2012-09-01 19:17:00

നഷ്ടപ്പെടുത്തലുകള്‍ നിത്യരക്ഷയുടെ നേട്ടമാക്കിയവന്‍
2 സെപ്റ്റംമ്പര്‍, സീറോ മലബാര്‍ റീത്ത്


RealAudioMP3
വിശുദ്ധ ലൂക്കാ 18,35 – 19,10
മിശിഹായില്‍ സ്നേഹമുള്ള സഹോദരീ സഹോദരന്മാരേ, നമ്മുട കര്‍ത്താവീശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ നിരന്തരമായ സഹായവും എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ!

ഇന്നു നാം ആരാധന വത്സരത്തിലെ പുതിയൊരു കാലത്തിലേയ്ക്ക്, ഏലിയാ ശ്ലീവാ മൂശക്കാലത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. കുരിശിന്‍റെ വിജയവും നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ രണ്ടാമത്തെ ആഗമനവുമാണ് വരുന്ന ഒന്‍പതാഴ്ചകളിലായി നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്. സെപ്റ്റംമ്പര്‍ പതിനാലാം തിയതി ആചരിക്കുന്ന കുരിശിന്‍റെ പുകഴ്ചയാണ് ഈ കാലത്തിന്‍റെ കേന്ദ്രബിന്ദു, നടുത്തുണ്ടം. മത്തായിയുടെ സുവിശേഷം 24, 30-ാം വാക്യത്തില്‍ മിശിഹായുടെ ദ്വിതീയാഗമനത്തിനുമുന്‍പ് ആകാശമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞിട്ടുള്ള അടയാളം കുരിശാണെന്ന വിശ്വാസം ആദിമ സഭയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുരിശിന്‍റെ ശക്തിയും വിജയവും ഈ ഒന്‍പതാഴ്ചകളില്‍ നാം പ്രത്യേകമായി അനുസ്മരിക്കുന്നതും ധ്യാനിക്കുന്നതും.

പരിശുദ്ധ കത്തോലിക്കാ സഭ ഇന്ന് നമ്മുടെ വിചിന്തനത്തിനായി നല്കുന്നത് ലൂക്കായുടെ സുവിശേഷം 18,35 – 19,10 വരെയുള്ള തിരുവചന ഭാഗമാണ്. സക്കേവൂസിനു ലഭിച്ച രക്ഷയെക്കുറിച്ചും സക്കേവൂസിന്‍റെ മിശിഹാ അനുഭവത്തെക്കുറിച്ചുമാണ് ഇവിടെ നാം വായിക്കുന്നത്.

രക്ഷയുടെ സുവിശേഷം എന്നാണല്ലോ പൊതുവേ ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നത്.
ഇവിടെ രക്ഷയെന്നു പറയുന്നത് ആദ്യ പാപംമൂലം നഷ്ടപ്പെട്ടുപോയ ദൈവപുത്രസ്ഥാനം മിശിഹായിലൂടെ വീണ്ടെടുക്കപ്പെട്ടതിനെയാണ്. മനുഷ്യരാശിയുടെ സമഗ്ര വിമോചനമായിരുന്നു യേശുവിന്‍റെ ദൗത്യം. ലൂക്കായുടെ സുവിശേഷം 4, 18-ല്‍ ഈ വിമോചനത്തിന്‍റെ വിപുലമായ വ്യാഖ്യാനം നാം കാണുന്നുണ്ട്. ഇവിടെ രക്ഷയെന്നുള്ളത്
ബന്ധിതര്‍ക്കു മോചനവും, പിശാചുബാധയില്‍നിന്നും പാപത്തില്‍നിന്നും രോഗത്തില്‍നിന്നും മരണത്തില്‍നിന്നുമൊക്കെയുള്ള വിമോചനമാണ്. ഇവിടെ സക്കേവൂസ് അനുഭവിച്ച രക്ഷ മേല്‍പ്പറഞ്ഞതിന്‍റെയെല്ലാം ആകത്തുകയാണ്.

സ്ക്കേവൂസ് എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ദൈവം നോക്കി’ എന്നാണ്. യേശുവിനെ നോക്കുന്ന സ്ക്കേവൂസും, സക്കേവൂസിനെ കാണുന്ന യേശുവും. ഒരു പരസ്പര നോട്ടത്തിന്‍റെ അല്ലെങ്കില്‍
ഹൃദയ കൈമാറ്റത്തിന്‍റെ വികാരനിര്‍ഭരമായ രംഗമാണ് ഇവിടെ നാം കാണുന്നത്. പാപത്തില്‍ കഴിഞ്ഞിരുന്ന സ്ക്കേവൂസിന് ദൈവിക ദര്‍ശനത്തിനാവശ്യമായ ആദ്ധ്യാത്മിക പൊക്കമുണ്ടായിരുന്നില്ല. അതുകൊണ്ട് അവന്‍ ഒരു സിക്കമൂര്‍ മരത്തില്‍ കയറി ഇലകള്‍ക്കിടയിലൂടെ യേശുവിനെ നോക്കുകയാണ്. ഈ ഒളിച്ചിരിപ്പിലും നോട്ടത്തിലും രക്ഷയുടെ ഒട്ടനവധി സാദ്ധ്യതകള്‍ തെളിയുന്നുണ്ട്.

