2012-09-04 16:04:44

പാ൯ ആഫ്രിക്കന്‍ അല്മായ പ്രതിനിധി സമ്മേളനം കാമറൂണില്‍ ആരംഭിച്ചു


04 സെപ്തംബര്‍ 2012, യവൂന്‍ദേ
പാന്‍ ആഫ്രിക്കന്‍ അല്മായ പ്രതിനിധി സമ്മേളനം കാമറൂണിലെ യവൂന്‍ദേയിലുള്ള കാത്തലിക് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചു. ‘ആഫ്രിക്കയില്‍ ക്രിസ്തുവിന്‍റെ സാക്ഷികളാവുക, ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിരിക്കുക’ എന്നതാണ് പ്രതിനിധി സമ്മേളനത്തിന്‍റെ കേന്ദ്ര വിഷയം. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ആഫ്രിക്കന്‍ മെത്രാന്മാരുടെ സംയുക്ത സമിതിയുടെ രണ്ടു പൊതുസമ്മേളനങ്ങള്‍ക്കു ശേഷം നടക്കുന്ന ഈ അല്മായ പ്രതിനിധി സമ്മേളനത്തില്‍ സഭ എടുത്തുകാട്ടുന്ന മേഖലകള്‍ പലതാണ്. ക്രൈസ്തവ വിദ്യാഭ്യാസവും രൂപീകരണവും, കുടുംബങ്ങളുടെ അജപാലനശുശ്രൂഷ, ആഫ്രിക്കയിലെ ക്രൈസ്തവസമൂഹത്തെ ഉദ്ധരിക്കുന്നതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള പങ്ക്, ജോലിയിടങ്ങളിലും, രാഷ്ട്രീയത്തിലും അത്മായരുടെ പങ്ക് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സുവിശേഷ പ്രഘോഷണത്തിനായി അത്മായരുടെ പങ്കാളിത്തവും ഉത്തരവാദിത്വവും ഉറപ്പു വരുത്തുകയും അതിനായ് അവരെ ഉണര്‍ത്തുകയുമാണ് ഈ സമ്മേളനത്തന്‍റെ ഉദ്ദേശമെന്ന് അത്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്സിലിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്ക്കോ സമ്മേളനത്തിനു മുന്നോടിയായി വത്തിക്കാ൯ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു.









All the contents on this site are copyrighted ©.