2012-09-11 14:12:22

‘ഒരുമിച്ചൊരു യാത്ര’ - തെരുവോര പ്രേഷിതത്വ സമ്മേളനം ആഫ്രിക്കയില്‍


11 സെപ്തംബര്‍ 2012, ദാര്‍-എസ്-സലാം
ആഫ്രിക്കയിലേയും മഡഗാസ്ക്കറിലേയും തെരുവോര അജപാലന ശുശ്രൂഷയെ സംബന്ധിച്ച പ്രഥമ ഭൂഖണ്ഡാധിഷ്ഠിത സമ്മേളനം ടാന്‍സാനിയായില്‍ ആരംഭിച്ചു. ഒരുമിച്ചുള്ള ഒരു യാത്രയാണ് തെരുവോര അജപാലന ശുശ്രൂഷകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് സമ്മേളനത്തിനയച്ച ആശംസാസന്ദേശത്തില്‍ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ പ്രസ്താവിച്ചു.
കുടുംബത്തിന്‍റെ സുരക്ഷിതത്വവും ഇടവകതലത്തിലുള്ള അജപാലന ശുശ്രൂഷയും ലഭിക്കാത്ത വലിയൊരു സമൂഹത്തെയാണ് തെരുവോര അജപാലന ശുശ്രൂഷ ആശ്ലേഷിക്കുന്നത്. ആഫ്രിക്കയിലെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതിയും മനുഷ്യാവകാശ പ്രശ്നങ്ങളും വ്യക്തമായി മനസിലാക്കിക്കൊണ്ട് അനുയോജ്യമായ അജപാലന പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്നും കര്‍ദിനാള്‍ വെല്യോ വെളിപ്പെടുത്തി.
യാത്രികരുടേയും കുടിയേറ്റക്കാരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറബില്‍ സമ്മേളത്തില്‍ പങ്കെടുക്കുന്നുണ്ട്. യാത്രികരുടേയും കുടിയേറ്റക്കാരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ടാന്‍സാനിയായിലെ ദേശീയ മെത്രാന്‍സമിതിയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ടാന്‍സാനിയായിലെ ദാര്‍-എസ്-സലാമില്‍ 11ാം തിയതി ചൊവ്വാഴ്ച സമ്മേളനം ആരംഭിച്ചു. “യേശു അടുത്തെത്തി അവരോടൊപ്പം യാത്രചെയ്തു.(ലൂക്ക 24:15) എന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ അടിസ്ഥാനമാക്കി “ഒരുമിച്ചൊരു യാത്ര ”എന്ന പ്രമേയം കേന്ദ്രീകരിച്ചു നടക്കുന്ന സമ്മേളം സെപ്തംബര്‍ 15ാം തിയതി ശനിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.