അകലെനിന്നു മാത്രം കാണാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തവന്‍റെ ഭവനത്തില്‍ അവനോടൊത്ത് ഭക്ഷിക്കുകയും, അവന്‍റെ ഭവനത്തില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന യേശു!
ആ സന്ധ്യയില്‍ തന്‍റെ ജീവിതത്തിലാകമാനം തകിടംമറിച്ചില്‍ അനുഭവിക്കുന്ന സക്കേവൂസ്!!
സ്വയം ഒരുപാട് നഷ്ടപ്പെടുത്തലുകള്‍ക്ക് തന്നെത്തന്നെ വിധേയനാക്കി അയാള്‍ രക്ഷകനായ മശിഹായെ ജീവിതത്തിലേയ്ക്ക് സ്വാഗതംചെയ്യുന്നു. ഒരു നോട്ടത്തിലൂടെയാണ് എല്ലാം തകിടം മറിയുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ രണ്ടിടങ്ങളില്‍ ദൈവത്തിന്‍റെ ഈ നോട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സങ്കീര്‍ത്തനം
14-ലും 53-ലും. അവിടെ നാം ഇപ്രകാരം വായിക്കുന്നു. ‘ദൈവത്തെ അന്വേഷിക്കുന്നവരുണ്ടോയെന്ന് അവിടുന്ന് സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കിയെന്ന്’.

പ്രിയമുള്ളവരേ, നമ്മുടെ ജീവിതം ഒരു ദൈവാന്വേഷണമായി മാറണം. ദൈവത്തെ കാണാനുള്ള ആഗ്രഹം ഉള്ളില്‍ ഉടലെടുക്കുമ്പോള്‍ നാം അറിയാതെ രക്ഷ, മിശിഹാ നമ്മിലേയ്ക്ക് കടന്നുവരും. ഒരു നിമിഷം നമ്മോടുതന്നെ ചോദിക്കാം. ഞാന്‍ കര്‍ത്താവിനെ കണ്ടു വെറുതേ മടങ്ങിയാല്‍ മതിയോ? പോരെന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. യേശുവിനെ കാണുക മാത്രമല്ല, സക്കേവൂസിനെപ്പോലെ യേശുവിനെ രക്ഷകനും നാഥനും നമ്മുടെ ജീവിതത്തിലിന്‍റെ നിയന്താവുമായി സ്വീകരിക്കണം.
ജെറമിയാ പ്രവാചകന്‍റെ പുസ്തകം 29, 3-ാം വാക്യത്തില്‍ പ്രവാചകനിലൂടെ ദൈവം പറയുന്നുണ്ട്. പൂര്‍ണ്ണഹൃദയത്തോടെ നിങ്ങളെന്നെ വിളിച്ചപേക്ഷിച്ചാല്‍ എന്നെ കണ്ടെത്തുമെന്ന്. സക്കേവൂസ്
ഹൃദയ പരമാര്‍ത്ഥതയോടെ ആഗ്രഹിച്ചു. അതിനുവേണ്ടി പരിശ്രമിച്ചു. അവന്‍ മിശിഹായെ കണ്ടു. വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, “ഹൃദയപരമാര്‍ത്ഥതയോടെ അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കര്‍‍ത്താവ് സമീപസ്ഥനാണ്.” ഇതിന്‍റെ അന്തസത്തയാണല്ലോ നാം മത്തായിയുടെ സുവിശേഷം 7,
8-ാം തിരുവചനത്തില്‍ കാണുന്നത്. അവിടെ ഈശോ പറയുന്നു. “അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും.”

സക്കേവൂസ് ഹൃദയപരമാര്‍ത്ഥയോടെ അന്വേഷിച്ചു. അതവന് രക്ഷ പ്രധാനംചെയ്തു. സക്കേവൂസ് മാത്രമല്ല രക്ഷ സ്വീകരിച്ചത്, അവനോടുകൂടെ അവന്‍റെ കുടുംബവും അതു സ്വീകരിച്ചു. അതും ജീവിതത്തിന്‍റെ മൂന്നു തലങ്ങളിലും - വ്യക്തിതലത്തിലും കുടുബതലത്തിലും സമൂഹ്യതലത്തിലും,
എല്ലാ തലങ്ങളിലും രക്ഷിക്കപ്പെട്ടവനായി തീര്‍ന്നു സക്കേവൂസ്.

