2012-08-17 15:16:18

വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരുടെ കൂട്ടപലായനം:
വ്യാജപ്രചരണത്തിന്‍റെ ഉറവിടം കണ്ടെത്തുമെന്ന് സര്‍ക്കാര്‍


17 ആഗസ്റ്റ് 2012, ബംഗളൂരു
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ ബാംഗ്ലൂരില്‍ ആക്രമിക്കപ്പെടുമെന്ന വ്യാജപ്രചരണത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അസമിലുണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരേ ബാംഗ്ലൂരില്‍ ആക്രമണം നടക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് നഗരം വിട്ടത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെയും എസ്.എം.എസ്സുകളിലൂടെയുമാണ് വ്യാജപ്രചരണം നടന്നത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഒരു കൂട്ടപ്പലായനത്തിന്റെ അന്തരീക്ഷമായിരുന്നു ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍. വിദ്യാര്‍ഥികളും ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവരും സാധാരണതൊഴിലാളികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ നഗരം വിടാന്‍ തയ്യാറായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ഗുവാഹാട്ടിയിലേക്ക് രാത്രി 11നു പുറപ്പെടുന്ന സ്ഥിരം ട്രെയിനിനു പുറമെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് രണ്ടു പ്രത്യേക തീവണ്ടികളും, കൂടാതെ അധിക കോച്ചുകളും ഏര്‍പ്പെടുത്തി.
അസമിലെ വര്‍ഗീയകലാപത്തെത്തുടര്‍ന്ന് രാജ്യത്തെ ചിലപ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പുണെയിലും മുംബൈയിലുമാണ് ആക്രമണങ്ങള്‍ നടന്നത്.

അതിനിടെ, വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ ആക്രമിക്കപ്പെടുമെന്ന വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രസ്താവിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.