2012-08-27 20:31:25

വിശ്വാസം അറിവു തരും
അറിവ് വിശ്വാസം തരണമെന്നില്ലെന്ന് പാപ്പ


RealAudioMP3
27 ആഗസ്റ്റ് 2012, കാസില്‍ ഗണ്ടോള്‍ഫോ
കഫര്‍ണാമിലെ വിജനപ്രദേശത്തുവച്ച് ക്രിസ്തു അഞ്ചപ്പവും രണ്ടും മീനും വര്‍ദ്ധിപ്പിച്ച് വന്‍ജനാവലിയെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ സംഭവം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ വായിക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കഫര്‍ണാമിലെതന്നെ സിനഗോഗില്‍വച്ച്
‘ജീവന്‍റെ അപ്പ’ത്തെക്കുറിച്ചു ക്രിസ്തു നടത്തിയ പ്രബോധനമാണ് കഴിഞ്ഞ ആഴ്ചകളില്‍ നാം ധ്യാന വിഷയമാക്കിയത്. ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്, ഈ പ്രബോധനത്തോടുള്ള ശിഷ്യന്മാരുടെ പ്രതികരണമാണ്. ക്രിസതുതന്നെ വളരെ ബോധപൂര്‍വ്വം അവരില്‍ ഉണര്‍ത്തിയ പ്രതികരണമായിരുന്നിരിക്കണം.

തന്‍റെ രക്ഷാകരപദ്ധതി വെളിപ്പെടുത്തുന്ന ഗാംഭീര്യമാര്‍ന്ന ഈ പ്രഭാഷണത്തിനു ശേഷം, ശിഷ്യന്മാരില്‍ ധാരാളംപേര്‍ ക്രിസ്തുവിനെ വിട്ട് പൊയ്ക്കളഞ്ഞു. (യോഹ. 6, 66). ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തുന്ന സുവിശേഷകാരന്‍ യോഹന്നാന്‍ ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന കാര്യം മറക്കരുത്. “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാനാണെന്നും, എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും,” (യോഹ. 6, 51, 54) എന്ന ക്രിസ്തുവിന്‍റെ വളരെ സങ്കീര്‍ണ്ണമായ മൊഴികള്‍ ശിഷ്യന്മാരില്‍ പലര്‍ക്കും വിശ്വാസിക്കാനായില്ല.
ലോക രക്ഷയ്ക്കായ് തന്നെത്തന്നെ സമര്‍പ്പിക്കുന്ന ക്രിസ്തുവിന്‍റെ പെസഹാ രഹസ്യങ്ങളുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെട്ട ഈ പ്രബോധനം
അവരുടെ സാമാന്യബുദ്ധിക്ക് അഗ്രാഹ്യവും, അതുകൊണ്ടുതന്നെ അസ്വീകാര്യവുമായിരുന്നു. കാരണം അവര്‍ അവിടുത്തെ പ്രസ്താവനയുടെ വളരെ ഭൗതികവും ഉപരിപ്ലവുമായ വശം മാത്രമാണ് മനസ്സിലാക്കിയത്. എന്നാല്‍ ‘ജീവന്‍റെ അപ്പ’ത്തെക്കുറിച്ചുള്ള പ്രബോധനം ക്രിസ്തു ലോകത്തിന് നല്കുവാന്‍ പോകുന്ന തന്‍റെ നവമായ ദിവ്യകാരുണ്യ സാന്നിദ്ധ്യത്തിന്‍റെ നാന്നിയായിരുന്നു.

ധാരാളംപേര്‍ തന്നെ വിട്ടകന്നു പോകുന്നതു കണ്ടപ്പോള്‍ ക്രിസ്തു
ശിഷ്യന്മാരോടായി ഇങ്ങനെ ചോദിച്ചു,
“നിങ്ങളും എന്നെ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലേ?”

മറ്റു സന്ദര്‍ഭങ്ങളിലെന്നപോലെ ഇവിടെയും ശിമയോന്‍ പത്രോസാണ്
പന്ത്രണ്ടുപേര്‍ക്കുവേണ്ടി സംസാരിക്കുന്നത്,
“കര്‍ത്തവേ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കു പോകാനാണ്?
നിത്യജീവന്‍റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ടല്ലോ.
അങ്ങാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (യോഹ. 6, 68-69).

തുടര്‍ന്ന് ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്‍റെ വ്യാഖ്യാനങ്ങളാണ് പാപ്പാ പങ്കുവച്ചത്.

