2012-08-11 12:32:15

പങ്കുവയ്ക്കേണ്ട ആയുസ്സും അതിന്‍റെ നേട്ടങ്ങളും
12 ആഗസ്റ്റ് (സീറോ മലബാര്‍)


RealAudioMP3 വിശുദ്ധ ലൂക്കാ 16, 19-31.
നല്കുമ്പോഴാണ് ലഭിക്കുന്നത്
ധനികനെയും ലാസറിനെയും കുറിച്ച് ക്രിസ്തു പറഞ്ഞ ഉപമയാണ് സുവിശേഷത്തിലെ ചിന്താ വിഷയം. ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ രണ്ടു കീഴ്മേല്‍ മറിച്ചിലുകളുള്ള ഈ കഥയിലൂടെ സമ്പത്ത് വിനിയോഗിക്കുന്നതിലെ അവിശ്വസ്തതയാണ് കര്‍ത്താവ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത്.
ഈ ഭൂമിയില്‍ സ്വാര്‍ത്ഥനായി ജീവിച്ച സമ്പന്നന്‍ കര്‍ത്താവിന്‍റെ മുന്നില്‍ ശിക്ഷാര്‍ഹനായി മാറുന്നു. കഥയിലെ ലാസറെന്ന ദരിദ്രന്‍ സൗഭാഗ്യം അനുഭവിക്കുന്നു.

ജീവിതത്തിലെന്നപോലെ മരണത്തിലും ലാസറും ധനവാനും വേറിട്ടാണ് നില്ക്കുന്നത്. ധനികന്‍ മരിച്ചു, സംസ്കരിക്കപ്പെട്ടു. ലാസറും മരിച്ചു, എന്നാല്‍ അവര്‍ അയാളെ സംസ്കരിച്ചോ ഇല്ലയോ എന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അതെക്കുറിച്ച് കഥ മൗനം ഭജിക്കുന്നു. പക്ഷേ, ലാസറിനെയാവട്ടെ ദൈവദൂതന്മാര്‍ മരണാനന്തരം സംവഹിച്ചുകൊണ്ടുപോയി എന്നാണ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ധനികന്‍റെ അന്ത്യത്തെക്കുറിച്ച് വിശുദ്ധ ലൂക്കാ ഇങ്ങനെ എഴുതുന്നു. ധനികന്‍ മരിച്ചു, സംസ്ക്കരിക്കപ്പെട്ടു. ധനികന്‍റെ മരണത്തിലും ശവസംസ്കാരത്തിലും ദൈവദൂതന്മാരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. ജീവിതകാലത്ത് ഒത്തിരിയേറെ പേര്‍ ധനവാനെ പരിചരിക്കാനുണ്ടായിരുന്നു. മരണത്തില്‍ കൂട്ടായിരിക്കേണ്ട ദൈവദൂതന്മാര്‍ അയാളെ കൈവിട്ടിരിക്കുന്നു. സ്വാര്‍ത്ഥനായ ധനികന്‍റെ ജീവിതാന്ത്യം ശവസംസ്ക്കാരമാണ്. എന്നാല്‍ ലാസറിന്‍റെ മരണം അയാളുടെ ജീവിതത്തിന്‍റെ ആരംഭമാണ്. അയാള്‍ സംസ്ക്കരിക്കപ്പെടുകയല്ല, സംവഹിക്കപ്പെടുകയാണ്, ദൈവദൂതന്മാരാല്‍ നിത്യതയിലേയ്ക്ക് സംവഹിക്കപ്പെടുകയാണ്. സ്വര്‍ഗ്ഗ സൗഭാഗ്യത്തിലുള്ള ജീവിതം ലാസര്‍ അവിടെ ആരംഭിക്കുന്നു.

