2012-08-14 15:58:59

വിശ്വാസ പ്രഘോഷണത്തിന് വേദിയായ ഒളിംപിക്സ്


14 ആഗസ്റ്റ് 2012, ലണ്ടന്‍
ലോക കായികമാമാങ്കത്തിനിടയില്‍ പരസ്യമായി വിശ്വാസപ്രകടനം നടത്തിയ കായികതാരങ്ങള്‍ വിശ്വാസം വ്യക്തിപരമായ ഒരു കാര്യം മാത്രമല്ലെന്ന് തെളിയിച്ചുവെന്ന് ബ്രിട്ടണിലെ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്. വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കായിക താരങ്ങള്‍ മത്സര വേദിയില്‍ വച്ച് പരസ്യമായി വിശ്വാസ പ്രകടനം നടത്തുന്നതിനെക്കുറിച്ച് ബിഷപ്പ് മോത്ത് തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ലോകത്തിന്‍റെ നാനാഭാഗത്തുനിന്നെത്തുന്ന വിവിധ മതസ്ഥരായ കായിക താരങ്ങളുടെ വിശ്വാസ പ്രകടനത്തിന് ഒളിംപ്ക്സ് സ്റ്റേഡിയം സാക്ഷിയാകുന്നു. കായിക താരങ്ങളുടെ വിശ്വാസ പ്രകടനം സമൂഹത്തിന് ഒരു അടയാളമാണെന്ന് ബ്രിട്ടീഷ് സൈന്യത്തിന്‍െറ അജപാലന ശുശ്രൂഷാ ചുമതലയുള്ള ബിഷപ്പ് മോത്ത് പ്രസ്താവിച്ചു. പരസ്യമായ വിശ്വാസ സാക്ഷൃം നിരുപദ്രവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷത്തിനു സാക്ഷൃം നല്‍കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും വിനിയോഗിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായിക താരങ്ങളുടെ കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവും യുവജനങ്ങള്‍ക്ക് മാതൃകയും പ്രചോദവും പകരുമെന്നും ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പ്രത്യാശ പ്രകടിപ്പിച്ചു.
ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിക്കാനെത്തിയ പല കായിക താരങ്ങളും പരസ്യമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചത് ഏറെ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ മെസെറത് ദെഫര്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റേയും ഉണ്ണയേശുവിന്‍റേയും രൂപം ആലേഖനം ചെയ്ത തൂവാല ആനന്ദ കണ്ണീരോടെ ചുംബിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി. അയര്‍ലണ്ടില്‍ നിന്നുള്ള ബോക്സിംങ്ങ് താരം കാത്തി ടെയിലര്‍ വനിതാ വിഭാഗം ബോക്സിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ശേഷം പരസ്യമായി ദൈവത്തിനു നന്ദിപറഞ്ഞു.
സ്പെയിനിലെ ഹോക്കി താരം കാര്‍ലോസ് ബല്‍വേ കായിക മാമാങ്കത്തിനുശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമെന്ന വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 2005ല്‍ ഒരു ഹോക്കി മത്സരത്തില്‍ പങ്കെടുക്കുമ്പോഴുണ്ടായ അസാധാരണമായ അനുഭവമാണ് ദൈവവിശ്വാസത്തിലേക്ക് തന്നെ നയിച്ചതെന്ന് ബല്‍വേ എല്‍ പയിസ് എന്ന സ്പാനിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും ആനന്ദവും തേടിയുള്ള അന്വേഷണമാണ് ദൈവവിളി തിരിച്ചറിയാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദൈവത്തെ അറിഞ്ഞതുമുതല്‍ തന്‍റെ ജീവിത വീക്ഷണത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്നും വിശ്വാസത്തില്‍ ജീവിക്കാനും മറ്റുള്ളവരുമായി വിശ്വാസം പങ്കുവയ്ക്കാനുമുള്ള ഒരു അവസരമായാണ് കായിക മത്സരങ്ങളെ താനിപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.