2012-08-10 15:25:20

മുതിര്‍ന്നവര്‍ക്കും മതബോധനം ആവശ്യം: ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍


10 ആഗസ്റ്റ് 2012, ഡബ്ലിന്‍
കത്തോലിക്കാ മതബോധനം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ആവശ്യമാണെന്ന് ഡബ്ലിന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യുഡ് മാര്‍ട്ടിന്‍. അയര്‍ലണ്ടില്‍ മതനിരപേക്ഷത വര്‍ദ്ധിച്ചുവരുന്നു എന്ന പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. അയര്‍ലണ്ടില്‍ മതവിശ്വാസം ഉള്ളവര്‍ വെറും 47% മാത്രമാണ് എന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച്ച പുറത്തുവന്നിരുന്നു. വിശ്വാസ പരിശീലനത്തിന്‍റെ അപര്യാപ്തതയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള വിശ്വാസ കൈമാറ്റം സ്വാഭാവികമായി സംഭവിക്കുമെന്നു കരുതി നിഷ്ക്രിയമായിരിക്കാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കില്ലെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. കുട്ടികളുടെ മതബോധനത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കിയപ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസ പരിശീലനത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയെന്നും അദ്ദേഹം സൂചിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന വിശ്വാസ വത്സരം ഇടവക തലത്തിലുള്ള മതബോധനം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സമുചിതമായ അവസരമായി പരിഗണിക്കണമെന്ന് അദ്ദേഹം ഇടവക വൈദികരോട് ആവശ്യപ്പെട്ടു. ഡബ്ലിനില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ക്രൈസ്തവര്‍ പ്രകടിപ്പിച്ച ആവേശവും ഉത്സാഹവും അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ്, വിശ്വാസ സമൂഹം ആ ആവേശം എന്നും കാത്തുസൂക്ഷിക്കാന്‍ ക്രൈസ്തവ നേതാക്കള്‍ ജാഗ്രത വേണ്ടത്ര പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.