2012-09-13 19:42:32

കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ ‘മുബാറക്ക്’
പാപ്പാ ലെബനോണില്‍


13 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ നാമിത്തില്‍ അനുഗ്രഹാശിസ്സുകളുമായി പാപ്പാ ബനഡിക്ട്, ലെബനോണിന്‍റെ മണ്ണില്‍ വെള്ളിയ്ഴ്ച കാലുകുത്തും. ‘ബനഡിക്ട്’ എന്ന പേരിന് അറബി ഭാഷയില്‍ ‘മുബാറക്ക്’ എന്നതാണ് തുല്യപദം. വാഴ്ത്തപ്പെട്ടവന്‍, എന്നാണ് അതിനര്‍ത്ഥം. “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍,” എന്ന സുവിശേഷ വചനം അനുസ്മരിപ്പിക്കുമാറ്, സെപ്റ്റംമ്പര്‍ 14-ാം തിയിതി വെള്ളിയാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നത്തോടെ ബനഡിക്ട്‍ 16-ാമന്‍ പാപ്പാ മദ്ധ്യപൂര്‍വ്വ ദേശമായ ലെബനോണില്‍ തന്‍റെ അപ്പസ്തോലിക സന്ദര്‍‍ശനം ആരംഭിക്കും. Pax Vobis, ‘നിങ്ങള്‍ക്കു സമാധാനം’ എന്ന ആപ്തവാക്യവുമായിട്ടുള്ള പാപ്പായുടെ ത്രിദിനം ലബനോണ്‍ സന്ദര്‍ശനം സെപ്റ്റംമ്പര്‍ 16, ഞായറാഴ്ചവരെ നീണ്ടുനില്ക്കും.

ന്യൂനപക്ഷമായ ലെബനോണിലെ ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ട്, ക്രിസ്തു സാക്ഷൃത്തിലൂടെ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനവും സ്നേഹവും വളര്‍ത്തുകയാണ് പാപ്പായുടെ സന്ദര്‍ശന ലക്ഷൃമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. അധിക്രമങ്ങള്‍ക്ക് അധീനരായി മുറിപ്പെട്ടും, നിരാശരായും അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരെ സഹായിക്കാനും അവര്‍ക്ക് പ്രത്യാശ പകരാനും അന്നാട്ടിലെ ക്രൈസ്തവരെ പ്രാപ്തരാക്കുക എന്നതും പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന പ്രത്യാശിച്ചു.

ലെബനോണിന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീക്ക് ഹരീരി അന്തര്‍ദേശിയ വിമാനത്തിലെ സ്വീകരണച്ചടങ്ങ്, ഹരീസ്സായിലുള്ള പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍വച്ചുള്ള സിനഡു ഡോക്കുമെന്‍റിലെ ഒപ്പുവയ്ക്കല്‍, ലബനോണ്‍ പ്രസിഡന്‍റും ഇതര രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, ഇസ്ലാം മതപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും സംവാദവും, ലെബനൈറ്റ്, മാരനൈറ്റ്, അര്‍മീനിയന്‍ സഭാ അദ്ധ്യക്ഷന്മാരും, ലെബനോനിലെ ദേശീയ മെത്രാന്‍ സമിതി അംഗങ്ങളുമായുള്ള സമ്മേളനം, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ഞായറാഴ്ച രാവിലെ ബെയ്റൂട്ട് നഗരമദ്ധ്യത്തിലെ നദീതട മൈതാനിയില്‍വച്ച് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം, വൈകുന്നരം ബെയ്റൂട്ട് രാജ്യാന്തര മൈതാനിയില്‍വച്ചു നല്കപ്പെടുന്ന യാത്രയയപ്പ് എന്നിവ ലെബനോണ്‍ സന്ദര്‍ശനത്തിന്‍റെ മുഖ്യ ഇനങ്ങളാണ്.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിക്ക് പാപ്പാ റോമിലേയ്ക്ക് യാത്രതിരിക്കും.








All the contents on this site are copyrighted ©.