2012-09-04 16:04:57

മാര്‍പാപ്പയുടെ ലെബനോന്‍ പര്യടനം: മധ്യപൂര്‍വ്വദേശത്തിനു സമാധാനത്തിന്‍റെ കാഹളമെന്ന് അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസ്


04 സെപ്തംബര്‍ 2012, അന്ത്യോക്യ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലെബനോനിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനം മധ്യപൂര്‍വ്വദേശത്തിനു മുഴുവന്‍ സമാധാനത്തിന്‍റെ സന്ദേശം നല്‍കുമെന്ന് അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസ് ലഹാം ഗ്രിഗോറിയോസ് മൂന്നാമന്‍. മാര്‍പാപ്പയുടെ ലെബനോന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സെപ്തംബര്‍ 14ാം തിയതി മുതല്‍ 16ാം തിയതി വരെയാണ് പാപ്പയുടെ ലെബനോന്‍ പര്യടനം. പ്രതിസന്ധികളും ആശങ്കളും ഉണ്ടെങ്കിലും വിശുദ്ധ നാടുകളുടെ ഭാഗമായ ഈ നാട്ടിലേക്ക് മാര്‍പാപ്പ നടത്തുന്ന തീര്‍ത്ഥാടനം അതിപ്രസക്തമാണെന്ന് പാത്രിയാര്‍ക്കീസ് ഗ്രിഗോറിയോസ് മൂന്നാമന്‍ പ്രസ്താവിച്ചു. ചെറിയ ഒരു രാജ്യമായ ലെബനോന്‍ വലിയൊരു സന്ദേശമാണ് മധ്യപൂര്‍വ്വദേശത്തിനും ലോകം മുഴുവനും നല്‍കുന്നത്. ലെബനോനില്‍ വച്ച് മാര്‍പാപ്പ പ്രകാശനം ചെയ്യുന്ന അപ്പസ്തോലിക പ്രബോധനം മധ്യപൂര്‍വ്വദേശത്തിനു പ്രത്യേക പ്രാധാന്യം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പായുടെ ലെ‍ബനോന്‍ പര്യടനം ആഭ്യന്തര കലാപം നടക്കുന്ന സിറിയയ്ക്കും സമാധാനത്തിന്‍റെ സന്ദേശം നല്‍കുമെന്നും പാത്രിയാര്‍ക്കീസ് പ്രത്യാശ പ്രകടിപ്പിച്ചു. സിറിയന്‍ സംഘര്‍ഷം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 15 ലേറെ തവണ മാര്‍പാപ്പ പരസ്യമായി സിറിയയ്ക്കുവേണ്ടി സമാധാന അഭ്യര്‍ത്ഥന നടത്തിയത് സിറിയന്‍ ജനതയെക്കുറിച്ച് മാര്‍പാപ്പയുടെ ഉത്കണ്ഠയാണ് വെളിപ്പെടുത്തുന്നതെന്നും പാത്രിയാര്‍ക്കീസ് ഗ്രിഗോറിയോസ് മൂന്നാമന്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.