ക്രിസ്തു മിശിഹായാണെന്നും, ജീവന്‍റെ വചസ്സും ദൈവത്തിന്‍റെ പരിശുദ്ധനും അവിടുന്നാണ് എന്ന് പത്രോസ് ഗ്രഹിച്ചതും അംഗീകരിച്ചതും പ്രഖ്യാപിച്ചതും ദൈവകൃപയാലും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലുമാണ്. ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രമാണ് ഈ ദൈവകൃപ സാധാരണക്കാരനായ പത്രോസിനു ലഭിച്ചത്. ക്രിസ്തുവില്‍ നിത്യജീവന്‍റെ വചസ്സുണ്ടെന്നും, സ്വജീവന്‍ സമര്‍പ്പിച്ചുകൊണ്ട് ക്രിസ്തു ലോകത്തിന് നിത്യജീവന്‍ നേടിത്തരുമെന്നും ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു, എന്നാണ് പത്രോസ് ഏറ്റുപറഞ്ഞത്. ഞങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നല്ല പത്രോസ് പറഞ്ഞത്, മറിച്ച് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു എന്നാണ്. വിശ്വസിക്കുന്നതിനു മുന്‍പ് പലതും അറിയുവാന്‍ ആഗ്രഹമുള്ളവരാണു ഞങ്ങള്‍ എന്ന്, ദൈവമേ, അങ്ങ് അറിയുന്നുവല്ലോ! വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് അറിവുള്ളൂ.

തന്‍റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍ക്കായി പകുത്തു നല്കിയ നിത്യനായ ദൈവത്തിന്‍റെ പുത്രനും ലോക രക്ഷകനുമായ ക്രിസ്തുവാണ് അവിടുന്നെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങാണ് നിത്യജീവന്‍ - എന്നും ഏറ്റുപറയുന്നു (Commentatry on the Gospel of John 27, 9).

തന്‍റെ ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ ഒറ്റുകാരനായ യൂദാസ്സുണ്ടെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. താന്‍ പഠിപ്പിച്ച കാര്യങ്ങളിലുള്ള വിശ്വാസക്കുറവു മൂലം കുറെപ്പേര്‍ തന്നെ വിട്ടുപോയതുപോലെ, സത്യസന്ധനായിരുന്നെങ്കില്‍ യൂദാ സ്കറിയോത്തായും ശിഷ്യന്മാരുടെ കൂട്ടായ്മയില്‍നിന്നും ഒഴിഞ്ഞു പോകേണ്ടതായിരുന്നു. എന്നാല്‍ ഗുരുവിനെ ഒറ്റുകൊടുത്ത് വഞ്ചിക്കാനുള്ള ദുരുദ്ദേശ്യത്തോടെ അയാള്‍ ആ സ്നേഹക്കൂട്ടായ്മയില്‍ പതിയിരിക്കുകയായിരുന്നു. കാരണം ക്രിസ്തു തന്നെ കബളിപ്പിച്ചെന്ന് യൂദാസ് കരുതുകയും, അതിനുള്ള പകപോക്കലായി അവിടുത്തെ ഒറ്റുകൊടുക്കാന്‍ നിശ്ചയിച്ചുറച്ചു നടക്കുകയുമായിരുന്നിരിക്കണം അയാള്‍.

പഴയ നിയമ വാഗ്ദാന പ്രകാരം മിശിഹാ വരുമ്പോള്‍ റോമന്‍ മേല്‍ക്കോയ്മയ്ക്കെതിരെ പോരാടുമെന്നും, ഒരു ‘മെസിയാനിക’ സാമ്രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുമെന്നും സ്പ്നംകണ്ട തീവ്രവാദിയായിരുന്നു യൂദാസ്. അങ്ങനെ ക്രിസ്തുവില്‍ ഒരു വിപ്ലവനായകനെ മോഹിച്ച യൂദാസിന്‍റെ സ്വപ്നങ്ങള്‍ ചിതറിവീണതിന്‍റെ ക്രൂരമായ പ്രതികരണമായിരുന്നു ആ ഒറ്റുകൊടുക്കല്‍. ഇതു സ്പഷ്ടമായി മനസ്സിലാക്കിയിട്ടുള്ള സുവിശേഷകാരനായ യോഹന്നാന്‍ തന്‍റെ രചനയുടെ ഈ ഭാഗത്ത് യൂദാസിനെക്കുറിച്ച് വിശദീകരിക്കുന്നത്, ക്രിസ്തുവിന്‍റെ “ശിഷ്യന്മാരില്‍ ഒരുവന്‍ പിശാചായിരുന്നു,” എന്നത്രെ. (യോഹന്നാന്‍ 6,70). പത്രോസിനെപ്പോലെ നിഷ്ക്കളങ്കമായും ലാളിത്വത്തോടുംകൂടെ എന്നും ക്രിസ്തുവില്‍ വിശ്വസിക്കാനും, അനുദിനം ക്രിസ്തുവിനോടും മനുഷ്യരോടും സത്യസന്ധമായി പെരുമാറുവാനും വരം തരണമേയെന്ന് വിശ്വാസത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാ നാഥയോടു പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.