തിന്‍റേയും ദാസരാകണം നമ്മള്‍. മാനവ ഐക്യത്തിലും സാഹോദര്യത്തിലും അടിയുറച്ച സമൂഹത്തെ പടുത്തുയര്‍ത്താന്‍ നാം പ്രയത്നിക്കണം. മധ്യപൂര്‍വ്വദേശത്തെ ജനത സമാധാനത്തില്‍ ജീവിക്കുന്നതിന് അവര്‍ക്ക് സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും ദാസരെ നല്‍കണമെന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
സേവനമാണ് ക്രൈസ്തവ സഭയുടേയും സഭയിലെ അജപാലകരുടേയും പ്രഥമ കര്‍ത്തവ്യം. സേവനത്തിന്‍റെ ഈ അരൂപിക്ക് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിങ്ങള്‍ സാക്ഷൃം നല്‍കണം.
ശാരീരികവും ആത്മീയവുമായ യാതനകള്‍ അനുഭവിക്കുന്ന സഹോദരരേ, നിങ്ങളുടെ സഹനം വ്യര്‍ത്ഥമല്ല! വേദനിക്കുന്നവരുടെ അടുത്തായിരിക്കുവാന്‍ ആഗ്രഹിക്കുന്ന ക്രിസ്തു എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്. ക്രിസ്തുവില്‍ പ്രത്യാശയുള്ളവരായിക്കുവിന്‍.
ലെബനോണിലേയും മധ്യപൂര്‍വ്വദേശത്തേയും എല്ലാ ജനങ്ങളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സമാധാനമെന്ന ദാനം അവിടുന്ന് നിങ്ങള്‍ക്കു നല്‍കുമാറാകട്ടെ.....
ആമേന്‍.
(EXTRACT FROM POPE'S HOMILY DURING HOLY MASS IN BEIRUT ON SUNDAY)







All the contents on this site are copyrighted ©.