2012-08-07 17:21:05

ഗുരുദ്വാരയിലെ വെടിവെയ്പ്പ് : അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ അനുശോചനം രേഖപ്പെടുത്തി


07 ആഗസ്റ്റ് 2012,
ഓക്‌ക്രീക്കിലെ സിഖ് ഗുരുദ്വാരയില്‍ നടന്ന വെടിവെയ്പ്പില്‍ ആറു സിഖുകാര്‍ മരിച്ച സംഭവത്തില്‍ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ വേദനിക്കുന്ന സിഖ് സഹോദരരുടെ വേദനയില്‍ കത്തോലിക്കരും പങ്കുചേരുന്നുവെന്ന് ബാല്‍ത്തിമോര്‍ രൂപതയുടെ സഹായമെത്രാന്‍ ഡെനിസ് മാഡെന്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും മെത്രാന്‍മാര്‍ അനുശോചനം രേഖപ്പെടുത്തി.

വെടിവെയ്പ്പില്‍ മരിച്ചവര്‍ക്കായി ഇന്ത്യയില്‍ സുവര്‍ണക്ഷേത്രമുള്‍പ്പെടെയുള്ള സിഖ് മതസ്ഥാപനങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ തിങ്കളാഴ്ച ഡല്‍ഹിയിലെ ഒരു ഗുരുദ്വാരയിലെത്തി പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു. ഒരു ആരാധനാലയത്തില്‍ ഇങ്ങനെ സംഭവിച്ചതില്‍ അമേരിക്കയ്ക്ക് അതിയായ ഖേദമുണ്ടെന്നും നാന്‍സി പവല്‍ പറഞ്ഞു.

ഗുരുദ്വാരയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ വെടിവെയ്‌പ്പില്‍ നടുക്കം പ്രകടിപ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ അമേരിക്ക സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവയ്‌പില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മന്‍മോഹന്‍ സിംങ്ങ് ഈശ്വരാരാധനയ്‌ക്കായി ഒത്തുകൂടിയ ആളുകളെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം നിസാരമല്ലെന്നും പ്രസ്താവിച്ചു. ആരാധനാലയങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ സാധാരണ ആക്രമണങ്ങളെക്കാള്‍ വേദനയുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാര്‍ത്ഥാനാലയത്തില്‍ നടന്ന ക്രൂരമായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്ന് നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു സാധിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രത്യാശ പ്രകടിപ്പിച്ചു.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും സംഭവത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സിഖ് മതവിശ്വാസികളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിക്കുമെന്ന് ഒബാമ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി.

അതിനിടെ, ഓക് ക്രീക്കിലുള്ള ഗുരുദ്വാരയില്‍ ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ സിഖ് മതവിശ്വാസികള്‍ക്കു നേരേ വെടിവെപ്പ് നടത്തിയത് മുന്‍ യു.എസ്. സൈനികനും വെള്ളക്കാരുടെ വംശീയ സംഘടനാ പ്രവര്‍ത്തകനുമായ വെയ്ഡ് മൈക്കേല്‍ പേജാണെന്ന് അമേരിക്കന്‍ പൊലീസ് വെളിപ്പെടുത്തി. ഞായറാഴ്ചത്തെ പതിവു പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറേ സിഖ് വിശ്വാസികള്‍ ഗുരുദ്വാരയിലുണ്ടായിരുന്നു. ഗുരുദ്വാരയുടെ പ്രസിഡന്റും പുരോഹിതനുമുള്‍പ്പെടെയുള്ള ആറു സിഖ് വംശജരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മൈക്കേലിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. ആഭ്യന്തര തീവ്രവാദമായി പരിഗണിച്ചാണ് യു.എസ്. അധികൃതര്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.








All the contents on this site are copyrighted ©.