2012-08-23 19:18:51

മഹത്തായ മാനവികതയാണ്
ജനാധിപത്യമെന്ന് മാര്‍ പവ്വത്തില്‍


23 ആഗസ്റ്റ് 2012, ചങ്ങനാശ്ശേരി
ജനാധിപത്യം മഹത്തായ മാനവികതയില്‍നിന്നും രൂപംകൊള്ളുന്നതാണെന്ന്, ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍, മാര്‍ ജോസഫ് പവ്വത്തില്‍ പ്രസ്താവിച്ചു.
ആഗസ്റ്റ് 22-ാം തിയതി ചങ്ങനാശ്ശേരിയില്‍ അരങ്ങേറിയ സര്‍ഗ്ഗവേദിയുടെ ‘ഇന്നത്തെ രാഷ്ട്രീയം’
എന്ന ചര്‍ച്ചയിലാണ് മാര്‍ പവ്വത്തില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചത്. മതത്തെ വര്‍ഗ്ഗീയ സമരത്തില്‍ നയിക്കുന്നത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണെന്നും, മതത്തിന്‍റെ പേരിലോ കക്ഷിരാഷ്ട്രീയത്തിന്‍റെ പേരിലോ ഉള്ള സ്വേച്ഛാധിപത്യം ജനങ്ങളെ രണ്ടായി തിരിച്ചുകൊണ്ടാണ് അധികാരത്തിലേറുന്നതെന്നും വിദ്യാഭ്യാവിചക്ഷണനും വാഗ്മിയുമായ മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

വര്‍ഗ്ഗീയത വളര്‍ത്തി അധികാരം പിടിച്ചുപറ്റുന്നവര്‍, എതിര്‍ ഭാഗത്തെ ഉന്മൂലനം ചെയ്യുക
എന്നത് പ്രവര്‍ത്തന ലക്ഷൃമാക്കുകയും, വര്‍ഗ്ഗസമരം യുദ്ധമാക്കുകയും, അതിക്രമങ്ങളും ക്രൂരതകളും അതിരുകളില്ലാതെ അഴിച്ചു വിടുകയും ചെയ്യുന്നുവെന്നും മാര്‍ പവ്വത്തില്‍ പ്രസ്താവിച്ചു.
ഒരു മത വിഭാഗത്തെ അല്ലെങ്കില്‍ വംശീയ വിഭാഗത്തെ അധികാരത്തിലേറ്റി മറ്റുള്ളവരെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ്, സിറിയ പോലുള്ള മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഇന്നു നാം കാണുന്ന മനുഷ്യക്കുരിതിക്കു പിന്നിലെന്നും മാര്‍ പവ്വത്തില്‍ വിശദീകരിച്ചു.

ജനാധിപത്യത്തെ നിഷേധിക്കുന്ന ഇന്നത്തെ ഭരണസമ്പ്രദായങ്ങളെ ജനാധിപത്യമെന്നു വിളിച്ചാലും,
ഒരു വിഭാഗത്തിനു മാത്രമേ അവിടെ സ്വാതന്ത്ര്യമുള്ളൂ, അവകാശമുള്ളൂ. ഇത് സര്‍വ്വാധിപ്ത്യമാണ്, ജനാധിപത്യമല്ലെന്നും മാര്‍‍ പവ്വത്തില്‍ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.