2012-08-14 14:29:36

മോശ മേദിയാനിലെ മരുപ്പച്ചയില്‍ (3)
സീനായില്‍വച്ച് ദൈവം മോശയെ വിളിക്കുന്നു


RealAudioMP3
ഇസ്രായേല്‍ ജനത്തിന്‍റെ ഈജിപ്തിലെ കൈപ്പേറിയ ജീവിത സാഹചര്യങ്ങള്‍ മോശ കണ്ടു. ഫറവോയുടെ അടിമത്തത്തിന്‍റെ കനത്ത നുകത്തില്‍നിന്നും ഊറിവന്ന വികാരവും നീതിബോധവും മോശയെ ഒരു വിപ്ലവകാരിയാക്കി മാറ്റി. അന്നു മുതല്‍ ഫറവോയോടും കൊട്ടാരത്തോടുമുള്ള കൂറ് മോശയില്‍ ഇല്ലാതായി. പകരം തന്‍റെ ജനത്തോടുള്ള സ്നേഹവും സമര്‍പ്പണവും ആ നിമിഷം മുതല്‍ മോശ തന്‍റെ ജീവിതത്തില്‍ ആത്മനാ പ്രഖ്യാപിച്ചു.
“പാപത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്‍റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുവാന്‍ തന്നെ” (ഹെബ്രാ. 11, 15)
മോശ നിശ്ചയിച്ചുറച്ചു.

ഈജിപ്ഷ്യന്‍ കാര്യസ്ഥനെ മോശ കൊലചെയ്ത വാര്‍ത്ത കൊട്ടാരത്തിലും എത്തി. ഫറവോ കുപിതനായി. മോശയെ വധിക്കുവാന്‍ ഫറവോ തീരുമാനിച്ചു.

ഫറവോയുടെ പിടിയില്‍പ്പെടാതെ ഒരു ദിവസം മോശ ഒളിച്ചോടി. നീണ്ട യാത്രചെയ്ത് സീനായ് മരുപ്രദേശവും കടന്ന് മേദിയാനിലെ മരുപ്പച്ചയിലെത്തി. അവിടെ കണ്ട ഒരുകിണറ്റിന്‍ കരിയിലെ വൃക്ഷച്ചുവട്ടില്‍ ആയാള്‍ വിശ്രമിച്ചു.
മരുഭൂമി കടന്ന ശാരീരിക ക്ലേശത്തെക്കാള്‍, സ്വന്തം ജനത്തെ വിട്ടോടിയ മാനുഷിക വ്യഥയില്‍ ആ മരുപ്പച്ചയുടെ കുളിര്‍മ്മയില്‍ മോശ ഗാഢനിദ്രിയിലാണ്ടു.

പെട്ടന്ന് ആരുടേയോ കരച്ചില്‍ കേട്ട് അയാള്‍ ഉറക്കത്തില്‍നിന്നും ചാടി എഴുന്നേറ്റു. വെള്ളം കോരാന്‍ വന്ന പെണ്‍കുട്ടികളെ മരുപ്രദേശത്തെ ഇടയന്മാര്‍ ശല്യപ്പെടുത്തുന്നതാണ് അയാള്‍ കണ്ടത്. അതിവേഗം മോശ അവരുടെ സഹായത്തിനെത്തി. ദൃഢഗാത്രനും ഉയരം കൂടിയവനുമായ മോശയെ കണ്ടമാത്രയില്‍ ആക്രമിക്കാന്‍വന്ന ഇടയന്മാര്‍ ഓടി രക്ഷപ്പെട്ടു. പിന്നെ മോശ പെണ്‍കുട്ടികള്‍ക്കും അവരുടെ ആടുമാടുകള്‍ക്കും വെള്ളം കോരികൊടുക്കുകയും അവരെ സഹായിക്കുകയും ചെയ്തു.

തങ്ങളെ തക്ക സമയത്ത് സഹായിച്ച സുമുഖനും ആരോഗ്യവാനുമായ അപരിചിതനെ നോക്കിനിന്ന പെണ്‍കുട്ടികള്‍ അമ്പരന്നു പോയി.
നന്ദിയോടെ മോശയെ നോക്കി മന്ദഹസിച്ചുകൊണ്ട് അവരില്‍ മൂത്തവള്‍ സിഫോറാ പറഞ്ഞു.

“പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ ഗോത്രത്തില്‍പ്പെട്ട, ജെത്രോയുടെ മക്കളാണ് ഞങ്ങള്‍. ഞങ്ങള്‍ ഏഴു പേരാണ്. ഞങ്ങളുടെ പിതാവ് കൂടാരത്തിലുണ്ട്.”

സ്നേഹമുള്ളവരെ കണ്ടപ്പോള്‍ മോശയ്ക്കും സന്തോഷമായി. ചെയ്ത സഹായത്തിന് പുഞ്ചിരിച്ചുകൊണ്ട് നന്ദിപറഞ്ഞ പെണ്‍കുട്ടികള്‍ പരിഭ്രമത്തോടെ പിതാവിന്‍റെ പക്കലേയ്ക്ക് ഓടിപ്പോയി.

