2012-09-10 15:26:11

സുവിശേഷം വിതച്ച് അനുരജ്ഞനം കൊയ്യുക: കൊളംബിയന്‍ മെത്രാന്‍മാരോട് മാര്‍പാപ്പ


10 സെപ്തംബര്‍ 2012, കാസില്‍ ഗണ്‍ഡോള്‍ഫോ
ആദ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയിരിക്കുന്ന കൊളംബിയന്‍ മെത്രാന്‍മാരുടെ രണ്ടാം സംഘവുമായി 10ാം തിയതി തിങ്കളാഴ്ച മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയോടും സാര്‍വ്വത്രിക സഭയോടുമുള്ള ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും അടയാളമായ ആദ് ലിമിന സന്ദര്‍ശനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പാപ്പ അവരോടു സംസാരിച്ചു. പലപ്പോഴും അക്രമസംഭവനങ്ങള്‍ അരങ്ങേറുന്ന കൊളംബിയായില്‍ കത്തോലിക്കാ സഭയുടെ അജപാലന ദൗത്യം നിര്‍ണ്ണായകമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. അപകടകരമായ സാഹചര്യങ്ങില്‍ പോലും പ്രാദേശിക സഭ നടത്തുന്ന അജപാലന ശുശ്രൂഷ അനുമോദിച്ച മാര്‍പാപ്പ മനുഷ്യ ജീവന്‍റെ സംരക്ഷണത്തിനും സമാധാനത്തിന്‍റെ സംസ്ക്കാരം സ്ഥാപിക്കാനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരാനും അവരെ ആഹ്വാനം ചെയ്തു. സുവിശേഷം വിതച്ച് അനുരഞ്ജനം കൊയ്യണം. ക്രിസ്തു വരുന്നിടത്ത് ഐക്യം ഉണ്ടാകും. അവിടെ വൈരം ക്ഷമയിലേക്കും ശത്രുത സാഹോദര്യത്തിലേക്കും വഴിമാറുമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.

ആഴമാര്‍ന്ന കത്തോലിക്കാ വിശ്വാസ പാരമ്പര്യമുള്ള ജനതയാണ് കൊളംബിയക്കാര്‍. എന്നാല്‍ വിശ്വാസ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന മതനിരപേക്ഷകതയുടെ സംസ്ക്കാരം അവിടെയും ശക്തിപ്രാപിക്കുകയാണ്. ധാര്‍മ്മിക മൂല്യച്യുതിയുടെ ഇക്കാലത്ത്, വിവാഹത്തിന്‍റേയും കുടുംബത്തിന്‍റേയും ക്രൈസ്തവ ധാര്‍മ്മികതയുടേയും സംരക്ഷണത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കണമെന്ന് പാപ്പ കൊളംബിയായിലെ മെത്രാന്‍മാരോട് ആവശ്യപ്പെട്ടു. യുവജന പ്രേഷിതത്വത്തിന്‍റെ പ്രസക്തിയെക്കുറിച്ചും പാപ്പ തദ്ദവസരത്തില്‍ പ്രതിപാദിച്ചു. ദൈവവിളി പരിപോഷിപ്പിക്കുന്നതിനും വൈദിക വിദ്യാര്‍ത്ഥികളുടേയും സന്ന്യസ്താര്‍ത്ഥികളുടേയും പരിശീലനത്തിനും മെത്രാന്‍മാര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.