2012-08-23 18:44:25

അല്മായര്‍ക്കുള്ളത് ദൈവമക്കളുടെ സ്വാതന്ത്ര്യവും
അവകാശവുമെന്ന് പാപ്പ


23 ആഗസ്റ്റ് 2012, വത്തിക്കാന്‍
അല്‍മായര്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടും സാഹോദര്യത്തോടുംകൂടെ സഭാ ശുശ്രൂഷയില്‍ പങ്കുചേരണമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പാ പ്രസ്താവിച്ചു. റൊമേനിയായിലെ ലാസി നഗരത്തില്‍ കൂടിയിരിക്കുന്ന കത്തോലിക്കാ അല്‍മായ പ്രവര്‍ത്തന വേദിയുടെ 6-ാമത് അന്തര്‍ദേശിയ പൊതുസമ്മേളനത്തിന് ആഗസ്റ്റ് 23-ാം തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്. അറിവും കാര്യക്ഷമതയും സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പ്രകടമാക്കാനും പ്രവര്‍ത്തിക്കാനും അനുവാദവും അവകാശവും ഉണ്ടെന്ന്, വത്തിക്കാന്‍ സൂനഹദോസിന്‍റെ Lumen Gentium-എന്ന തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ ഉദ്ധരിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു.

ആദിമ ക്രൈസ്തവരുടെ ആഴമായ കൂട്ടായ്മ മാതൃകയാക്കിക്കൊണ്ട് അല്‍മായര്‍ ഇന്ന് സഭയിലുള്ള അവരുടെ പങ്കും പ്രവര്‍ത്തന ശൈലിയും പഠിക്കേണ്ടതാണെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ലോകത്തോട് ക്രിയാത്മകമായൊരു ദൃഷ്ടിയോടെ, പ്രാര്‍ത്ഥനയിലൂടെയും പഠനത്തിലൂടെയും സജീവ പങ്കാളിത്തത്തോടെയും അല്‍മായ സഹോദരങ്ങള്‍ ‘ഏക മനസ്സോടും അത്മാവോടും കൂടെ’ (അപ്പ.നടപടി) സഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
“സഭയിലും സമൂഹത്തിലുമുള്ള അല്‍മായരുടെ ഉത്തരവാദിത്തങ്ങള്‍,”എന്ന പ്രമേയവുമായിട്ട്
ആഗസ്റ്റ് 22-ാം തിയതി തുടക്കമിട്ട സമ്മേളനം 26-വരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.