2012-08-11 10:09:09

മ്യാന്‍മര്‍ : സഭൈക്യസമിതിയുടെ നേതൃത്വത്തില്‍ അനുരജ്ഞന ശ്രമങ്ങള്‍


10 ആഗസ്റ്റ് 2012, യാന്‍ങ്കോണ്‍
മ്യാന്‍മറിലെ സംഘര്‍ഷ മേഖലകളില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ ക്രൈസ്തവ സഭൈക്യ സമിതി മുന്നിട്ടിറങ്ങുന്നു. യാന്‍ങ്കോണില്‍ നടന്ന ക്രൈസ്തവസഭകളുടെ അന്തര്‍ദേശീയ ഉപദേശക സമിതിയോഗമാണ് സംഘര്‍ഷഭൂമിയില്‍ സമാധാന ശ്രമങ്ങള്‍ നടത്താന്‍ ക്രൈസ്തവ സമൂഹങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഭൈക്യ സമിതിയും(CCIA), സഭകളുടെ ലോകസമിതിയും(WCC), ഏഷ്യന്‍ ക്രൈസ്തവ സമിതിയും (CCA) സംയുക്തമായാണ് സമ്മേളനം നടത്തിയത്. “സമാധാനവും സുരക്ഷിതത്വവും അനുരജ്ഞന ശ്രമങ്ങളും മ്യാന്‍മറില്‍” എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ സമ്മേളനത്തില്‍ മ്യാന്‍മറിലെ പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഓങ് സാന്‍ സൂ ചി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അന്യരെ ആദരിക്കാനും സ്വീകരിക്കാനും തയ്യാറാവുകയും നാനത്വത്തിലെ ഏകത്വം അംഗീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഏതു സമൂഹത്തിനും സമാധാനവും സുരക്ഷിതത്വവും അനുരജ്ഞനവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സൂ ചി പ്രസ്താവിച്ചു. അനുരജ്ഞനം ഒരുഭാഗത്തു നിന്നു മാത്രം ആരംഭിക്കാന്‍ സാധിക്കില്ല. എന്നാല്‍ അനുരജ്ഞനം കൂടാതെ സമാധാനവും സുരക്ഷിതത്വവും ആര്‍ജ്ജിക്കാന്‍ കഴില്ലെന്നും അവര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.