2012-09-11 14:14:10

നൂതന പ്രവര്‍ത്തന സരണികളുമായി ആഫ്രിക്കന്‍ അല്മായ സമ്മേളനം സമാപിച്ചു


11 സെപ്തംബര്‍ 2012, യവൂന്‍ദേ
അല്‍മായ പ്രേഷിതത്വത്തിന് നവീന മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കികൊണ്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അല്മായ പ്രതിനിധി സമ്മേളനം സമാപിച്ചു. “പ്രത്യാശയുടെ സംഗമമെന്ന്” മാര്‍പാപ്പ വിശേഷിപ്പിച്ച ആഫ്രിക്കന്‍ അല്‍മായ സമ്മേളനം സെപ്തംബര്‍ 9ാം തിയതി ഞായറാഴ്ചയാണ് സമാപിച്ചത്. യവൂന്‍ദെയിലെ മ്വോല്യ ബസിലിക്കയില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിയില്‍ ദൗലാ അതിരൂപതയുടെ മുന്‍അധ്യക്ഷന്‍ കര്‍ദിനാള്‍ ക്രിസ്ത്യന്‍ തൂമി മുഖ്യകാര്‍മ്മികനായിരുന്നു.
ആഫ്രിക്കന്‍ സഭയുടെ അത്യല്യമായ പ്രത്യക്ഷീകരണമായിരുന്നു സമ്മേളനമെന്ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ അഭിപ്രായപ്പെട്ടു. പക്വതയുള്ള അല്‍മായ സമൂഹത്തിന്‍റെ രൂപീകരണം കത്തോലിക്കാ സഭയുടെ കടമയും അവകാശവുമാണ്. ഇക്കാലത്ത് അടിയന്തരപ്രാധാന്യമുള്ള ഒരു കാര്യമാണതെന്നും കര്‍ദിനാള്‍ റെയില്‍ക്കോ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ലോകത്തില്‍ ക്രിസ്തു സാക്ഷികളായിരിക്കുകയെന്നത് സുഗമമായ ദൗത്യമല്ല. ക്രിസ്തുവാകുന്ന ഗുരുവിന്‍റെ മാതൃക പൂര്‍ണ്ണമായി അനുകരിച്ചാല്‍ മാത്രമേ അതു സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാന്തസിന്‍റെ മഹനീയതയും അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കത്തോലിക്കര്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുവരണമെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.