2012-08-09 17:17:08

ഹിരോഷിമാ-നാഗസാക്കി ദുരന്ത സ്മരണ
മാനവരാശിയുടെ ദൈവസന്നിധിയിലെ പ്രാര്‍ത്ഥന


9 ആഗസ്റ്റ് 2012, നാഗസാക്കി
സമാധാനത്തിനുള്ള മാനവരാശിയുടെ പ്രാര്‍ത്ഥനയാണ് ഹരോഷിമാ-നാഗസാക്കി അണുബോംബ് ദുരന്തത്തിന്‍റെ സ്മരണയെന്ന് മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ
മുന്‍-സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പിയെര്‍ ലൂയിജി ചെലാത്താ പ്രസ്താവിച്ചു.
67 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അണുബോംബു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി ആഗസ്റ്റ്
9-ാം തിയതി വ്യാഴാഴ്ച രാവിലെ നാഗസാക്കി ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കവേയാണ്, ആര്‍ച്ചുബിഷപ്പ് ലൂയിജി ചെലാത്ത ആമുഖമായി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
1945-ല്‍ ജപ്പാനിലുണ്ടായ നീചമായ, ക്രൂരമായ അണുബോംബു സ്ഫോടനം കാരുണ്യത്തിന്‍റെയും ക്ഷമയുടെയും, സ്നേഹത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മിശ്രവികാരങ്ങള്‍ ഇന്ന് മനുഷ്യഹൃദയങ്ങളില്‍ ഉയര്‍ത്തുകയും, മാനവരാശിയെ സമാധാനത്തിന്‍റെ പാതയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ചെലാത്ത പ്രസ്താവിച്ചു.

ശാശ്വതമായ സമാധാനത്തിന്‍റെ സ്രോതസ്സ് ദൈവമാണെന്നും അവിടുന്നാണ് സകലരെയും വിശ്വസാഹോദര്യത്തിലേയ്ക്ക് ക്ഷണിക്കുന്നതെന്നും ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുമ്പോള്‍, ക്രിസ്തു തന്‍റെ കുരിശു മരണത്തിലൂടെ ആര്‍ജ്ജിച്ച ദൈവ-മനുഷ്യ അനുരഞ്ജനം ഏവരെയും വിശ്വസാഹോദര്യത്തിന്‍റെ ശാന്തിമാര്‍ഗ്ഗത്തിലേയ്ക്ക് ഇന്നും മാടിവിളിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ചെലാത്താ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.