2012-09-04 16:04:08

ക൪ദ്ദിനാള്‍ മര്‍ത്തീനിയ്ക്ക് മാ൪പാപ്പയുടെ ആദരാഞ്ജലി


04 സെപ്തംബര്‍ 2012, റോം
ക൪ദ്ദിനാള്‍ മരിയ മ൪ത്തീനി ദൈവത്തിനുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നുവെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ മാ൪പാപ്പ. ദിവംഗതനായ ക൪ദ്ദിനാളിന് അന്തിമോപചാരമ൪പ്പിച്ചു കൊണ്ടുള്ള സന്ദേശത്തിലാണ് മാ൪പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കര്‍ദിനാളിന്‍റെ ചിന്തകളും പ്രവൃത്തികളും ദൈവസ്നേഹത്താല്‍ പ്രചോദിതമായിരുന്നു. വിശുദ്ധഗ്രന്ഥം പഠിക്കുക മാത്രം ചെയ്ത ഒരു പണ്ഡിതനായിരുന്നില്ല അദ്ദേഹം. ദൈവവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ജനങ്ങളുടെ ഹൃദയത്തിലെത്തിക്കുകയും ചെയ്ത ശ്രേഷ്ഠ ആചാര്യനായിരുന്നു കര്‍ദിനാളെന്ന് മാ൪പാപ്പ തന്‍റെ സന്ദേശത്തില്‍ അനുസ്മരിച്ചു

സെപ്തംബര്‍ 3ാം തിയതി തിങ്കളാഴ്ച മിലാനിലെ ഭദ്രാസന ദേവാലയത്തില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയില്‍ പേപ്പല്‍ പ്രതിനിധി കര്‍ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി മുഖ്യകാര്‍മ്മികനായിരുന്നു. ഭദ്രാസന ദേവാലയത്തിനുള്ളില്‍ തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ കര്‍ദിനാള്‍ മര്‍ത്തീനിയുടെ ഭൗതികശരീരം കബറടക്കി. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മിലാനിലെത്തിയത്.

അംബ്രോസിയന്‍ റീത്തിലെ ആരാധനാക്രമം പിന്തുടരുന്ന മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു ക൪ദ്ദിനാള്‍ മ൪ത്തീനി. ഈശോസഭാംഗമായിരുന്ന അദ്ദേഹം 1980 മുതല്‍ 2002 വരെ മിലാ൯ അതിരൂപതയെ നയിച്ചു. 1983ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്.









All the contents on this site are copyrighted ©.