2012-09-12 20:12:15

കാത്തിരുന്ന യാത്ര
ബനഡിക്ട് 16-ാമന്‍ പാപ്പ ലെബനോണിലേയ്ക്ക്


12 സെപ്റ്റംമ്പര്‍ 2012, റോം
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനം
മദ്ധ്യപൂര്‍വ്വദേശം ആകമാനം ആശയോടെ കാത്തിരുന്ന സംഭവമാണെന്ന്
പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 11-ന് റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്, പാപ്പായ്ക്കൊപ്പം ലെബനോണിലേയ്ക്ക് യാത്രചെയ്യുവാനുള്ള ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ലെബനോണിലും അയല്‍രാജ്യങ്ങളിലും തീവ്രമായ സാമൂഹ്യ സംഘട്ടനങ്ങള്‍ നടക്കുന്നതിനാല്‍ പാപ്പായുടെ സന്ദര്‍ശനം വത്തിക്കാന്‍ മാറ്റിവയ്ക്കുമെന്ന മാധ്യമങ്ങളുടെ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ദൂതനായി സെപ്റ്റംമ്പര്‍ 14-ന് ലെബനോണിലേയ്ക്ക് പാപ്പാ പുറപ്പെടുമെന്നത് അസന്ദിഗ്ദ്ധമായ കാര്യമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചുകൊണ്ട് സന്ദര്‍ശനത്തെക്കുറിച്ച് ആഗോളതലത്തില്‍ മാധ്യമങ്ങള്‍ക്കുള്ള ഊഹാപോഹങ്ങള്‍ക്ക് ഫാദര്‍ ലൊമ്പാര്‍ഡി വിരാമമിട്ടു.

ഇപ്പോള്‍ കാസില്‍ ഗന്തോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസിതിയിലായിരിക്കുന്ന പാപ്പ സെപ്റ്റംമ്പര്‍ 14 വെള്ളിയാഴ്ച രാവിലെ 9.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും യാത്ര പുറപ്പെട്ട് ലെബനോണിന്‍റെ തലസ്ഥാനമായി ബെയ്റൂട്ടില്‍ മദ്ധ്യാഹ്നത്തില്‍ 1.45-ന് എത്തിച്ചേരും. ക്രൈസ്തവീകതയുടെ ചരിത്രമുറങ്ങുന്ന മദ്ധ്യപൂര്‍വ്വദേശം കാത്തിരിക്കുന്ന പാപ്പായുടെ സന്ദര്‍ശനം സെപ്റ്റംമ്പര്‍ 16-വരെ വിവിധ പരിപാടികളോടെ നീണ്ടുനില്ക്കും.









All the contents on this site are copyrighted ©.