2012-09-12 20:18:24

ഏതു ജീവിതാന്തസ്സുകാര്‍ക്കും
രക്ഷകന്‍ ക്രിസ്തുവെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


12 സെപ്റ്റംമ്പര്‍ 2012, റോം
ഏതു ജീവിതാന്തസ്സില്‍ ആയിരിക്കുന്നവര്‍ക്കും രക്ഷകന്‍ ക്രിസ്തുവാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ സമ്മേളിച്ച നവമെത്രാന്മാരുടെ പരിശീലന പരിപാടിയില്‍ സെപ്റ്റംമ്പര്‍ 11-ാം തിയതി അവര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.

കഴിഞ്ഞൊരു വര്‍ഷത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളുടെ മെത്രാന്മാരായി ബനഡിക്ട് 16-ാമന്‍ പാപ്പ നിയമിച്ചവര്‍ക്കുള്ള പരിശീലന പരിപാടികളുടെ സമാപനത്തിലാണ് കാര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഈ സന്ദേശം നല്കിയത്. സുവിശേഷ സ്വാതന്ത്ര്യത്തില്‍ വ്യക്തികള്‍ ഏറ്റെടുക്കുന്ന ജീവിതാന്തസ്സും ഉത്തരവാദിത്തങ്ങളും എപ്പോഴും ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വിവാഹിതനെന്നും ബ്രഹ്മചാരിയെന്നും കന്യകയെന്നുമുള്ള ജീവിതാവസ്ഥകളല്ല, രക്ഷതരുന്നത് ക്രിസ്തുവാണെന്നും കര്‍ദ്ദാനാള്‍ ബര്‍ത്തോണെ പൗലോസ് അപ്പസ്തോലന്‍റെ കൊറീന്തിയര്‍ക്കുള്ള ലേഖന ഭാഗം വ്യാഖ്യാനിച്ചുകൊണ്ട് സമര്‍ത്ഥിച്ചു. ഏത് സാഹചര്യങ്ങളില്‍ ജീവിച്ചാലും വിളിക്കപ്പെട്ടവര്‍ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഏര്‍പ്പെടുകയല്ല വേണ്ടത്, വിളിച്ച ദൈവത്തോടു വിശ്വസ്തരായിരിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയുമാണു വേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ നവമെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.