മരണാനന്തരം പാതാളത്തില്‍ കിടക്കുമ്പോഴും ധനികന്‍റെ ചിന്ത ലാസര്‍ തന്‍റെ വിളിപ്പുറത്തുള്ള ദാസനാണെന്നാണ്. ആദ്യം തന്‍റെ നാവു തണുപ്പിക്കാന്‍ ലാസറിനെ അയയ്ക്കണമെന്നും പിന്നീട് തന്‍റെ വീട്ടിലേയ്ക്ക് അവര്‍ക്കു താക്കീതു നല്കാന്‍ അവനെ വിടണം എന്നുമാണ് അയാള്‍ ആവശ്യപ്പെടുന്നത്. ഇതാണ് സ്വാര്‍ത്ഥരായ ധനികരുടെ പ്രശ്നം. അവര്‍ എല്ലാവരെയും തങ്ങളുടെ അടിമകളായി കാണുന്നു.
‘പിതാവായ അബ്രാഹമേ,’ എന്നാണ് ക്രിസ്തുവിന്‍റെ കഥയില്‍ ധനികന്‍ ദൈവത്തെ സംബോധനചെയ്തത്. ഏതര്‍ത്ഥത്തിലാണ് ഈ വിളി. രക്തബന്ധമനുസരിച്ച് അയാള്‍ അബ്രാഹത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയായിരിക്കാം. എന്നാല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ അതു പോരല്ലോ. ആദ്ധ്യാത്മിക ബന്ധംകൊണ്ട് മെനയുന്ന യുഗാന്ത കുടുംബത്തിലെ അംഗമല്ല അയാള്‍.
“ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട്,” എന്ന് പറഞ്ഞ് വീമ്പടിക്കേണ്ട എന്ന് സ്നാപകന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടതാണ്. ജ്ഞാനസ്നാന ജലം തലയില്‍ വീണതുകൊണ്ട് നമ്മളാരും ക്രിസ്തുവിന്‍റെ കുടുംബക്കാരനാകുന്നില്ല. യേശുവിന്‍റെ മനസ്സു തൊട്ടറിയുന്നവനും അവിടുത്തെ സുവിശേഷം ജീവിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി – ക്രിസ്തു ശിഷൃന്‍.

മരിച്ചവരില്‍നിന്നും ഒരുവന്‍ ഉത്ഥാനംചെയ്തു വന്നാല്‍പ്പോലും മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ചു ബോധ്യപ്പെടുത്താന്‍ പര്യാപ്തമായെന്നു വരില്ല. ആ ബോധ്യം കിട്ടണമെങ്കില്‍ അയാള്‍ തുറന്ന മനസ്സോടെ ദൈവിക സ്വരം കേള്‍ക്കുകയും ദൈവവചനം സ്വീകരിക്കുകയും വേണം. നിയമവും പ്രവാചകന്മാരും എന്നത് ദൈവവചനത്തിനുള്ള പര്യായപദമാണ്. നന്മയ്ക്ക് നിത്യതയോളം അനുഭവിക്കാവുന്ന സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ തിന്മ ആരെയും ദുഃഖത്തിലാഴ്ത്തുന്നു. കായേന്‍റെ ബലി ദൈവത്തിന് സ്വീകാര്യമായില്ല. അസൂയകൊണ്ട് മൂത്തവന്‍ കായേന്‍, ഇളയ സഹോദരന്‍ ആബേലിനെ കൊന്നു. ‘നിന്‍റെ സഹോദരന്‍ എവിടെ?’ എന്ന ദൈവത്തിന്‍റെ ചോദ്യത്തിന് ‘എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?’ എന്ന മറുചോദ്യമാണ് ലഭിക്കുന്നത്, എറിയപ്പെടുന്നത്.
‘ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനല്ല’ എന്ന നിലപാട് വളരെ മോശമാണ്. അവന്‍ വലുതായി എന്ന അസൂയയും തോന്നലുമാണ് സഹോദരന് എതിരായ ഒരു നിലപാടിന് കായേനെ പ്രേരിപ്പിക്കുന്നത്. അത് അസൂയയുടെ വളര്‍ച്ചയാണ്, പിന്നെ അവഗണനയും. വലുതായവനെ ഇല്ലാതാക്കുക, അതില്‍നിന്നാണ് കൊല്ലുവാനുള്ള മോഹം ഉയിര്‍കൊള്ളുന്നത്. ആരും വലുതാകാന്‍ പാടില്ല. വലുതാകുന്നവരൊക്കെ എന്‍റെ പ്രതിയോഗിയാണ്, പ്രത്യേകിച്ച് എന്‍റെ മേഖലയില്‍, ആരെങ്കിലും വളര്‍ന്നാല്‍ അവനെതിരെ നീങ്ങുന്ന മനസ്സ്, കായേന്‍റെ മനസ്സാണ്. കായേന്‍റെ മനസ്സ് മരിക്കണം.

അപരനില്‍ ഊന്നിനില്കുന്ന ചോദ്യമാണ് എപ്പോഴും പ്രസക്തം. എനിക്കെന്തു സംഭവിക്കും എന്നല്ല, എന്‍റെ സഹോദരന് എന്തു സംഭവിക്കും എന്നാണ്, ചിന്തിക്കേണ്ടത്. ആവശ്യക്കാരനായിരിക്കുന്ന,
വിശന്നു വലഞ്ഞിരിക്കുന്ന, മുറിപ്പെട്ടു കിടക്കുന്ന, എന്‍റെ പടിക്കല്‍ അവശനായി എത്തിയ സഹോദരന് എന്തു സംഭവിക്കും, എന്നു നാം ചിന്തിക്കണം.

