2012-08-20 20:17:13

ദൈവത്തിന്‍റെ വിനയവും വിശുദ്ധിയും
പുനരാവിഷ്ക്കരിക്കുന്ന ജീവന്‍റെ അപ്പം-ദിവ്യകാരുണ്യം


RealAudioMP3
20 ആഗസ്റ്റ് 2012, കാസില്‍ ഗണ്ടോള്‍ഫോ
അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് ആയിരങ്ങളെ തീറ്റിപ്പോറ്റിയ സുവിശേഷ സംഭവത്തിനുശേഷം, കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു നടത്തിയ പ്രഭാഷണത്തിന്‍റെ ഏറ്റവും പ്രസക്തമായ ഭാഗമാണ് ഇന്നത്തെ സുവിശേഷ വിചിന്തനം (യോഹന്നാന്‍ 6, 51-58). ‘രക്ഷയുടെ വാഗ്ദാനങ്ങള്‍ തന്നില്‍ നിറവേറിയിരിക്കുന്നു,’ എന്നാണ് താന്‍ പ്രവര്‍ത്തിച്ച അത്ഭുതത്തെ ആധാരമാക്കിയുള്ള കഫര്‍ണാമിലെ പ്രഭാഷണത്തില്‍ ക്രിസ്തു വ്യാഖ്യാനിക്കുകുയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. സീനായ് മരുഭൂമിയില്‍ മന്ന വര്‍ഷിച്ച് തന്‍റെ ജനത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ പിതാവായ ദൈവം, തന്‍റെ തിരുക്കുമാരന്‍ ക്രിസ്തുവിനെ ലോകത്തിലേയ്ക്ക് അയച്ചു. നിത്യജീവന്‍റെ അപ്പമായ ക്രിസ്തു തന്‍റെ ശരീരരക്തങ്ങള്‍ ഈ ലോകത്തിന്‍റെ ആത്മീയ ജീവനുവേണ്ടി പകര്‍ന്നു നല്കുന്നു. ക്രിസ്തുവിന്‍റെ മാനുഷികതയില്‍ നോക്കി അമ്പരുന്നു നില്കാതെ വിശ്വാസത്തില്‍ അവിടുത്തെ സ്വാഗതംചെയ്യുകയും, ജീവന്‍റെ പൂര്‍ണ്ണത ലഭിക്കേണ്ടതിന് നാം അവിടുത്തെ ‘മാസം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും’ വേണം.

“എന്‍റെ മാസം നിങ്ങള്‍ ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും വേണം,” എന്ന ക്രിസ്തുവിന്‍റെ
ഈ പ്രസ്താവം പൊതുജനാഭിപ്രായ രൂപീകരിണത്തിനുള്ള ഒരു തന്ത്രമല്ല. മറിച്ച് രക്ഷാകര പദ്ധതിയില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് നേടിയിട്ടുള്ള വളരെ വ്യക്തമായ അറിവും ബോദ്ധ്യവുമാണെന്ന് അവിടുത്തെ ഈ പ്രസ്താവന വെളിപ്പെടുത്തുന്നു. അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചു നല്കിയ അത്ഭുതം, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ നിര്‍ണ്ണായകവും വഴിത്തിരിവുമായ സംഭവമാണ്.
ജനങ്ങള്‍ക്കും ശിഷ്യന്മാര്‍ക്കും ക്രിസ്തു മിശിഹാ ആണെന്നതിനുള്ള സുവ്യക്തമായ വെളിപാടായിരുന്നു അത്. അതുകൊണ്ട് ഉടനെതന്നെ അവിടുത്തെ ജരൂസലേമില്‍ കൊണ്ടുചെന്ന് ജയഘോഷത്തോടെ രാജാവായി വാഴിക്കാനാണ് ജനം ആഗ്രഹിച്ചത്. എന്നാല്‍ ജനങ്ങളുടെ ആവേശം കെടുത്തുകയും അവരില്‍‍ അഭിപ്രായ ഭിന്നതകള്‍ ഉളവാക്കുകയും ചെയ്യുന്ന ഈ നീണ്ട പ്രഭാഷണത്തില്‍നിന്നും ക്രിസ്തു ആഗ്രഹിച്ചത് ഒരു ഭൗമിക ആധിപത്യമോ, രാജത്വമോ അല്ല എന്നത് വ്യക്തമാണ്.

‘ജീവന്‍റെ അപ്പം’ എന്ന സംജ്ഞ വിശദീകരിച്ചുകൊണ്ട്, തന്‍റെതന്നെ ജീവസമര്‍പ്പണത്തെക്കുറിച്ചും, തന്നെ അനുഗമിക്കുന്നവര്‍ പങ്കുചേരേണ്ട വളരെ ആഴമായ സ്നേഹസമര്‍പ്പണത്തെക്കുറിച്ചും ക്രിസ്തു ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് അന്ത്യത്താഴ വിരുന്നില്‍ വളരെ നിര്‍ണ്ണായകമായ വിധത്തില്‍ അവിടുന്ന് പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. അങ്ങനെ ആ സ്നേഹസമര്‍പ്പണത്തില്‍ തന്‍റെ ശിഷ്യന്മാര്‍ പങ്കുചേരണമെന്നും, അവര്‍ തന്‍റെ മൗതിക ശരീരത്തിലെ അംഗങ്ങളായി ജീവിച്ചുകൊണ്ട് രക്ഷയുടെ ദിവ്യരഹസ്യം ലോകത്തിന് പകര്‍ന്നു നല്കണമെന്നും ക്രിസ്തു ആഗ്രഹിച്ചു.

