2012-09-03 15:24:21

അസമില്‍ സമാധാന ചര്‍ച്ച


03 സെപ്തംബര്‍ 2012, അസം
വംശീയ സംഘര്‍ഷത്തിനിരയായ അസമില്‍ സമുദായ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തി. സംയുക്ത സമാധാന സമിതിയുടേയും( Joint Peace Mission Team – JPMT) ഇന്‍റര്‍ ചര്‍ച്ച് സമാധാന മിഷന്‍റെയും (ICPM) ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 3 മുസ്ലീം നേതാക്കളും ബോഡോ സമൂഹങ്ങളിലെ 5 നേതാക്കളും പങ്കെടുത്തു. ബൊന്‍ഗായിഗാവ് രൂപതാധ്യക്ഷന്‍റെ ഔദ്യോഗിക വസതിയിലാണ് സമാധാന ചര്‍ച്ച നടന്നത്.
ചര്‍ച്ചയില്‍ പങ്കെടുത്ത സമുദായ നേതാക്കള്‍ തങ്ങളുടെ സമുദായാംഗങ്ങളോട് സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അക്രമത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും സമുദായ നേതാക്കള്‍ സമാപന സന്ദേശത്തില്‍ പ്രസ്താവിച്ചു. സംഘര്‍ഷ മേഖലകളിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നത മറികടക്കാന്‍ സഹായിക്കുന്ന വിവിധ പ്രായോഗിക പദ്ധതികള്‍ക്കു പ്രോത്സാഹനവും പിന്തുണയും നല്‍കാനും സമ്മേളനത്തില്‍ തീരുമാനമായി. കൂടുതല്‍ നേതാക്കള്‍ പങ്കെടുക്കുന്ന സമാധാന ചര്‍ച്ച സെപ്തംബര്‍ 22ാം തിയതി ഗുവഹാത്തിയില്‍ നടത്താനും കൊക്രാജാര്‍ ജില്ലയില്‍ സമാധാന റാലി നടത്താനും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ സന്‍മനസ്സ് ഉള്ളവരാക്കുന്നതാണ് സമാധാനത്തിലേക്കുള്ള ആദ്യപടിയെന്ന് സമാധാന ചര്‍ച്ചയുടെ നേതൃസമിതിയംഗമായ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.