സ്നേഹമുള്ളവരേ, രക്ഷ അനിവാര്യമാണെന്ന ബോധ്യം നമുക്കുണ്ടാവണം. സ്ക്കേവൂസ് യേശുവിനെ കാണാന്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ഓടിയകന്ന് സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. സക്കേവൂസിനെപ്പോലെ നമുക്കും ആള്‍ക്കൂട്ടത്തില്‍നിന്ന് ഓടിയകലാന്‍ കഴിയണം. യേശുവിനെ കാണാന്‍ കഴിയുന്ന ദൂരത്തേയ്ക്ക് അവന്‍ ഓടിയെന്നാണ് വചനം പറയുന്നത്. സക്കേവൂസിന്‍റെ ഓട്ടത്തില്‍ ഒരു നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. എനിക്കേശുവിനെ കാണണം. എനിക്കേശുവിനെ കണ്ടേതീരൂ. ആയതിനാല്‍ അവന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നോടിയകലുന്നു. സ്ക്കേവൂസിന് ഈ ഓട്ടത്തിന്‍റെ അകലം ഒരു സിക്കമൂര്‍ മരമാണെങ്കില്‍, സാവൂളിന് ഡമാസ്ക്കസ് വഴിയിലെ വീഴ്ചയും, പാപിനിയായ സ്ത്രീയ്ക്ക് സമൂഹം കല്ലെറിയാന്‍ തുടങ്ങുന്ന ഒരു തകര്‍ച്ചവരെയും ആയിരുന്നു.

ഇന്ന് ഈശോ നമ്മോടു ചോദിക്കുന്നു, നിനക്കും രക്ഷ പ്രാപിക്കണോ? ഉത്തരം പറയേണ്ടത് നാം ഓരോരുത്തരുമാണ്. നിനക്കു രക്ഷപ്രാപിക്കണമെങ്കില്‍, ജനക്കൂട്ടത്തില്‍നിന്ന് നീ ഓടിയകലണം. ഒരുപക്ഷേ, നീ നെഞ്ചോട് അടക്കിപ്പിടിച്ചിരിക്കുന്ന പല സന്തോഷങ്ങളാകാം ഈ ജനക്കൂട്ടം. നിന്‍റെ പ്രിയപ്പെട്ടവരാകാം. അതുമല്ലെങ്കില്‍ നിനക്കു പ്രിയപ്പെട്ട മോഹങ്ങളോ, ദൈവത്തിന് അഹിതമായ
നിന്‍റെ വിചാരങ്ങളോ വികാരങ്ങളോ പ്രവര്‍ത്തികളോ ആകാം ഈ ജനക്കൂട്ടം. അവയെല്ലാം ഉപേക്ഷിച്ച് യേശുവിനെ തേടി ഓടേണ്ട സമയമായിരിക്കുന്നു.

ഒരിക്കല്‍ ദൈവത്തെ കണ്ടുമുട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് സക്കേവൂസ് വളരെ വ്യക്തമായി നമ്മെ പഠിപ്പിച്ചു. രക്ഷകനെ കണ്ടപ്പോള്‍ പഴയ സക്കേവൂസ് മരിക്കുന്നു. പാപത്തില്‍, ജഡീക ജീവിതത്തില്‍ സ്ക്കേവൂസ് മരിച്ച് രക്ഷയില്‍ പുനര്‍ജനിക്കുന്നു. ദൈവത്തെ കാണണമെങ്കില്‍ പാപത്തില്‍ മരിക്കണം. പുറപ്പാടിന്‍റെ പുസ്തകം 33, 20-ല്‍ ദൈവം മോശയോട് പറയുന്നു. “നീയെന്‍റെ മുഖം കാണ്ടാല്‍ മരിക്കും,” എന്ന്. പാപത്തില്‍ മരിച്ചാലേ രക്ഷയുള്ളൂ.

