2012-09-03 15:24:10

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം


03 സെപ്തംബര്‍ 2012, ഹിമാചല്‍ പ്രദേശ്
മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ ഹിമാചല്‍ പ്രദേശിലെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഇന്ത്യന്‍ ക്രൈസ്തവരുടെ ആഗോള സമിതി (Global Council of Indian Christians – GCIC) സ്വാഗതം ചെയ്തു. പ്രസ്തുത നിയമത്തിലെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. ഹിമാചല്‍ പ്രദേശില്‍ 2007ല്‍ പ്രാബല്യത്തില്‍ വന്ന ആന്‍റി കണ്‍വേര്‍ഷന്‍ നിയമത്തിനെതിരേ 2011ല്‍ ക്രൈസ്തവ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല, സ്വന്തം വിശ്വാസം ഏറ്റു പറയാനും മതം മാറാനും, തന്‍റെ വിശ്വാസം രഹസ്യമാക്കി വയ്ക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
കോടതി വിധി സ്വാഗതം ചെയ്ത ഇന്ത്യന്‍ ക്രൈസ്തവരുടെ ആഗോള സമിതി സ്വതന്ത്രമായി മതം മാറുന്നവര്‍ തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. എല്ലാ മതവിശ്വാസികള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ വേണ്ട സംരക്ഷണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ഹിമാചല്‍ പ്രദേശില്‍ നിലവിലുള്ള മത നിയമ പ്രകാരം, ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്കു മാറുന്നത് നിയമവിരുദ്ധമാണ്. ഒരു മജിസ്ത്രേട്ടിന്‍റെ അന്വേഷണവും അനുമതിയും കൂടാതെ മതം മാറാനും സാധ്യമല്ല. അതിനു പുറമേ, ചിലപ്പോഴൊക്കെ മതപരിവര്‍ത്തനം നടത്തുന്നവരില്‍ നിന്ന് പിഴയും ഈടാക്കുന്നുണ്ട്.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് ആശ്വാസദായകമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി (സി.ബി.സി.ഐ) വക്താവ് ഫാ. ഡൊമനിക്ക് ദാബ്രിയോ പ്രസ്താവിച്ചു. കോടതിയുടെ നടപടി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ പോരാടുന്നവര്‍ക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.