2012-09-10 15:25:49

പത്തുകല്‍പനകള്‍ സത്യത്തിലേക്കും ആനന്ദത്തിലേക്കുമുള്ള മാര്‍ഗ്ഗമെന്ന് മാര്‍പാപ്പ


10 സെപ്തംബര്‍ 2012, വത്തിക്കാന്‍
യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലും സ്നേഹത്തിലും പരിശീലനം നല്‍കി നമ്മെ ആനന്ദത്തിലേക്കു നയിക്കാന്‍ ദൈവം നല്‍കിയ ദാനമാണ് പത്തുകല്‍പനകളെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. റോമിലെ പിയാസ്സ ദെല്‍ പോപ്പുളോ (Piazza del Popolo) യില്‍ സെപ്തംബര്‍ 8ാം തിയതി നടന്ന “പത്തു കല്‍പനകള്‍ പത്തു ചത്വരങ്ങളില്‍” എന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ഇറ്റലിയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം (Rinnovamento nello Spirito Santo) നവസുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ പ്രഥമ വേദിയായിരുന്നു റോമിലെ പിയാസ്സ ദെല്‍ പോപ്പുളോ ചത്വരം. വിശ്വാസ വര്‍ഷാചരണത്തോടനുബന്ധിച്ച് നേപ്പിള്‍സ്, വെറോണ, ടൂറിന്‍, പലേര്‍മോ, ബാരി, കല്യാരി, ഫ്ലോറന്‍സ്, ജെനോവ, മിലാന്‍, ബൊളോഞ്ഞ്യ എന്നീ ഇറ്റാലിയന്‍ നഗരങ്ങളിലെ വിഖ്യാത ചത്വരങ്ങളിലും ഈ പരിപാടി അരങ്ങേറും. പത്തു കല്‍പനകളെയും അവയുടെ ആനുകാലിക പ്രസക്തിയേയും ആധാരമാക്കിയുള്ള കവിതാ പാരായണം, സംഗീത വിരുന്ന്, പ്രഭാഷണങ്ങള്‍, എന്നിവയാണ് ഒരോ സമ്മേളനത്തിന്‍റെയും മുഖ്യ ഘടകങ്ങള്‍.

“ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവാകുന്നു” എന്ന പ്രമേയത്തെ ആധാരമാക്കി ശനിയാഴ്ച റോമില്‍ നടന്ന പ്രഥമ സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍ പത്തുകല്‍പനകളുടെ കാലിക പ്രസക്തിയെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചു. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്‍റെ അടയാളമാണ് പത്തുകല്‍പനകള്‍. അവ നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാന മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നു. ഈ കല്‍പനകള്‍ അനുസരിക്കുന്ന മനുഷ്യന്‍ ജീവിതത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പാതയിലൂടെ സുരക്ഷിതനായി സഞ്ചരിക്കുന്നു. നേരെ മറിച്ച്, ദൈവ കല്‍പനകള്‍ അവഗണിച്ചു ജീവിക്കുന്നവര്‍ ദൈവവുമായുള്ള ബന്ധം ഉപേക്ഷിച്ച് ദൈവത്തില്‍ നിന്നുമാത്രമല്ല അകലുന്നത്. ജീവനും യഥാര്‍ത്ഥമായ ആനന്ദവും കൂടി അവന് അന്യമാകുന്നു. ദൈവത്തെ അവഗണിച്ച് സ്വന്തം ശക്തിയില്‍ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യര്‍ ക്രമേണ സ്വാര്‍ത്ഥത, അധികാരം, ആധിപത്യം, എന്നീ വിഗ്രഹങ്ങളുടെ ആരാധകരായി മാറുന്നു. അതുവഴി തന്നോടു തന്നെയും മറ്റുള്ളവരോടുമുള്ള ബന്ധങ്ങള്‍ കളങ്കപ്പെടുത്തുന്നവന്‍ സഞ്ചരിക്കുന്നത് ജീവന്‍റെ മാര്‍ഗത്തിലല്ല, മരണത്തിന്‍റെ പാതയിലാണ്. ചരിത്രത്തിലെ ദുഃഖകരമായ അനുഭവങ്ങള്‍, പ്രത്യേകിച്ച് കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങള്‍ മാനവകുലത്തിനു മുഴുവന്‍ ശക്തമായ ഒരു താക്കീതാണെന്നും പാപ്പ പ്രസ്താവിച്ചു.
യേശു ക്രിസ്തു തന്‍റെ കുരിശു മരണവും ഉത്ഥാനവും വഴി പത്തുകല്‍പനകള്‍ക്കു പൂര്‍ണ്ണത നല്‍കുന്നു. സ്നേഹത്തിന്‍റെ സ്വയം ദാനത്തിലൂടെ സ്വാര്‍ത്ഥയ്ക്കും, തിന്മയ്ക്കും മരണത്തിനും മേല്‍ ക്രിസ്തു സമ്പൂര്‍ണ്ണമായ വിജയം നേടി. ദൈവത്തിന്‍റെ അനന്തമായ സ്നേഹം സ്വീകരിച്ച് അവിടുന്ന കാണിച്ചു തന്ന മാര്‍ഗത്തിലൂടെ വിശ്വാസത്തോടെ നാം സഞ്ചരിക്കണം. എങ്കില്‍ മാത്രമേ, ജീവിതത്തിന്‍റെ ആഴമാര്‍ന്ന അര്‍ത്ഥവും പ്രത്യാശാനിര്‍ഭരമായ ഭാവിയും കണ്ടെത്താന്‍ നമുക്കു സാധിക്കുകയുള്ളുവെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.