തങ്ങളുടെ സങ്കല്പങ്ങളിലെ ഭൗമിക പ്രാഭവമുള്ള ഒരു നായകനല്ല ക്രിസ്തുവെന്ന്, ഈ പ്രഭാഷണം കേട്ടു കഴിഞ്ഞപ്പോഴാണ് ജനങ്ങള്‍ക്കു മനസ്സിലായത്. ജെരൂസലേം കീഴടക്കാനുള്ള മാര്‍ഗ്ഗമല്ല അവിടുന്ന് ആരാഞ്ഞത്, മറിച്ച് മറ്റു പ്രവാചകന്മാരെപ്പോലെ, തന്‍റെ ജീവന്‍ ദൈവത്തിനും ജനങ്ങള്‍ക്കുംവേണ്ടി സമര്‍പ്പിക്കുവാനുളള സന്നദ്ധതയാണ് വെളിപ്പെടുത്തിയത്. ആയിരങ്ങള്‍ക്കായി കഫര്‍ണാമിലെ വിജനപ്രദേശത്ത് പങ്കുവയ്ക്കപ്പെട്ട അപ്പം ക്രിസ്തുവിന്‍റെ ജരുസലേം പ്രവേശനത്തിന്‍റെ ജയഭേരി ആയിരുന്നില്ല, മറിച്ച് തന്‍റെ ശരിരരക്തങ്ങള്‍ ലോക രക്ഷയ്ക്കായി പകുത്തു നല്കുന്ന അവിടുത്തെ കുരിശു യാഗത്തിന്‍റെ പ്രതീകമായിരുന്നു. ക്രിസ്തു അങ്ങനെ ഈ പ്രഭാഷണം നല്കിയത് തന്നെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും തന്‍റെ ശിഷ്യന്മാരെക്കൊണ്ട് അവരുടെ ജീവിതത്തില്‍ ശരിയായ തീരുമാനം എടുപ്പിക്കുന്നതിനുമായിരുന്നു. ഈ സംഭവത്തിനുശേഷം ധാരാളം പേര്‍ ക്രിസ്തുവിനെ വിട്ടകന്നു എന്ന് സുവിശേഷകന്മാര്‍ സാക്ഷൃപ്പെടുത്തുന്നുണ്ട്.

പ്രിയ സഹോദരരേ, ‘ജീവന്‍റെ അപ്പ’ത്തെക്കുറിച്ച് ക്രിസ്തു നല്കുന്ന ഈ വചനധാരയാല്‍ നമുക്കും പ്രചോതിദരാകാം. ചരിത്രത്തിന്‍റെ വയലേലകളില്‍ ക്രിസ്തുവിനാല്‍ വിതയ്ക്കപ്പെട്ട വചനത്തിന്‍റെ ആദ്യ വിത്തുകള്‍, പാപത്തിന്‍റെയും മരണത്തിന്‍റെയും കെടുതിയില്‍നിന്നും മോചിതമായ നവമാനവികതയുടെ ആദ്യ ഫലങ്ങള്‍ കൊയ്തുകഴിഞ്ഞു. നമ്മിലേയ്ക്ക് താഴ്ന്നിറങ്ങിയ ദൈവത്തിന്‍റെ വിനയവും വിശുദ്ധിയും പരിശുദ്ധ കുര്‍ബ്ബാനയില്‍ പുനരാവിഷ്ക്കരിക്കാന്‍ നമുക്കെന്നും പരിശ്രമിക്കാം. ദൈവം തന്നെത്തന്നെ വിനീതനാക്കിയത്, മുറിപ്പെട്ടതും ചിഹ്നഭിന്നവുമായ ഈ ലോകം അവിടുത്തെ സമ്പൂര്‍ണ്ണ സ്നേഹത്തില്‍ അനുരജ്ഞനപ്പെടുന്നതിനും ഒന്നാകുന്നതിനും വേണ്ടിയാണ്. ആഴമായൊരു ആത്മീയ ബന്ധം ജീവന്‍റെ അപ്പമായ ക്രിസ്തുവുമായി എന്നും നിലര്‍ത്തുവാന്‍, അവിടുത്തെ ഈ ലോകത്തിനു പ്രദാനംചെയ്ത പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം നമുക്കു പ്രാര്‍ത്ഥിക്കാം, അമ്മ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ!
Angelus message of the Holy Father at Castel Gandolof on 19th August 2012.








All the contents on this site are copyrighted ©.