എല്ലാവര്‍ക്കും രക്ഷനല്കാന്‍ കാത്തിരിക്കുന്നവനാണ് ദൈവം. ദൈവത്തിന്‍റെ ഈ സാര്‍വ്വത്രിക രക്ഷ സ്വീകരിക്കണമെങ്കില്‍ അവന്‍റെ മുന്നില്‍ നാം ഹൃദയം തുറക്കണം. ജീവിതത്തിന്‍റെ പൂമുഖത്തേയ്ക്ക് മാത്രമല്ല, പിന്നാമ്പുറത്തേയ്ക്കും ഈശോയെ നാം കൂട്ടിക്കൊണ്ടുപോകണം. യേശുവിനെ കാണണം, തിരിച്ചു പോകണം. നന്മയില്‍ ജീവിക്കണം എന്നായിരുന്നു സക്കേവൂസിന്‍റെ ആഗ്രഹം. എന്നാല്‍
അവന് യേശുവിനെ കാണണം അനുഗ്രഹം പ്രാപിക്കണം. തിരിച്ചുപോകണം എന്ന് ആഗ്രഹിച്ചു.
അവന്‍റെ ജീവിത സാഹചര്യങ്ങളില്‍ പുതിയ മനുഷ്യനായി ജീവിക്കണം എന്നതായിരുന്നു ഈശോയുടെ ആഗ്രഹം.

എല്ലാവര്‍ക്കും രക്ഷ നല്കാന്‍ കാത്തിരിക്കുന്നവനാണ് ദൈവം. വെറുമൊരു നോട്ടത്തിലൂടെ കരഗതമാകേണ്ട സ്വര്‍ഗ്ഗസുഖം എത്രയോ വര്‍ഷങ്ങളായി നമ്മള്‍ പാഴാക്കുന്നു. എന്‍റെ രക്ഷയെന്നുള്ളത് ഞാന്‍ സ്വയം പരിശ്രമിച്ച് പ്രാപിക്കേണ്ട ഒന്നാണ്. വിശുദ്ധ അഗസ്തീനോസും ജരൂസലേമിലെ
വിശുദ്ധ സിറിലും പറയുന്നത്, ദൈവത്തെ കാണണമെങ്കില്‍ ‘ഭൗതിക ജീവിത സാഹചര്യങ്ങളില്‍നിന്ന്
ആത്മീയതലത്തിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നാണ്.’ നമ്മുടെ ജീവിതം ആത്മീയതയിലേയ്ക്കുള്ള തീര്‍ത്ഥാടനമാണ്. ഈ തീര്‍ത്ഥാടനത്തില്‍ ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കേണ്ടിയിരിന്നു. ഈ തീര്‍ത്ഥയാത്രയ്ക്ക് ആര്‍ത്ഥമുണ്ടാകണമെങ്കില്‍ എന്തു ചെയ്യണമെന്ന് കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സ്ക്കേവൂസിനെ അബ്രാഹത്തിന്‍റെ പുത്രസ്ഥാനത്തേയ്ക്ക് യേശു ഉയര്‍ത്തി. നമുക്കും ദൈവത്തിന്‍റെ പുത്രസ്ഥാനത്തേയ്ക്ക് ഉയരണമെങ്കില്‍ സക്കേവൂസിനെപ്പോലെ നാമും ദാനംചെയ്യാനും ഉപേക്ഷിക്കാനും തയ്യാറാകണം. സക്കേവൂസ് ദാനംചെയ്തപ്പോള്‍, ഉപേക്ഷിച്ചപ്പോള്‍ സക്കേവൂസിന്‍റെ ഭവനത്തിലേയ്ക്ക് രക്ഷകന്‍ കടന്നുവന്നു.


സക്കേവൂസിന്‍റെ ഭവനത്തിലേയ്ക്കു രക്ഷ കടന്നുവന്നു. എന്‍റെ ഭവനത്തിലും ഞാനീ രക്ഷ അനുഭവിക്കാറുണ്ടോ? രക്ഷ എല്ലാവര്‍ക്കും നല്കാന്‍ കാത്തിരിക്കുന്നവനാണ് ദൈവം. എന്‍റെ രക്ഷയെന്നുള്ളത് ഞാന്‍ സ്വയം പരിശ്രമിച്ച് സ്വായത്തമാക്കേണ്ട ഒന്നാണെന്നും ഞാന്‍ രക്ഷിക്കപ്പെടുമ്പോള്‍ എനിക്കു ചുറ്റുമുള്ളവര്‍കൂടി രക്ഷിക്കപ്പെടുന്നുവെന്നും സക്കേവൂസ് നമ്മെ പഠിപ്പിക്കുന്നു.
സക്കേവൂസിന്‍റെ അതേ പാഠം നമ്മുടെ ജീവിതങ്ങളിലും ആവര്‍ത്തിക്കപ്പെടണമെന്ന് ഈശോ ആഗ്രഹിക്കുന്നു. അതിനായി നമുക്ക് പരിശ്രമിക്കാം. രക്ഷകനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ഫാദര്‍ സജി കൊല്ലംപറമ്പില്‍ വി.സി.
സെന്‍റ് തോമസ് പ്രോവിന്‍സ്








All the contents on this site are copyrighted ©.