2012-08-15 18:51:01

നമുക്കില്ലാത്തത്
ആവശ്യംവേണ്ട ഭക്ഷണവും ശുദ്ധജലവും


15 ആഗസ്റ്റ് 2012, ജനീവ
ജീവനെ ആദരിക്കുന്നെങ്കില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം ലഭ്യമാക്കണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഭക്ഷൃപ്രശ്നം ചര്‍ച്ചചെയ്യുവാന്‍ പോകുന്ന ജി 20 രാഷ്ട്രങ്ങളുടെ സമ്മേളനത്തിന് ആമുഖമായി
ആഗസ്റ്റ് 14-ാം തിയതി റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ തൊമാസി ഇപ്രകാരം പ്രസ്താവിച്ചത്.

കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും മൂലം ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള കൃഷിനാശമാണ് ഭക്ഷൃവിഭവങ്ങളുടെ വില ആശങ്കജനകാമാം വിധം ഉയരുവാന്‍ ഇന്ന് കാരണമായിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. ഭക്ഷൃോല്പാദന മേഖലയില്‍ അമേരിക്ക, ഓസ്ട്രേലിയ പോലുള്ള വന്‍കിട രാഷ്ട്രങ്ങളില്‍ ഉണ്ടായിട്ടുള്ള കാലാവസ്ഥാ കെടുതികള്‍ വര്‍ദ്ധിച്ച ആഗോള ഭക്ഷൃക്ഷാമത്തിനും വിലവര്‍ദ്ധനവിനുമുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇനിയും വിരല്‍ചൂണ്ടുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസ് പ്രസ്താവിച്ചു.

ഭൂമുഖത്തെ സമാധാനവും സുസ്ഥിതിയും സംരക്ഷിക്കുന്നതിന് ആവശ്യം വേണ്ട ഉപാധിയാണ് ഭക്ഷണമെന്നും, ഭക്ഷൃക്ഷാമത്തിന്‍റെ ഫലമായി അനേകം ദരിദ്ര രാജ്യങ്ങളില്‍ ജീവിതം ഇന്നും അരക്ഷിതമാണെന്നും, അത് കൂടുതല്‍ വഷളാകുവാനുള്ള സാദ്ധ്യതയുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. ഭക്ഷൃവസ്തുക്കളുടെ ദൗര്‍ലഭ്യത്തെക്കാളുപരി ഉള്ളവ ലഭ്യമാക്കാന്‍ ശരിയായ സാമൂഹ്യ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഭൂമുഖത്ത് അസമാധാനത്തിനും വിശപ്പിനും കാരണമാകുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.