2012-08-18 17:02:32

ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം
19 ആഗസ്റ്റ് ലത്തീന്‍ റീത്ത്


RealAudioMP3
യോഹന്നാന്‍ 6, 51-58
അസത്യത്തില്‍നിന്നും സത്യത്തിലേയ്ക്കു, അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേയ്ക്കും, മരണത്തില‍നിന്ന് നിത്യജീവിതത്തിലേയ്ക്കും നമ്മെ നയിക്കുവാന്‍ കഴിയുന്ന ക്രിസ്തു നാഥന്‍റെ സാന്നിദ്ധ്യാനുഗ്രഹങ്ങള്‍
ഈ വചനം ശ്രവിക്കുന്ന നിങ്ങള്‍ക്കേവര്‍ക്കും ലഭ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

പ്രിയമുള്ളവരേ, പിതാവായ ദൈവത്തിന്‍റെ കാച്ചിക്കുറുക്കിയ സ്നേഹമായ ക്രിസ്തുനാഥന്‍ ഇന്ന് നമ്മോട് അരുള്‍ചെയ്യുന്നു. സ്വന്തം ജീവന്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഏവരും എന്‍റെ അടുക്കല്‍ വരുവിന്‍, എന്തെന്നാല്‍ ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ. ഞാന്‍ ജീവന്‍റെ അപ്പമാകുന്നു, എന്നെ ഭക്ഷിക്കുന്നവന്‍ നിത്യം ജീവിക്കും. അവിടുന്ന് ജീവന്‍റെ അപ്പം നമ്മോട് ഭക്ഷിക്കുവാന്‍ നമ്മോട്‍ പറയുന്നതിലൂടെ തന്‍റെ തന്നെ ജീവിതത്തില്‍ പങ്കുചേരാന്‍, തന്നില്‍ അലിഞ്ഞുചേരാന്‍ നമ്മെ ക്ഷണിക്കുന്നു. വലിയ ഒരു വെല്ലുവിളിയാണ് വിശ്വാസജീവിതത്തില്‍ ക്രിസ്തുനാഥന്‍ ഇന്ന് നമ്മുടെ മുന്നില്‍ തുറന്നുവയ്ക്കുന്നത്. ഇന്നത്തെ ഒന്നും രണ്ടും വായനകള്‍ അവയില്‍ എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നു.

ഒന്നാം വായന, ആദിമ ക്രൈസ്തവര്‍ ക്രിസ്തുനാഥനെ ദൈവിക വിജ്ഞാനത്തിന്‍റെ ഉറവിടമായി കണ്ടിരുന്ന സത്യം വെളിപ്പെടുത്തുന്നു. ആകയാല്‍ വിശുദ്ധ കുര്‍ബാന അവര്‍ക്ക് അറിവിന്‍റെ അല്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വിരുന്നായി മാറി. അവിടെ ക്രിസ്തു നാഥന്‍റെ വ്യക്തിത്വത്തിലൂടെ അവര്‍ ദൈവിക ജ്ഞാനം പങ്കിട്ടു. ഇന്നത്തെ രണ്ടാം വായനയില്‍ പൗലോസ്ലീഹാ വിജാതിയ ക്രിസ്ത്യാനികളെ ഇപ്രകാരം ഉപദേശിക്കുന്നു. നിങ്ങള്‍ എപ്പോഴും ദൈവത്തോട് കൃതജ്ഞതയുള്ളവര്‍ ആയിരിക്കുവിന്‍, എന്തെന്നാല്‍ പഴയ കുത്തഴിഞ്ഞ ജീവിതത്തില്‍നിന്നും ആത്മാവാല്‍ നിറയ്ക്കപ്പെട്ട ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കിയത് ദൈവമാണ്.

