2012-08-29 20:34:05

തൊഴിലാളികളുടെ പ്രേഷിതന്‍
ഡീനോ കൊളൂസ്സി അന്തരിച്ചു


29 ആഗസ്റ്റ് 2012, ഡല്‍ഹി
ഇന്ത്യയിലെ ഇറ്റാലിയന്‍ മിഷണറിമാരുടെ അറ്റുതീരുന്ന കണ്ണിയായി ഫാദര്‍ ഡീനോ കൊളൂസി അന്തരിച്ചു. ആഗസ്റ്റ് 27-ാം തിയതി എണ്‍പത്തി മൂന്നാമത്തെ വയസ്സില്‍ ഹൃദയാഘാതം മൂലമാണ് ഫാദര്‍ കൊളൂസ്സി ഡല്‍ഹിയില്‍ അന്തരിച്ചത്. 1955-ല്‍ ഇറ്റലിയില്‍നിന്നും മിഷണറിമാരായി ഇന്ത്യയിലെത്തിയ അഞ്ചു കൊളൂസ്സി സഹോദരങ്ങളില്‍ അവസാന കണ്ണിയാണ് അന്തരിച്ച ഡീനോ കൊളൂസി.

കല്‍ക്കട്ട നഗരം കേന്ദ്രീകരിച്ച് യുവജനങ്ങളുടെ സ്വയംതൊഴില്‍ മേഖലയില്‍ നൂതനവും തനിമയാര്‍ന്നതുമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടാണ് സലീഷ്യന്‍ സഭാംഗമായ ഡീനോ കൊളൂസ്സി ഭാരതത്തില്‍ ശ്രദ്ധേയനായത്. ആഗസ്റ്റ് 30-ാം തിയതി റാഞ്ചി ഡോണ്‍ബോസ്ക്കോ ഭവനിലെ കൊളൂസ്സി സഹോദരങ്ങളുടെ കബറിടത്തില്‍ അടക്കംചെയ്യപ്പെടുന്ന ഫാദര്‍ ഡീനോ കൊള്ളൂസ്സിയുടെ അന്തിമോപചാര ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ മുഖ്യകാര്‍മ്മികനായിരിക്കുമെന്നും സലീഷ്യന്‍ സഭാ വക്താവ്, ഫാദര്‍ സി.എം പോള്‍ കല്‍ക്കട്ടിയില്‍നിന്നും വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനംചെയ്ത് കടന്നുപോയ ഗ്വീദോ, ഫെറൂച്യോ, ലൂച്യാനോ, റീനാ എന്നീ സലീഷ്യന്‍ മിഷണറിമാര്‍, അന്തരിച്ച ഫാദര്‍ ഡിനോയുടെ സഹോദരങ്ങളായിരുന്നു.









All the contents on this site are copyrighted ©.