2012-09-11 14:13:59

മാര്‍പാപ്പയുടെ ലെബനോന്‍ പര്യടനം മധ്യപൂര്‍വ്വദേശത്തിനുള്ള പ്രവാചക സന്ദേശം: കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി


11 സെപ്തംബര്‍ 2012,
മാര്‍പാപ്പയുടെ ലെബനോന്‍ പര്യടനം മധ്യപൂര്‍വ്വദേശത്തിനുള്ള പ്രവാചക സന്ദേശമാണെന്ന് പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്ക‍ാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി. ബെനഡിക്ട് പിതാനാറാമന്‍ മാര്‍പാപ്പയുടെ ആസന്നമാകുന്ന ലെബനോന്‍ പര്യടനത്തിനു മുന്നോടിയായി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. മാര്‍പാപ്പയുടെ സാന്നിദ്ധ്യം യേശുവിന്‍റെ സ്നേഹവും സമാധാനവും മധ്യപൂര്‍വ്വദേശത്ത് അനുഭവവേദ്യമാക്കും. സമാധാനം, സഹകരണം, സഭൈക്യം എന്നീക്കാര്യങ്ങളെക്കുറിച്ച് മാര്‍പാപ്പ നിരന്തരം സംസാരിക്കുന്നുണ്ട്. കത്തോലിക്കരോടു മാത്രമല്ല ഇതര ക്രൈസ്തവ സഭാംഗങ്ങളോടും മുസ്ലീം സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്‍റെ പ്രകടനമാണ് മാര്‍പാപ്പായുടെ സന്ദര്‍ശനമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. എല്ലാ പൗരന്‍മാരുടേയും അവകാശങ്ങള്‍ ആദരിക്കുകയും മതസ്വാതന്ത്ര്യം അംഗീകരിക്കുകയും വേണം. ജാതിമത ഭേദമന്യേ ജനങ്ങള്‍ കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കുന്ന സാഹചര്യം മധ്യപൂര്‍വ്വദേശത്ത് ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും കര്‍ദിനാള്‍ സാന്ദ്രി പറഞ്ഞു.
സെപ്തംബര്‍ 14ാം തിയതി മുതല്‍ 16ാം തിയതി വരെയാണ് പാപ്പയുടെ ലെബനോന്‍ പര്യടനം.








All the contents on this site are copyrighted ©.