2012-08-17 14:59:38

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ സഭകളുടെ ലോക സമിതി അനുശോചിച്ചു


17 ആഗസ്റ്റ് 2012, ആഡിസ് അബാബ
എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ (76) നിര്യാണത്തില്‍ സഭകളുടെ ലോക സമിതി (World Council of Churches WCC) അനുശോചനം രേഖപ്പെടുത്തി. സഭകളുടെ ലോക സമിതിയുടെ ഏഴ് അദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്ന പാത്രിയാര്‍ക്കീസ് ആഗസ്റ്റ് 16ാം തിയതി വ്യാഴാഴ്ചയാണ് കാലം ചെയ്തത്.
മതസൗഹാര്‍ദവും മതാന്തര സംവാദവും വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ആദ്ധ്യാത്മിക നേതാവായിരുന്നു പാത്രിയാര്‍ക്കീസ് ആബൂന പൗലോസെന്ന് സഭകളുടെ ലോക സമിതിയുടെ സെക്രട്ടറി ജനറല്‍ ഡോ.ഒലവ് ഫൈക്സെ തെവെയ്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. എയിഡ്സ് രോഗികളുടെ സമുദ്ധരണത്തിനും അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. പാത്രിയാര്‍ക്കീസ് ആബൂനയുടെ ജീവിതവും പ്രവര്‍ത്തികളും സഭൈക്യസംരംഭങ്ങള്‍ക്കു വലിയൊരു മുതല്‍ക്കൂട്ടാണെന്നും ഡോ.തെവെയ്റ്റ് പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭാംഗങ്ങളോടും സഭകളുടെ ലോക സമിതി അനുശോചനം രേഖപ്പെടുത്തി.








All the contents on this site are copyrighted ©.