2012-09-10 15:26:24

ദേവാലയം മാനവ സാഹോദര്യത്തിന്‍റെ ഭവനമെന്ന് കര്‍ദിനാള്‍ സൊഡാനോ


10 സെപ്തംബര്‍ 2012, അസ്താന
ദൈവത്തിന്‍റെ ആലയം സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളെന്ന നിലയില്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഭവനമാണെന്ന് കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ. കസാക്കിസ്ഥാനിലെ കരഗന്‍ഡ രൂപതയുടെ ഭദ്രാസന ദേവാലയത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തില്‍ നല്‍കിയ വചന സന്ദേശത്തിലാണ് കര്‍ദിനാള്‍ സൊഡാനോ ഇപ്രകാരം പ്രസ്താവിച്ചത്. ഫാത്തിമാ നാഥയുടെ നാമധേയത്തിലുള്ള ഭദ്രാസന ദേവാലയത്തിന്‍റെ കൂദാശാ പരികര്‍മ്മത്തിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയോഗിച്ച പ്രത്യേക പ്രതിനിധിയാണ് കര്‍ദിനാള്‍ സൊഡാനോ.
ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ക്ക് ദൈവവുമായുള്ള ഐക്യം കൂടുതലായി അനുഭവവേദ്യമാകുന്നു. കൂടാതെ, മനുഷ്യരുടെ ഭവനമായിരിക്കുക എന്ന ദൗത്യവും ദേവാലയത്തിനുണ്ട്. അതിനാലാണ്, 'നീ ബലിയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍, കാഴ്ച വസ്തു അവിടെ വച്ചിട്ട് പോയി നിന്‍റെ സഹോദരനോട് രമ്യതപ്പെടുക, പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക' (മത്തായി 5, 23-24) എന്ന് ക്രിസ്തു നമ്മെ ഉത്ബോധിപ്പിക്കുന്നതെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു. രാജ്യത്തിനു മുഴുവന്‍ പ്രകാശം നല്‍കുന്ന ഭദ്രദീപമായി നൂറ്റാണ്ടുകള്‍ നിലനില്‍ക്കുവാന്‍ കരഗന്‍ഡ രൂപതയുടെ ഭദ്രാസന ദേവാലയത്തിനു സാധിക്കട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു. കസാക്കിസ്ഥാനിലെ കത്തോലിക്കരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകളും കര്‍ദിനാള്‍ സൊഡാനോ അറിയിച്ചു.








All the contents on this site are copyrighted ©.