വെള്ളം കോരാനും ആടുകളെ തീറ്റുവാനും പോയ തന്‍റെ മക്കള്‍ പതിവിലും നേരത്തെ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവ് ജെത്രോ ചോദിച്ചു.
“ഇന്ന് നിങ്ങള്‍ പതിവിലും വളരെ നേരത്തെ തിരിച്ചെത്തിയത് എങ്ങനെ?”
അവര്‍ പറഞ്ഞു.
“മരുപ്രദേശത്തെ ഇടയന്മാര്‍ ഞങ്ങളെ ശല്യപ്പെടുത്താന്‍ വന്നു. ഈജിപ്തുകാരനായ ഒരാളാണ് അവരുടെ ആക്രമണത്തില്‍നിന്ന് ഞങ്ങളെ രക്ഷിച്ചത്. പിന്നെ അയാള്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളം കോരിത്തരുകയും,
നമ്മുടെ ആടുകള്‍ക്കും കുടിക്കാന്‍ വേണ്ടുവോളം വെള്ളം കൊടുക്കുകയും ചെയ്തു.
അപ്പോള്‍ ജെത്രോ ചോദിച്ചു,
“എന്നിട്ട് ഈ മനുഷ്യന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് അയാളെ വിട്ടിട്ടു പോന്നു. അവന് ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും കൊടുത്ത് നമ്മുടെ കുലത്തിന്‍റെ മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ..?”
അപ്പോള്‍ ജെത്രോയുടെ രണ്ടു മക്കള്‍ വന്ന് മരത്തണലില്‍ വിശ്രമിച്ചിരുന്ന മോശയെ തങ്ങളുടെ പിതാവിന്‍റെ ഹിതപ്രകാരം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ജെത്രോ സ്നേഹത്തോടെ അപരിചതനെ സ്വീകരിച്ചു. തന്‍റെ മക്കളോടു കാണിച്ച ഔദാര്യത്തിനും സഹായത്തിനും ധീരതയ്ക്കും
നന്ദി പറയുകയും ചെയ്തു. മോശയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംപ്രീതനായ ജെത്രോ അയാളെ തന്‍റെ ഭവനത്തിലെ ഒരംഗമായി സ്വീകരിച്ചു.

അങ്ങനെ മോശ അവരോടൊപ്പം മേദിയാനില്‍ താമസിക്കുവാനും ജെത്രോയുടെ വലിയ ആട്ടിന്‍ പറ്റങ്ങളില്‍ ഒന്നിനെ മേയിക്കുവാനും തുടങ്ങി.

ജെത്രോയും കുടുംബവും അബ്രാഹത്തിന്‍റെ വംശജരാണെന്ന് ഉല്പത്തി പുസ്തകം തെളിയിക്കുന്നു. സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറില്‍ അബ്രാഹത്തിനുണ്ടായ ഇസ്മായേലിന്‍റെ മക്കളാണ് ഇവര്‍.
(ഉല്പ്പത്തി 25, 12).

നാളുകള്‍ കഴിഞ്ഞപ്പോള്‍ മോശ ജെത്രോയുടെ മൂത്ത മകള്‍ സിഫോറായെ തന്‍റെ ഭാര്യയായി സ്വീകരിച്ചു.
അവളില്‍ ആയാള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. ‘താന്‍ പ്രവാസിയായി കഴിഞ്ഞപ്പോള്‍ ജനിച്ചവന്‍’ എന്ന അര്‍ത്ഥത്തില്‍ ഹെബ്രായ ഭാഷയില്‍ മോശ അവനു ‘ഗാര്‍ഷോം’ എന്നു പേരിട്ടു.
സ്നേഹ സമ്പന്നനായ ഗോത്ര പിതാവ്, ജെത്രോയോടും കുടുംബത്തോടുമൊപ്പം തനിക്കു സ്വത്തായി ലഭിച്ച ആടുമാടുകളെ മേയിച്ച് മോശ അവിടെ വളരെ സംതൃപ്തനായി പാര്‍ത്തു.

തന്‍റെ ജീവിതവും ഭാവിയും എല്ലാം, മേദിയാനില്‍ അവസാനിക്കുവാന്‍ പോകുന്നതുപോലെ മോശയ്ക്കു തോന്നി. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി വ്യത്യസ്തമായിരുന്നു.

കുറേക്കാലം കഴിഞ്ഞ് ഈജിപ്തിലെ ഫറവോ റാംസിസ് അന്തരിച്ചു. അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ രോദനം ദൈവസന്നിധിയില്‍ എത്തി. ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കുകയും, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മ്മിക്കുകയും ചെയ്തു. അവിടുന്ന് തന്‍റെ ജനത്തെ കടാക്ഷിച്ചു. അവരുടെ ദയനീയാവസ്ഥ അവിടുന്ന് പരിഗണിച്ചു.