ഈ ആത്മീയ ചിന്തകളെല്ലാം നമ്മെ നയിക്കുന്നത് ക്രിസ്തു എന്ന ജീവന്‍റെ അപ്പത്തിലേയ്ക്കാണ്. ഈ ദിവ്യമായ കാരുണ്യം അഥവാ ജീവന്‍, നാം കണ്ടുമുട്ടുന്നത് വിശുദ്ധ കര്‍ബ്ബാനയിലാണ്. ഒരു നിമിഷം ഈ ബലിയില്‍ ജീവനുള്ള അപ്പം പങ്കുവെയ്ക്കുന്ന ക്രിസ്തു നാഥനെ കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കാം. ഞാനെന്‍റെ ചെറിയ ചിന്ത പങ്കുവയ്ക്കുന്നു. “ഞാന്‍ ജീവന്‍റെ അപ്പമാകുന്നു,” എന്ന ചിന്ത മനസ്സില്‍ ധ്യാനിച്ചപ്പോള്‍ ഒരു ഗാനത്തിന്‍റെ വരികള്‍ എന്‍റെ മനസ്സിലൂടെ കടന്നുവന്നു. ‘സുഖമാണീ നിലാവ്, എന്ത് സുഖമാണീ കാറ്റ്....’ ഞാന്‍ അറിയാതെ എന്നോട് ചോദിച്ചു പല നിലാവുകളും കാറ്റും കടന്നുപോയി, എന്നിട്ടും എനിക്ക് ഒരു സുഖവും തോന്നിയില്ല. പിന്നെവിടുന്നാണ് കവിക്ക് ഇവയില്‍നിന്നും സുഖം കണ്ടെത്താന്‍ സാധിച്ചത്.
എന്‍റെ ചിന്തകള്‍ എത്തിനിന്നത് ഒരു തെരുവിലായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ശിഷ്യഗണത്താല്‍ വലയപ്പെട്ട് കടന്നുപോകുന്ന ക്രിസ്തുനാഥനെ നോക്കി നിലവിളിക്കുന്ന അന്ധയാചകന്‍റെ ദീനരോദനം, “നസ്രായനായ യേശുവേ, ദാവിദിന്‍റെ പുത്രാ എന്നില്‍ കനിയണമേ.” യേശുനാഥന്‍ ഉടനെ നിലക്കുന്നു. അവന് എന്തുവേണം എന്നു ചോദിക്കുന്നു. കാഴ്ച തരണേ, എന്നവന്‍ യാചിക്കുന്നു. യേശുനാഥന്‍ അവനു കാഴ്ചനല്കിയിട്ട് കടന്നു പോകുന്നു. തതുല്യമായ മറ്റൊരു സംഭവം, യേശു നാഥന്‍റെ വസ്ത്രത്തില്‍ തൊടുന്ന മാത്രിയില്‍ സൗഖ്യം ലഭിക്കുന്ന രക്തസ്രാവക്കാരി സ്ത്രീയുടേതാണ്.

പ്രിയമുള്ളവരേ, എല്ലായിപ്പോഴും ബലിയര്‍പ്പണത്തില്‍ നാം പങ്കുചേരുന്നുണ്ടെങ്കിലും ജീവന്‍റെ അപ്പം നല്കുന്ന – ക്രിസ്തുനാഥനെ കണ്ടെത്താന്‍ കഴിയാത്തത് നമ്മുടെ വിശ്വാസരാഹിത്യം മൂലമാണ്.
എനിക്കും നിങ്ങള്‍ക്കും കവിയ്ക്കുംവേണ്ടി ദൈവം സൃഷ്ടിച്ചത് ഒരേ ആകാശവും ഭൂമിയും കാറ്റുമാണ്. പക്ഷേ, ആകാശത്തിനും കാറ്റിനും സുഖമുണ്ടെന്ന് കണ്ടെത്താന്‍ കവി ഹൃദയത്തിനു സാധിച്ചു. അതുപോലെ ജനക്കൂട്ടവും ശിഷ്യഗണവും സൗഖ്യാദായകനായ ക്രിസ്തുനാഥന്‍റെകൂടെ സഞ്ചരിച്ചു, എന്നാല്‍ തെരുവിലിരുന്ന അന്ധയാചകനും രക്തസ്രാവക്കാരി സ്ത്രീയ്ക്കു മാത്രമേ അവനിലും അവന്‍റെ വസ്ത്രത്തിലും ദിവ്യൗഷധം ഉണ്ടെന്ന് കണ്ടെത്തുവാനും വിശ്വസിക്കാനും കഴിഞ്ഞുള്ളൂ.

കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ ആശ്രമത്തില്‍ ഒരു നിയമമുണ്ട്, പുതുതായി ആരെങ്കിലും ആശ്രമത്തില്‍ ചേരുവാന്‍ വന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ മരണാസ്സന്നരായി കിടക്കുന്ന രോഗികളുടെ അടുത്തേയ്ക്ക് അവരെ ശുശ്രൂഷിക്കാനായി പറഞ്ഞയക്കും. ഒരിക്കല്‍ തീക്ഷ്ണമതിയായ ഒരു പെണ്‍കുട്ടി ആശ്രമത്തിലെത്തി. തൊട്ടടുത്ത ദിവസം മദര്‍ ആ കുട്ടിയെ വിളിച്ച് ഇപ്രകാരം ഉപദേശിച്ചു. ദിവ്യബലിമദ്ധ്യത്തില്‍ പുരോഹിതന്‍ എത്ര പരിപാവനമായിട്ടാണ് വിശുദ്ധ കരു‍ബ്ബാന അഥവാ തിരുവോസ്തി കരങ്ങളിലെടുത്ത് വാഴ്ത്തുന്നത് – അതുപോലെ ആയിരിക്കണം അവിടെ ആയിരിക്കുന്ന രോഗികളെ തൊടുകയും ശുശ്രൂഷിക്കുകയും അവരില്‍ വസിക്കുന്ന മുറിവേറ്റ ക്രിസ്തു നാഥനെ ദര്‍ശിക്കുകയും ചെയ്യേണ്ടത്. നിശ്ശബ്ദ സമ്മതത്തോടെ പെണ്‍കുട്ടി കടന്നുപോയി. ഏതാനും മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആനന്ദത്തോടെ പുഞ്ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി മദറിന്‍റെ പക്കല്‍ച്ചെന്നു പറഞ്ഞു. മദര്‍ പറഞ്ഞതുപോലെ കഴിഞ്ഞ മൂന്നു മണിക്കൂറായി ഞാന്‍ ക്രിസ്തു നാഥനെ കാണുകയായിരുന്നു. മദര്‍ അകാംക്ഷയോടെ ആ യുവിതിയെ ശ്രദ്ധിച്ചു. മദര്‍ പറഞ്ഞ പ്രകാരം ഞാന്‍ അവിടെ എത്തിയപ്പോള്‍ ഓടയില്‍ വീണ വയോധികാനായ ഒരു മനുഷ്യനെ അവിടെ കൊണ്ടുവന്നു. ചെളിപുരണ്ട്, ദുര്‍ഗന്ധം വമിക്കുന്ന ആ മനുഷ്യശരീരം ഞാന്‍ വൃത്തിയാക്കാന്‍ തുടങ്ങി. ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി ധാരാളം മുറിവുകളും ഉണ്ടായിരുന്നു. അവ വൃത്തിയാക്കി മുറിവുകള്‍ വെച്ചുകെട്ടിയപ്പോഴെല്ലാം മദര്‍ പറഞ്ഞതുപോലെ ക്രിസ്തുനാഥനെ ഞാന്‍ ശുശ്രൂഷിക്കുകയായിരുന്നു.

പ്രിയമുള്ളവരേ, ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും പഴിച്ചിട്ട് കാര്യമില്ല. എന്തെന്നാല്‍ ഇത്തരം ദിവ്യാത്ഭുതം നമ്മിലും സാദ്ധ്യാകണമെങ്കില്‍ അനുദിനം നാം പങ്കെടുക്കുന്ന ബലിയര്‍പ്പണത്തില്‍ നമുക്കുവേണ്ടി മുറിക്കപ്പെട്ട ജീവന്‍റെ അപ്പമായ ക്രിസ്തുനാഥന്‍റെ മഹനീയ സാന്നിദ്ധ്യം ദര്‍ശിക്കുവാന്‍ നാം ആഗ്രഹിക്കണം. അതിനായി വലിയ കാര്യങ്ങള്‍ ചെയ്യണമെന്നല്ല, മറിച്ച് കവിയെപ്പോലൊരു ഹൃദയം വേണം. അന്ധയാചകനായ ബാര്‍ത്തമിയൂസിനും രക്തസ്രാവിക്കാരി സ്ത്രീക്കും ക്രിസ്തുനാഥനില്‍ തങ്ങളെ സുഖപ്പെടുത്താന്‍ സാധിക്കുന്ന ദിവ്യയൗഷധം ഉണ്ടെന്ന് കണ്ടെത്തുവാന്‍ സാധിച്ച ആഴമായ വിശ്വാസബോദ്ധ്യം നമുക്കും ഉണ്ടാകണം.

