2012-08-07 17:32:57

യേശു ജീവന്‍റെ അപ്പം


06 ആഗസ്റ്റ് 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ (05 ആഗസ്റ്റ് 2012) പ്രസക്ത ഭാഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്‍കിയതിനു ശേഷം യേശു കഫര്‍ണാമില്‍വച്ചു നടത്തിയ വിഖ്യാതമായ പ്രഭാഷണം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യോഹ. 6 : 25-33) . യേശു അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയതിനെ തുടര്‍ന്ന് യേശുവിനെ രാജാവാക്കാന്‍ ജനക്കൂട്ടം ശ്രമിച്ചു. അവര്‍ തന്നെ രാജാവാക്കാന്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ യേശു അവിടെ നിന്നും തനിയെ മലമുകളിലേക്കു പിന്‍മാറി. ദൈവത്തോടൊത്ത്, പിതാവിനൊടൊത്തായിരിക്കാന്‍ മലമുകളിലേക്കു പോയ യേശു പിന്നീട് കഫര്‍ണാമിലേക്കു യാത്രയായി. യേശുവിനെ കാണാതായപ്പോള്‍ ജനം അവിടുത്തെ അന്വേഷിച്ചിറങ്ങി. വള്ളത്തില്‍ കയറി തടാകത്തിന്‍റെ മറുകരയിലെത്തിയ അവര്‍ ഒടുവില്‍ യേശുവിനെ അവിടെ കണ്ടെത്തി. അവര്‍ ഏറെ ഉത്സാഹത്തോടെ തന്നെ അനുഗമിക്കുന്നതെന്തുകൊണ്ടാണെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. അവിടുന്ന് അത് അവരോട് വ്യക്തമായി പറയുന്നുമുണ്ട്. യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ്.”(യോഹ. 6 : 26)

ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് ആവശ്യമാണെങ്കിലും അതിനേക്കാള്‍ പ്രാധാന്യമേറിയ കാര്യങ്ങളെക്കുറിച്ച് അവര്‍ക്കു മനസിലാക്കിക്കൊടുക്കാന്‍ യേശു ആഗ്രഹിച്ചു. ഭക്ഷണവും വസ്ത്രവും തൊഴിലും ഉറപ്പുവരുത്തുക എന്നതിനേക്കാളുപരിയായി മാനുഷിക അസ്തിത്വത്തിന്‍റെ ഉന്നതമായ തലങ്ങളിലേക്ക് യേശു അവരെ നയിക്കുകയാണ്. “നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍.”(യോഹ. 6 : 27) എന്ന് യേശു അവരോടാവശ്യപ്പെട്ടു.
ജനത്തിന് യേശുവിന്‍റെ വാക്കുകളുടെ അര്‍ത്ഥം മനസിലായില്ല. തങ്ങള്‍ ദൈവകല്‍പനകള്‍ പാലിച്ചെങ്കില്‍ മാത്രമേ യേശു അത്ഭുതപ്രവര്‍ത്തികള്‍ തുടരുകയുള്ളൂവെന്ന് അവര്‍ കരുതി. അതുകൊണ്ട് അവര്‍ അവനോടു ചോദിച്ചു “ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തുചെയ്യണം?”(യോഹ. 6 : 28) യേശു അവര്‍ക്കു വ്യക്തമായ മറുപടി നല്‍കി. “ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തി. അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.”(യോഹ. 6 : 29). ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച മനുഷ്യാസ്തിത്വത്തിന്‍റെ കേന്ദ്രമാണ്. പലപ്പോഴും ആയാസകരമായ ഈ ജീവിത യാത്രയ്ക്ക് അര്‍ത്ഥം നല്‍കുന്നതും പ്രത്യാശ പകരുന്നതും യേശുവിലുള്ള വിശ്വാസമാണ്.
“നിത്യജീവന്‍ പ്രാപിക്കാന്‍ ഞങ്ങള്‍ എന്തുചെയ്യണം?” എന്ന ചോദ്യം നാമും ഉന്നയിക്കാറുണ്ട്. “എന്നില്‍ വിശ്വസിക്കുവിന്‍” എന്ന് യേശു നമ്മോടും പറയുന്നു. വിശ്വാസമാണ് ജീവിതത്തിന്‍റെ അടിസ്ഥാനം. ഒരു ആശയമോ പദ്ധതിയോ പിന്തുടരുകയല്ല , പ്രത്യുത, സജീവനായ ക്രിസ്തുവുമായുള്ള നമ്മുടെ കൂടിക്കാഴ്ച്ചയാണത്. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി നാം നമ്മെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. മാനുഷികാനുഭവങ്ങളുടെ സീമകള്‍ കടന്നുകൊണ്ട് ദൈവികാനുഭവത്തിലേക്കു പ്രവേശിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. വിശ്വാസത്തിന്‍റെ മണ്ഡലത്തിലേക്കാണ് നാം പ്രവേശിക്കേണ്ടത്. യേശു നമ്മോട് ആവശ്യപ്പെടുന്നത് ദൈവിക പദ്ധതി സ്വീകരിക്കാന്‍; “ദൈവം അയച്ചവനില്‍ വിശ്വസിക്കാന്‍” മാത്രമാണ്.
ഇസ്രായേല്‍ ജനത്തിന് മോശ മന്ന നല്‍കി. ദൈവം തന്‍റെ ജനത്തിനു നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പമായിരുന്നു അത്. എന്നാല്‍ യേശു നമുക്കായി നല്‍കുന്നത് ഒരു വസ്തുവല്ല, തന്നെത്തന്നെയാണ്: യേശു തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം. പിതാവിന്‍റെ ജീവനുള്ള വചനമായ ക്രിസ്തുവില്‍ സജീവനായ ദൈവത്തെ നാം കണ്ടുമുട്ടുന്നു.

“ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തുചെയ്യണം?”(യോഹ. 6:28) എന്നു ചോദിച്ച ജനം, യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതം തുടരുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ യഥാര്‍ത്ഥമായ ജീവന്‍റെ അപ്പമായ യേശു ജീവിതത്തിന്‍റെ അര്‍ത്ഥവും സത്യവും കണ്ടെത്താനുള്ള നമ്മുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്നു. എന്നാല്‍ മാനുഷിക പ്രയത്നം കൊണ്ടു മാത്രം ഈ അപ്പം നേടാന്‍ സാധിക്കില്ല. നാം ദൈവത്തോടു ചോദിച്ചു സ്വന്തമാക്കേണ്ട ദൈവികദാനമാണത്. ദൈവിക സ്നേഹത്തിന്‍റെ സമ്മാനമായി അവിടുന്ന് നമ്മുടെ പക്കലെത്തുന്നു.

പ്രിയ സഹോദരരേ, അനുദിന ജീവിതത്തില്‍ അപ്പം ഭക്ഷിച്ച് ശക്തിനേടുന്നത് സുപ്രധാനമാണ്. എന്നാല്‍ അതിലേറെ പ്രധാനപ്പെട്ടതാണ് ക്രിസ്തുവിലുള്ള വിശ്വാസം വഴിയായി ദൈവവുമായുളള ബന്ധത്തില്‍ വളരുകയെന്നത്. ആകുലതകളും പ്രശ്നങ്ങളും നിറഞ്ഞ ദിനങ്ങളിലെന്നപോലെ തന്നെ വിശ്രമത്തിന്‍റേയും ഉല്ലാസത്തിന്‍റേയും ദിവസങ്ങളിലും കര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെയാണ്. സത്യത്തിനും സ്നേഹത്തിനുമായുള്ള നമ്മുടെ ഹൃദയാഭിലാഷം പൂര്‍ത്തീകരിക്കുന്ന ജീവന്‍റെ അപ്പമാണ് ക്രിസ്തു.
വിശ്വാസത്തിന്‍റെ ഈ യാത്രയില്‍ പരിശുദ്ധ കന്യകാമറിയം നമുക്കു തുണയായിരിക്കട്ടെ,

(Extract from the Angelus Discourse of His Holines Pope Benedict XVI on 05th August 2012 in Castel Gandolofo)











All the contents on this site are copyrighted ©.