2012-09-04 16:04:32

നൂതനമാധ്യമ സംസ്കാരത്തോട് സഭ ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഡോ. ചൈനാറോംങ്


04 സെപ്തംബര്‍ 2012, ബാങ്കോക്ക്
ഏഷ്യയിലെ മെത്രാന്‍മാരുടെ സംയുക്ത സമിതി മെത്രാന്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന മാധ്യമ പരിശീലന പരിപാടി (BISCOM) തായിലന്‍ഡിലെ ബാങ്കോക്കില്‍ ആരംഭിച്ചു. 12 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും ഉള്‍പ്പെടെ 45 പേരാണ് ഇതില്‍ പങ്കെടുക്കുന്നത്.
ഈ കാലഘട്ടത്തിന്‍റെ വളരെ പ്രത്യേകത നിറഞ്ഞ നൂതനമാധ്യമ സംസ്കാരത്തോട് ക്രിയാത്മകമായി സഭ പ്രതികരിക്കേണ്ടതുണ്ട് എന്ന് ബാങ്കോക്കിലെ സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റി ചാന്‍സലറായ ഡോ. ചൈനാറോംങ് മോന്തിയേ൯വിക്കിയേ൯ചായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഉദ്ബോധിപ്പിച്ചു.
നൂതന മാധ്യമങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏഷ്യയിലെ സഭ വളരെ പിന്നിലാണെന്നും, നമ്മുടെ ചിന്താധാരകളെ ഉടച്ചു വാര്‍ത്ത് ഡിജിറ്റല്‍ സംസ്കാരത്തിന്‍റെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സഭ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു കാലത്ത് ആശയ വിനിമയരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ചരിത്രം സഭയ്ക്കുണ്ടെന്നും അതിനിയും തുടരണമെന്നും ഡോ. ചൈനാറോംങ് അഭ്യര്‍ത്ഥിച്ചു. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ വത്തിക്കാന്‍ റേഡിയോ നടത്തിയ പരിഷ്ക്കാരങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ 3ാം തിയതി തിങ്കളാഴ്ച ആരംഭിച്ച പരിശീലന പരിപാടി 9ാം തിയതി ഞായറാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.