2012-09-04 16:05:10

മതനിന്ദാക്കേസ്: പാക് ഇമാം അറസ്റ്റില്‍


04 സെപ്തംബര്‍ 2012, ഇസ്ലാമാബാദ്
മതനിന്ദാക്കേസില്‍ പാക്കിസ്ഥാനിലെ ഇമാം ഖാലിദ് ചിഷ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഖുര്‍ആന്റെ പേജുകള്‍ കത്തിച്ചെന്ന കുറ്റത്തിന് റിംഷ മസീഹ് എന്ന 14-കാരിയെ രണ്ടാഴ്ചമുമ്പ് അറസ്റ്റുചെയ്ത സംഭവുമായി ബന്ധപ്പെട്ടാണ് ഇമാമിന്‍റ‍െ അറസ്റ്റ്. പെണ്‍കുട്ടിക്കെതിരെ കൃത്രിമത്തെളിവ് ചമച്ചെന്ന് സാക്ഷികള്‍ മൊഴിനല്‍കിയതിനെത്തുടര്‍ന്നാണ് ഇസ്‌ലാമാബാദിനടുത്ത് മെഹ്‌റാബാദിലെ ഇമാം ഖാലിദ് ചിഷ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയില്‍നിന്ന് പിടിച്ചെടുത്ത കത്തിച്ച കടലാസുകഷണങ്ങള്‍ക്കൊപ്പം ചിഷ്ടി ഖുര്‍ ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ക്കുന്നതു കണ്ടുവെന്നാണ് ഇമാമിന്‍റെ സഹായികള്‍ മൊഴിനല്‍കിയത്. അതേസമയം, മതനിന്ദാ കേസില്‍ അറസ്റ്റിലായ റിംഷ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച് മാനസികവളര്‍ച്ച കുറഞ്ഞ കുട്ടിയാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

ഇമാമിന്‍റെ അറസ്റ്റ് റിംഷയുടെ നിരപരാധിത്വം വെളിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ തഹീര്‍ നവീദ് ചൗദരി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമായ സ്ഥിതിക്ക് കുട്ടിയെ എത്രയും വേഗം ജയില്‍ മോചിതയാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റാവല്‍പ്പിണ്ടിയിലെ അതീവസുരക്ഷാ ജയിലായ അദിയാലയില്‍ കഴിയുന്ന റിംഷയുടെ ജാമ്യാപേക്ഷ 8ാം തിയതി വെള്ളിയാഴ്ച കോടതി പരിഗണിക്കും. അറസ്റ്റിലായ ഇമാമും രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ അദിയാല ജയിലില്‍ തന്നെയുണ്ട്.

അതിനിടെ, ബുദ്ധിവികാസമില്ലാത്ത പാവം പെണ്‍കുട്ടിയെ ഇത്തരമൊരു കേസില്‍ കുടുക്കി അറസ്റ്റുചെയ്തതിനെതിരെ നിരവധി മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മതനിന്ദാ നിയമം പലപ്പോഴും വ്യക്തിവൈരാഗ്യം തീര്‍ക്കാനും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനും ദുരുപയോഗിക്കുന്നുണ്ടെന്ന ആരോപണവും പാക്കിസ്ഥാനില്‍ ശക്തമായിരിക്കുകയാണ്.
All the contents on this site are copyrighted ©.