2012-08-15 18:54:54

പ്രതിസന്ധികളില്‍ പ്രത്യാശപകര്‍ന്ന
മനുഷ്യസ്നേഹി മക്സ്മില്യന്‍ കോള്‍ബെ


15 ആഗസ്റ്റ് 2012, റോം
പ്രതിസന്ധികളില്‍ പ്രത്യാശപകര്‍ന്ന വിശുദ്ധനാണ് മാക്സ്മില്യന്‍ കോള്‍ബേയെന്ന് വത്തിക്കാന്‍ റേഡിയോ ലാറ്റിനമേരിക്കന്‍ വിഭാഗത്തിന്‍റെ തലവന്‍ ഫാദര്‍ വില്യം ഓര്‍ത്തിസ് പ്രസ്താവിച്ചു.
ആഗസ്റ്റ് 14-ാന് ആഗോള സഭ ആചരിച്ച മാസ്മില്യന്‍ കോള്‍ബേയുടെ രക്തസാക്ഷിത്വത്തിന്‍റെ അനുസ്മരണത്തിലാണ് ഈശോ സഭാ വൈദികന്‍ ഓര്‍ത്തിസ് ഈ ചിന്ത പങ്കുവച്ചത്.
ആശയറ്റ ആയിരങ്ങള്‍ക്ക് ഓഷ്വിറ്റ്സിലെ ഇരുണ്ട നാസി ക്യാമ്പില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വെളിച്ചം പകര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെയെന്ന് ഫാദര്‍ ഓര്‍ത്തിസ് അനുസ്മരിച്ചു.

പീഡനങ്ങളും ക്രൂരതയും തിങ്ങിനിന്ന നാസി ഭരണകാലത്ത് പോളണ്ടിലെ ജനങ്ങള്‍ക്ക് തന്‍റെ ജീവിതത്തിലൂടെയും സേവനത്തിലൂടെയും ദൈവസ്നേഹം പ്രസരിപ്പിക്കാന്‍ സാധിച്ചതാണ് ഈ ഫ്രാന്‍സ്സിസ്ക്കന്‍ വൈദികന്‍റെ വിശുദ്ധിയുടെ കരുത്തെന്ന് ഫാദര്‍ ഓര്‍ത്തിസ് കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളും അധാര്‍മ്മികതയും ധാരാളമായി പ്രചിരിക്കുന്ന ലോകത്ത് സാന്ത്വനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം വിനിമയംചെയ്യുവാന്‍ വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെയുടെ ജീവിതം മാതൃകയാക്കാമെന്നും ആശയവിനിമയ ലോകത്ത് പരിചയ സമ്പന്നനായ ഫാദര്‍ ഓര്‍ത്തിസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.