‘സ്നേഹിക്കുക’ എന്നത് കല്പനയ്ക്കതീതമാണ്. കല്പിക്കാനാവാത്തത് സ്നേഹം മാത്രമാണ്.. അത് സ്വാതന്ത്ര്യത്തിന്‍റെ മണ്ണിലേ വിരിയൂ. സ്നേഹം ദൈവത്തില്‍ നിന്നുള്ളതാണ്, 1 യോഹ. 4, 10. സൂര്യവെളിച്ചം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നു. അത് കൊച്ചുവീട്ടിലും വലിയ വീട്ടിലും ഒരുപോലെ. അതുപോലെ ദൈവസ്നേഹം ഏവര്‍ക്കും ലഭിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള സ്നേഹം ദൈവത്തില്‍നിന്നുമുള്ളതാണ്. ദൈവത്തെ പിതാവായി കാണാന്‍ സാധിച്ച സമ്പന്നത അസ്സീസിയിലെ ഫ്രാന്‍സിസ്സിന് ലഭിച്ചപ്പോള്‍, അദ്ദേഹത്തിന് എല്ലാറ്റിനെയും സഹോദരനും സഹോദരിയുമായി കാണാന്‍ സാധിക്കുന്നു. നഷ്ടപ്പെട്ടത് പട്ടുതുണി, പട്ടുശാല മുതലായ സമ്പത്തുകളാണ്. അപ്പോള്‍ ദൈവത്തെ പിതാവായി കാണാന്‍ സാധിച്ച സമ്പന്നത. ഫ്രാന്‍സ്സിസ് കൈമുതലാക്കി. എവിടെ ക്ഷതമുണ്ടോ അവിടെ സാന്ത്വനം നല്കുക, കൊടുക്കുമ്പോഴാണ് കിട്ടുന്നത്, മരിക്കുമ്പോഴാണ് നിത്യതയില്‍ ജനിക്കുന്നത്, മരണത്തിലൂടെയാണ് നിത്യമായ ജീവനില്‍ പ്രവേശിക്കുന്നത്. ഫ്രാന്‍സിസിന്‍റെ സമ്പന്നത ഹൃദയവിശാലതയിലാണ്. ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചിട്ട് സ്വയം ഒന്നും ഇല്ലാത്തവനായി മാറി. ഒന്നും ഇല്ലാത്തവന്‍റെ ആത്മവിശ്വാസം ശ്രദ്ധേയമാണ്. അവന്‍ എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഉള്ളവന്‍ ഇനിയും കിട്ടണമെന്നാണ് ചിന്തിക്കുന്നത്, അതുകൊണ്ട് അവന്‍ കൊടുക്കുന്നില്ല. പിശുക്കും സ്വാര്‍ത്ഥതയുമാണ് അവനില്‍ വളരുന്നത്.

നിത്യചൈതന്യയതി, മദര്‍ തെരേസായെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്. ഭീകരമായ തിന്മയുടെ മുന്നില്‍ നില്ക്കുമ്പോള്‍ ദൈവമുണ്ടോ എന്നു ചോദിച്ചുപോകുന്നു. അതേ സമയം മദറിന്‍റെ കനിവിന്‍റെയും കാരുണ്യത്തിന്‍റെയും മുന്നില്‍ നില്കുമ്പോള്‍ എവിടെയും ദൈവമേ ഉള്ളൂ എന്നു അനുഭവവേദ്യമാകുന്നു. ദൈവിക സാന്നിദ്ധ്യം നന്മയിലൂടെയും കാരുണ്യത്തിലൂടെയുമാണ് അനുദിന ജീവിതത്തില്‍ ഈ ലോകത്ത് പങ്കുവയ്ക്കേണ്ടത്.

ദൈവത്തെ സ്നേഹിച്ചാല്‍പോര, ദൈവം സ്നേഹിക്കുന്നതുപോലെ നാമും സഹോദരങ്ങളെ സ്നേഹിക്കണം, എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ഉപകാരം ചെയ്യുന്നവന് പ്രത്യുപകാരം ചെയ്യുന്നതില്‍ എന്തു മഹത്വമാണുള്ളത്. സ്നേഹക്കുന്നവനോട് പ്രതിസ്നേഹം കാണിക്കുന്നതില്‍ എന്തു മേന്മയാണത്. സ്നേഹത്തിന്‍റെ മൂലധനം ഇല്ലാത്തിടത്ത് നിക്ഷേപിക്കാന്‍ സാധിക്കണം. പാവപ്പെട്ടവരുടെ പക്കലേയ്ക്കും, അവഗണിക്കപ്പെട്ടവരുടെ പക്കലേയ്ക്കും നാം പോകണം. ക്ലേശിക്കുന്നവരുടെ ജീവിത മേഖലയിലേയ്ക്ക് നാം കടന്നുചെല്ലണം.

