2012-08-22 19:22:26

മതത്തിന്‍റെ പേരില്‍ മനുഷ്യന്‍ വിവേചിക്കപ്പെടരുതെന്ന്
ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍


22 ആഗസ്റ്റ് 2012, കൊച്ചി
ജാതിയുടേയോ മതത്തിന്‍റേയോ പേരില്‍ ഒരു പൗരനും വിവേചിക്കപ്പെടരുതെന്ന്, കെ.സി.ബി.സി-യുടെ (പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ) പിന്നോക്ക സമുദായ കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പ്രസ്താവിച്ചു. ഭാരത സഭ ആചരിച്ച നീതി ഞായര്‍ ദിനത്തോടനുബന്ധിച്ചു കൊച്ചിയിലെ പി.ഒ.സി.യില്‍ നടത്തിയ സമ്മേളനത്തിലാണ് പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് പൊന്നുമുത്തന്‍ ഇപ്രകാരം പ്രസ്താവിച്ചത്. പിന്നോക്ക വര്‍ഗ്ഗക്കാരായ എല്ലാ ഭാരതീയര്‍ക്കും ഭരണഘടന അനുവദിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും 1950-ല്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഭേദഗതി ചെയ്താണ്, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അഹിന്ദുക്കളായ ദലിതരെ വിവേചിച്ച്, ഉഴിവാക്കിയതെന്ന് ബിഷപ്പ് പൊന്നുമുത്തന്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ഹൈന്ദവരല്ലാത്ത ദലിതര്‍ക്ക് മറ്റു പൗരന്മാരോടൊപ്പം സമൂഹത്തില്‍ മുന്നേറാന്‍ ഉതകുന്ന ‘പട്ടികജാതി’യെന്ന പദവിയാണ്, അങ്ങനെ മതത്തിന്‍റെ പേരില്‍ നഷ്ടമായതെന്നും ബിഷപ്പ് പൊന്നുമുത്തന്‍ വ്യക്തമാക്കി. എന്നാല്‍ സ്വാധീനമുപയോഗിച്ചും നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തിയും സിക്കുമതക്കാരും ബുദ്ധമതക്കാരുമായ ദലിതര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുള്ള സംവരണാനുകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത് വിവേചനപരമായിട്ടാണെന്നും, എന്നാല്‍ ദലിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ ഇന്നുവരെയ്ക്കും നിസ്സംഗതയാണ് കാണിച്ചിട്ടുള്ളതെന്നും ബിഷപ്പ് പൊന്നുമുത്തന്‍ ആരോപിച്ചു.








All the contents on this site are copyrighted ©.