റാംസീസ് രണ്ടാമന്‍ ഈജിപ്തിലെ ഫറവോ ആയി.
അപ്പോഴേയ്ക്കും 80-ാം വയസ്സില്‍ എത്തിയിരുന്ന മോശ, ഒരിക്കല്‍ ‘ഹൊറേബു മലംമ്പ്രദേശത്തെ പുല്‍പ്പുറങ്ങളില്‍ തന്‍റെ ആട്ടിന്‍ പറ്റത്തെ മേയിക്കുകയായിരുന്നു. സീനായ് മലയുടെ വിജനപ്രദേശമായ ഹൊറേബിനെ ‘കര്‍ത്താവിന്‍റെ മല’യെന്നാണ് വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ വിശേഷിപ്പിക്കുന്നത്.
പെട്ടന്ന് മൂശ അപൂര്‍വ്വമായൊരു ദൃശ്യം കണ്ടു. മുള്‍പ്പടര്‍പ്പിലെ ചെടികളില്‍ ഒന്നില്‍ തീ ആളിക്കത്തുന്നു. എന്നാല്‍ അഗ്നി വൃക്ഷത്തെ നശിപ്പിക്കുന്നില്ല! മോശയ്ക്ക് ആശ്ചര്യമായി. അപൂര്‍വ്വദൃശ്യം അടുത്തു കാണാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ആളിക്കത്തുന്ന തീയുടെ അടുത്തേയ്ക്കു മോശ ചെന്നു. മുള്‍പ്പടര്‍പ്പ് കത്തിജ്വലിക്കുന്നുണ്ടായിരുന്നു എങ്കിലും, അത് എരിഞ്ഞു ചാമ്പലാകുന്നില്ലായിരുന്നു.
അപ്പോള്‍ മുള്‍പ്പടര്‍പ്പിന്‍റെ മദ്ധ്യത്തില്‍നിന്നുകൊണ്ട് ദൈവം വിളിച്ചു.
“മോസസ്, മോസസ്.”
“ഇതാ ഞാന്‍.” മോശ പ്രത്യുത്തരിച്ചു.

യാവേ ഇങ്ങനെ അരുള്‍ചെയ്തു. “അടുത്തു വരരുത്. നിന്‍റെ ചെരിപ്പ് അഴിച്ചു മാറ്റുക. എന്തെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.”

എന്നിട്ട് തുടര്‍ന്നു.
“നിന്‍റെ പിതാക്കന്മാരുടെ ദൈവമാണു ഞാന്‍. അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം.” അപ്പോള്‍ മോശ കൈകൊണ്ട് തന്‍റെ മുഖം മറച്ചുകളഞ്ഞു. ദൈവത്തിന്‍റെ നേരെ നോക്കുവാന്‍ അയാള്‍ക്ക് ഭീതിയായിരുന്നു.”


കര്‍ത്താവു വീണ്ടും അരുള്‍ചെയ്തു.
“ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. ഈജിപ്ഷ്യന്‍ മേല്‍നോട്ടക്കാരുടെ ക്രൂരതമൂലം അവരില്‍നിന്ന് ഉയര്‍ന്നു വരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കയ്യില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു വിസ്തൃതവും സമൃദ്ധവുമായ, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേയ്ക്ക് – കാനാന്യര്‍, ഹീത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹീത്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേയ്ക്ക് – അവരെ നയിക്കുവാനുമാണ് ഞാന്‍ ഇറങ്ങി വന്നിരിക്കുന്നത്.”

കര്‍ത്താവ് വീണ്ടും അരുള്‍ചെയ്തു. “മോസസ്, മോസസ്, ഇസ്രായേല്‍ മക്കളുടെ നിലവിളി എന്‍റെ പക്കല്‍ എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്ന് ഞാന്‍ കാണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ പക്കലേയ്ക്ക് അയയ്ക്കുന്നു. എന്‍റെ ജനമായ ഇസ്രായേല്‍ മക്കളെ നീ ഈജിപ്തില്‍നിന്നും പുറത്തുകൊണ്ടുവരണം.”

ഈജിപ്തില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ ജനത്തിനായുള്ള ദൈവത്തിന്‍റെ വിമോചനത്തിന്‍റെ പദ്ധതികളോട് മോശ എപ്രകാരം പ്രതികരിക്കുമെന്ന് നമുക്ക് അടുത്ത പ്രക്ഷേപണത്തില്‍ ശ്രവിക്കാം.

ദൈവം നമ്മെ ഓരോരുത്തരെയും വിളിക്കുന്നുണ്ട്. ആ വിളിയോട് സത്യസന്ധമായി പ്രതികരിക്കുമ്പോള്‍ മാത്രമേ ദൈവിക പദ്ധതികള്‍
ഈ ലോകത്ത് പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. ദൈവത്തിന്‍റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാനും അതിന്‍റെ വെല്ലുവിളികള്‍ സ്വീകരിക്കാനുമുള്ള വലിയ ഉത്തരവാദിത്തം നമ്മില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്.









All the contents on this site are copyrighted ©.