2012-09-03 15:23:28

സത്യം നമ്മിലൂടെ നൂതനമായി പ്രകാശിക്കട്ടെ: മാര്‍പാപ്പ


03 സെപ്തംബര്‍ 2012, കാസില്‍ ഗണ്‍ഡോള്‍ഫോ
സത്യം നമ്മെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യാന്‍ നാം സ്വയം അനുവദിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കാസില്‍ ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ സെപ്തംബര്‍ 2ാം തിയതി ഞായറാഴ്ച റാത്സിംഗര്‍ സ്ക്കൂളിലെ അംഗങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു മാര്‍പാപ്പ.
ഇന്ന് സത്യവും അസഹിഷ്ണുതയും വളരെ അടുത്ത യാഥാര്‍ത്ഥ്യങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ സത്യമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ അസഹിഷ്ണുതയുടെ പര്യായമായി മാറുന്നു. എന്നാല്‍ ക്രൈസ്തവരാകട്ടെ സത്യത്തില്‍ വിശ്വസിക്കാനും സത്യം പ്രഘോഷിക്കാനും ധൈര്യപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍, ജീവനുള്ള സത്യത്തില്‍ ഭാഗഭാക്കുകളായ നാം സത്യത്താല്‍ നയിക്കപ്പെടേണ്ടവരാണ്. സത്യത്താല്‍ നയിക്കപ്പെടുന്നതിന് സ്വയം അനുവദിക്കാന്‍ നാം പഠിക്കണം. അങ്ങനെ, ലോകരക്ഷയ്ക്കു വേണ്ടി സത്യം നമ്മിലൂടെ പുതിയതായി പ്രകാശിക്കപ്പെടുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു.
റാത്സിംഗറുടെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികള്‍ക്കു പുറമേ മാര്‍പാപ്പയുടെ ദൈവശാസ്ത്ര ചിന്താധാരകളെ ആധാരമാക്കി ഗവേഷണം നടത്തുന്ന ഡോക്ടറല്‍ വിദ്യാര്‍ത്ഥികളെയും അടുത്ത കാലത്ത് റാത്സിംഗര്‍ സ്കൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതാന്തര സംവാദമാണ് ഇക്കൊല്ലം റാത്സിംഗര്‍ സ്കൂള്‍ പഠനവിഷയമാക്കിയത്. ആഗ്ലിക്കന്‍, ലൂഥറന്‍ ക്രൈസ്തവ സമൂഹങ്ങളോട് കത്തോലിക്കാ സഭ നടത്തുന്ന സഭൈക്യ സംവാദമായിരുന്നു മുഖ്യ ചിന്താവിഷയം.








All the contents on this site are copyrighted ©.