2012-09-03 15:23:52

നരോദ പാട്യ വിധി – ക്രൈസ്തവ സമിതിയുടെ പ്രതികരണം


03 സെപ്തംബര്‍ 2012, അഹമ്മദാബാദ്
ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദിലെ കോടതി നടത്തിയ വിധി പ്രഖ്യാപനം നീതിയുക്തമാണെന്ന് ഗുജറാത്തിലെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം പ്രശാന്തിന്‍റെ ഡയറക്ടര്‍ ഫാ.സെഡറിക് പ്രകാശ് എസ്.ജെ. പ്രസ്താവിച്ചു. ബി.ജെ.പി. നേതാവും മുന്‍മന്ത്രിയുമായ ഡോ. മായ കോഡ്‌നാനി ബജ്‌റംഗദള്‍ നേതാവും മുന്‍ എം.എല്‍.എയുമായ ബാബു ബജ്‌റംഗി എന്നിവര്‍ ഉള്‍പ്പെടെ 32 പേര്‍ക്കാണ് പ്രത്യേക ജഡ്ജി ജ്യോത്സ്‌ന യാജ്ഞിക് ശിക്ഷ വിധിച്ചത്. വര്‍ഗീയ കലാപങ്ങള്‍ സമൂഹത്തെ ബാധിക്കുന്ന അര്‍ബുദമാണെന്നും ഈ കേസില്‍ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് ഒരു പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു.
ഗുജറാത്ത് കലാപത്തില്‍ പ്രതികളായ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് ഫാ.സെഡറിക് പ്രകാശ് പ്രസ്താവിച്ചു. ഗുജറാത്ത് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരാന്‍ പ്രയത്നിക്കുന്നവര്‍ക്ക് ഈ വിധി പ്രോത്സാഹനം പകരും. ആക്രമണത്തിനിരയായവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായവര്‍ക്കും ആശ്വാസമേകുന്നതാണ് കോടതി വിധിയെന്നും ഫാ. പ്രകാശ് അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിചാരണ തുടരുന്ന മറ്റു കേസുകളിലും നീതി നടപ്പിലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2002 ലെ ഗുജറാത്ത് കലാപകാലത്തെ വലിയ കൂട്ടക്കുരുതികളിലൊന്നാണ് നരോദപാട്യ സംഭവം. ഗോധ്രയില്‍ തീവണ്ടി തീവെച്ച സംഭവത്തിന് പിറ്റേന്ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദിനിടയിലാണ് ആക്രമണം നടന്നത്. ഉത്തര അഹമ്മദാബാദിലെ നരോദപാട്യയില്‍ ന്യൂനപക്ഷസമുദായക്കാരായ 97 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, നരോദപാട്യ കൂട്ടക്കൊലയില്‍ ശിക്ഷവിധിച്ച ജഡ്ജി ഡോ. ജ്യോത്സ്‌ന യാഗ്‌നിക്കിന് ഉടന്‍ മതിയായ സുരക്ഷയും സംരക്ഷണവും നല്‍കണമെന്ന് ഗുജറാത്തിലെ മുന്‍ ഡി.ജി.പി.യും മലയാളിയുമായ ആര്‍.ബി. ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നതിന് അര്‍ഥമില്ലെന്ന് ഉപദേശിക്കുന്ന വര്‍ഗ്ഗീയ സംഘടനകള്‍ക്ക് ഈവിധി കനത്ത പ്രഹരമാണ് നല്കിയത്. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ജനങ്ങളില്‍ വിശ്വാസം ഉടലെടുക്കാന്‍ ഈ വിധികാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.