എന്തെന്നാല്‍ വിശുദ്ധ കര്‍ബ്ബാന എന്ന കൂദാശ ഒരു ഇന്ദ്രജാലമല്ല. ദൈവത്തിന്‍റെ വചനത്തിന്‍റെ പ്രവര്‍ത്തന ഫലമായി സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണത്. യേശുവിലും യേശുവിനാലും നല്‍കപ്പെട്ട വെളിപാടാണ് ഈ ജീവിന്‍റെ അപ്പം. ദൈവിക വെളിപാടാണത്. അതേ സമയം കുര്‍ബ്ബാനയുമാണ്. ആകയാല്‍ ദൈവത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ഒരു ഹൃദയത്തിനായ് എന്നും പ്രാര്‍ത്ഥിക്കാം.

പലപ്പോഴും ദൈവത്തിന്‍റെ കരങ്ങളില്‍ സുരക്ഷിതരായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. എന്നാല്‍ മറുവശത്ത് ദൈവം നമുക്ക് മുന്‍പില്‍ നീട്ടുന്ന വെല്ലുവിളികള്‍, പരീക്ഷണങ്ങള്‍, സഹനങ്ങള്‍, കുരിശുകള്‍, തകര്‍ച്ചകള്‍, മുറിവുകള്‍ എന്നിവ നാം വേണ്ടെന്നു വയ്ക്കുന്നു. ഒന്ന് ഓര്‍ക്കുക, മുറിപ്പെട്ടവനാണ് ക്രിസ്തു നാഥന്‍. അവിടുന്ന് സെബദീ പുത്രന്മാരോട് ചോദിച്ചു, എന്‍റെ പാനപാത്രത്തില്‍നിന്ന് നിങ്ങള്‍ പാനംചെയ്യുമോ.
അവര്‍ അതേ, എന്നാണ് ഉത്തരം നല്കിയത്. അതേ, ക്രിസ്തു നാഥന്‍ ഇന്ന് നമ്മോടും ചോദിക്കുന്നു, നിനക്ക് നിത്യജീവന്‍ വേണമോ, എങ്കില്‍ എന്നില്‍നിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുക, അപ്പോള്‍ നിത്യമായി ജീവിക്കും.

ഈ ബലിമദ്ധ്യത്തില്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാം. നാഥാ, മുറിപ്പെട്ട നിത്യജീവന്‍റെ അപ്പം പാപിയായ എനിക്കും പകര്‍ന്നു നല്കണമേ. അങ്ങനെ ബാര്‍ത്തമേയൂസിനെപ്പോലെയും രക്തസ്രാവക്കാരി സ്ത്രീയെപ്പോലെയും നിന്നില്‍ കത്തുന്ന ദിവ്യാഗ്നി കണ്ടെത്തുവാനും ആ ദിവ്യാഗ്നിയാല്‍ ഞങ്ങള്‍ പ്രകാശിതരായി ഞങ്ങളുടെ കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുവേണ്ടിയും മുറിക്കപ്പെടുവാനും പങ്കുവയ്ക്കപ്പെടുവാനും യോഗ്യരാക്കണമേ.

നിത്യനായ ദൈവം നിങ്ങളേവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

തിരുവനന്തപുരം അതിരൂപതാംഗവും റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര വിദ്യാര്‍‍ത്ഥിയുമായ ഫാദര്‍ റോഡ്രിഗ്സ് കുട്ടിയുടേതാണ് ഇന്നത്തെ സുവിശേഷ ചിന്തകള്‍








All the contents on this site are copyrighted ©.