2012-08-07 17:08:27

മാര്‍പാപ്പയുടെ ലെബനോന്‍ സന്ദര്‍ശനം ഇറാക്കിലെ ക്രൈസ്തവര്‍ക്കും പ്രത്യാശ പകരും : ബാഗ്ദാദിലെ മെത്രാന്‍


07 ആഗസ്റ്റ് 2012, ബാഗ്ദാദ്
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലെബനോനിലേക്കു നടത്തുന്ന പര്യടനം ഇറാക്കിലെ ക്രൈസ്തവര്‍ക്കും ധൈര്യവും പ്രത്യാശയും പകരുമെന്ന് ബാഗ്ദാദിലെ സഹായ മെത്രാന്‍ ബിഷപ്പ് ശെലമോന്‍ വാറുണ്ടി. മാര്‍പാപ്പയുടെ ല‍െബനോന്‍ സന്ദര്‍ശനത്തിനായി ഇറാക്കിലെ ക്രൈസ്തവരും ആനന്ദത്തോടെ‍ കാത്തിരിക്കുകയാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പ്രസ്താവിച്ചത്. മധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള സിനഡുസമ്മേളനത്തിന്‍റെ സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ സെപ്തംബര്‍ 14ാം തിയതി മുതല്‍ 16ാം തിയതി വരെ ലെബനോനില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്.
മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഏറെ പ്രതീക്ഷകളോടെയാണ് ഇറാക്കിലെ കത്തോലിക്കാ സഭ മാര്‍പാപ്പയുടെ ലെബനനോന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നതെന്ന് ബിഷപ്പ് വാറുണ്ടി പ്രസ്താവിച്ചു. മധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള സിനഡുസമ്മേളനത്തില്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള സംവാദത്തെക്കുറിച്ച് ഏറെ പരാമര്‍ശിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. മാര്‍പാപ്പ ലെബനനോന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇസ്ലാം പ്രതിനിധികളോടു കൂടിക്കാഴ്ച്ച നടത്തുന്നത് മതാന്തസംവാദത്തിന് കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.