2012-09-11 14:12:32

നാനാത്വത്തിലെ ഏകത്വം മൂന്നാം സഹസ്രാബ്ദത്തിന്‍റെ മുഖ്യവെല്ലുവിളികളിലൊന്ന് : കര്‍ദിനാള്‍ വെല്യോ


11 സെപ്തംബര്‍ 2012, സരാജെവോ
മതപരവും സാംസ്ക്കാരികവും വംശീയവുമായ വ്യത്യാസങ്ങള്‍ക്കു മധ്യേ കൂട്ടായ്മയില്‍ ജീവിക്കുകയെന്നത് മൂന്നാം സഹസ്രാബ്ദത്തിലെ മുഖ്യവെല്ലുവിളികളിലൊന്നാണെന്ന് കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ. ബോസ്നിയ-ഹെര്സോഗോവിനയുടെ തലസ്ഥാനമായ സരാജെവോയില്‍ നടക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള സര്‍വ്വമത സമ്മേളനത്തിനയച്ച ആശംസാസന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സാംസ്ക്കാരികവും മതപരവുമായ വ്യത്യാസങ്ങള്‍ ഒരു മാര്‍ഗ്ഗ തടസ്സമായി കണക്കാക്കരുത്. വ്യത്യസ്തങ്ങളായ സാംസ്ക്കാരിക അസ്തിത്വങ്ങള്‍ അംഗീകരിച്ച് ആദരിച്ചെങ്കില്‍ മാത്രമേ വൈവിധ്യങ്ങള്‍ക്കു നടുവില്‍ മാനവ ഐക്യം പടുത്തുയര്‍ത്താന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

റോം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന എജിഡിയോ സമൂഹമാണ് സരാജെവോയില്‍ നടന്ന സമാധാനത്തിനുവേണ്ടിയുള്ള സര്‍വ്വമത സമ്മേളനത്തിനു നേതൃത്വം നല്‍കിയത്. ‘ഒരുമിച്ചു ജീവിക്കുകയാണ് ഭാവി’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന സമ്മേളനം 11ാം തിയതി ചൊവ്വാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.