ഈ ലോകത്തു നാം എന്തു സമ്പാദിച്ചെന്നോ, നേടിയെന്നോ എന്നതല്ല. നിത്യതയുടെ മാനദണ്ഡം.
എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്. ഈ എളിയവരെ നി‌ഷേധിച്ചപ്പോള്‍ നിങ്ങള്‍ എന്നെത്തന്നെയാണ് നിഷേധിച്ചത്. ദാഹിച്ചു വന്നപ്പോള്‍ നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു, നഗ്നനായിരുന്നപ്പോള്‍ വസ്ത്രം തന്നു, കാരാഗൃഹത്തിലായിരുന്നപ്പോള്‍ എന്നെ സന്ദര്‍ശിച്ചു, സഹോദരനോടുള്ള വലിയ കടപ്പാടിന്‍റെ പട്ടികയാണ് കര്‍ത്താവ് നിത്യതയുടെ മാനദണ്ഡമായി നമ്മുടെ മുന്നില്‍ അന്ത്യവിധിയില്‍ നിരത്തുന്നത്. എളിയവരെ അവഗണിക്കുന്നത് പാപമാണ്.

മരിച്ചു കഴിഞ്ഞിട്ടല്ല ഒരാല്‍ വിശുദ്ധനാകേണ്ടത്, ജീവിച്ചിരിക്കുമ്പോഴാണ്. നിത്യത ഇവിടെ ഇപ്പോള്‍ നാം തന്നെ തീരുമാനിക്കുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ് ആവേശത്തോടെ നമുക്ക് നന്മ ചെയ്യാനാവണം. നിത്യതയ്ക്കുവേണ്ടി ഒരുങ്ങുന്നവന്‍ സ്നേഹത്തിന്‍റെ ഭാഷയറിഞ്ഞാല്‍ സ്നേഹരാജ്യത്ത് എത്തുമെന്നതില്‍ സംശയമില്ല. മറുഭാഗത്ത് ഒന്നും പങ്കുവയ്ക്കാനാവാത്തവന്‍, പങ്കുവയ്ക്കലിന്‍റെ നാട്ടില്‍ അസ്ഥാനത്താകും എന്നാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മെ അനുസ്മരിപ്പിക്കുന്നത്.


ടാഗൂറിന്‍റെ രാജ ഭിക്ഷുവിനെ ഓര്‍മ്മിക്കുന്നില്ലേ. പ്രഭാതത്തില്‍ കിഴക്ക് സൂര്യകിരണങ്ങള്‍ വെള്ള കീറുമ്പോഴേ ഞാന്‍ ഭിക്ഷാടനത്തിനായി ഇറങ്ങിയിരുന്നു. വഴിയോരത്തിലൂടെ നടന്നു നീങ്ങുമ്പോള്‍, ഇതാ, സൂര്യപ്രഭയെ വെല്ലുമാറ് രാജാധിരാജന്‍ രഥത്തില്‍ എഴുന്നള്ളുന്നു. ഓ, അത് മഹാരാജാവാണ്. എന്‍റെ നേരെ വരുന്നതുപോലെ തോന്നി. അതേ, എന്‍റെ നേരെതന്നെ. ഞാന്‍ അമ്പരന്നുപോയി. രഥം എന്‍റെ അടുക്കല്‍ വന്നു നിന്നു. രാജാവ് രഥത്തിലിരുന്നുകൊണ്ട് തന്‍റെ കൈവശമുണ്ടായിരുന്ന പാത്രം എന്‍റെ നേരേ നീട്ടി. രാജാവ് ഭിക്ഷചോദിക്കയോ.... എന്ത്? ഇത് രാജഭിക്ഷുവോ...?
പിന്നെ ഞാന്‍ മടിച്ചു നിന്നില്ല, എന്‍റെ ഭിക്ഷാപാത്രത്തില്‍നിന്നും ഒരു ചെറുനുള്ള് ധാന്യം എടുത്ത് ഞാന്‍ രാജാവിന്‍റെ പാത്രത്തില്‍ നിക്ഷേപിച്ചു. രാജാവ് എന്നെ നോക്കി മന്ദഹസിച്ചു. രഥത്തിന്‍റെ ചക്രങ്ങള്‍ ഉരുണ്ടു, രാജാധി രാജന്‍ യാത്രയായി.

അല്പ സമയം കഴിഞ്ഞ് ഞാന്‍ എന്‍റെ ഭിക്ഷാപാത്രത്തിലേയ്ക്കു നോക്കി. ദാ, ഒരത്ഭുതം! ഞാന്‍ കൊടുത്ത അത്രത്തോളം ധാന്യം സ്വര്‍ണ്ണമണികളായി മാറിയിരിക്കുന്നു. കൂടുതല്‍ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. നല്കുമ്പോഴാണ് ലഭിക്കുന്നത്.








All the contents on this site are copyrighted ©.